നൂറുകണക്കിന് പേർക്ക് വൈദ്യസഹായവും സേവനവുമേകി കുവൈത്തിൽ മെഡിക്കൽ ക്യാന്പ്
Saturday, March 16, 2019 5:11 PM IST
അബാസിയ, കുവൈത്ത് : വിദഗ്ധരായ ഡോക്ടർമാരെ കാണാനും രോഗനിവൃത്തി വരുത്താനും കുവൈത്തിലെ സ്വകാര്യ , സർക്കാർ ആശുപത്രികൾ അപ്രാപ്യമായ പാവങ്ങളായ നൂറുകണക്കിന് പേർക് ആശ്വാസത്തിന്‍റെ വൈദ്യ സഹായമൊരുക്കി കെകെഎംഎ യും ഇന്ത്യൻ ഡോക്ടർസ് ഫോറവും ചേർന്ന് ഒരുക്കിയ സൗജന്യ മെഡിക്കൽ സ്ക്രീനിംഗ് ക്യാമ്പ് സമാപിച്ചു.

ലോക കിഡ്നി ദിനാചരണത്തിന്‍റെ ഭാഗമായി അബാസിയയിലെ പാകിസ്ഥാൻ എക്സൽ ഇംഗ്ലീഷ് സ്കൂളിൽ നടന്ന ക്യാന്പിൽ 1000 ലേറെ പേർ അവരുടെ ആരോഗ്യ പ്രശ്നങ്ങൾക്കു പരിഹാരം തേടിയെത്തി . രാവിലെ ഏഴിന് ക്യാന്പിലെത്തിയവർക്ക് ഷുഗർ, പ്രഷർ , കൊളസ്‌ട്രോൾ, ഇസിജി , അൾട്രാ സൗണ്ട് പരിശോധന നൽകി . തുടർന്ന് 30 ലേറെ മുറികളിലായി സജ്ജീകരിച്ച പരിശോധനാ മുറികളിൽ ഡോക്ടർമാർ രോഗപരിശോധന നടത്തി.

ഇന്ത്യൻ ഡോക്ടർ ഫോറം, ഇന്ത്യൻ ഡന്‍റൽ അലയൻസ് അസോസിയേഷൻ കുവൈത്ത്, ഹാർട്ട് ഫൗണ്ടേഷൻ , മെട്രോ മെഡിക്കൽ കെയർ തുടങ്ങിയ സ്ഥാപനങ്ങളിൽ നിന്നുള്ള 40 ലേറെ വിവിധ വിഭാഗങ്ങളിലെ വിദഗ്ധരായ ഡോക്ടർമാർ ക്യാന്പിൽ പരിശോധന നടത്തി ആവശ്യമായ വൈദ്യ സഹായവും ഉപദേശ നിർദേശങ്ങളും നൽകി . ഇന്ത്യൻ നഴ്സസ് ഫെഡറേഷൻ കുവൈത്ത്‌ , ,ഇന്ത്യൻ ഒപ്താൽമിക് അസോസിയേഷൻ , കുവൈറ്റ് മെഡിക്കൽ അസോസിയേഷൻ , ദസ്മാൻ ഡയബറ്റിക് സെന്‍റർ എന്നീ സ്ഥാപനങ്ങളിൽനിന്നുള്ള നൂറിലേറെ പാരാമെഡിക്കൽ ജീവനക്കാർ വിവിധ അനുബന്ധ സേവനങ്ങളിലൂടെ ക്യാമ്പിനെത്തിയവരുടെ പ്രീതിക്കിരയായി. വിവിധ പരിശോധനകൾക്കായി 12 മണിക്കൂർ നിരാഹാരവുമായി എത്തിയവർക്ക് ലഘു ഭക്ഷണവും കെ കെഎംഎ അബാസിയ ബ്രാഞ്ച് സ്നേഹ മധുര ചായയും മെട്രോ മെഡിക്കൽ സെൻട്രൽ കുടി വെള്ളവും നൽകി .

ഇന്ത്യൻ സെൻട്രൽ സ്കൂൾ പ്രിൻസിപ്പൽ ഡോ. ശാന്ത മറിയം മെഡിക്കൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ ഇബ്രാഹിം കുന്നിൽ അധ്യക്ഷത വഹിച്ചു. കെ കെ എം എ പ്രസിഡന്‍റ് എ.പി. അബ്ദുൽസലാം ,ഇന്ത്യൻ ഡോക്ടർസ് ഫോറം പ്രസിഡന്‍റ് ഡോ. സുരേന്ദ്ര നായക് , ഇന്ത്യൻ ഡന്‍റൽ അലയൻസ് മുൻ പ്രസിഡന്‍റ് ഡോ. പ്രതാപ് ഉണ്ണിത്താൻ , ഐഡിഎഫ് കമ്മ്യൂണിറ്റി സെക്രട്ടറി ഡോ. സണ്ണി വർക്കി , മെട്രോ മെഡിക്കൽ കെയർ സിഇഒ ഹംസ മുസ്തഫ എന്നിവർ പ്രസംഗിച്ചു.

ചടങ്ങിൽ ഹെൽത്ത് ഡയറക്ടറി ഐ ഡി എഫ് മുൻ പ്രസിഡന്‍റ് ഡോ. അമീർ അഹമ്മദിന് ആദ്യ പ്രതി നൽകി കൊണ്ട് കെ കെ എം എ രക്ഷാധികാരി സഗീർ തൃക്കരിപ്പൂർ പ്രകാശനം ചെയ്തു . മികച്ച സേവനങ്ങൾ അർപ്പിച്ച ഇന്ത്യൻ ഡോക്ടർസ് ഫോറം , ഇന്ത്യൻ ഡന്‍റൽ അലയൻസ് , ഇന്ത്യൻ നഴ്സസ് അസോസിയേഷൻ, കുവൈത്ത്, ഹാർട്ട് ഫൗണ്ടേഷൻ, ഇന്ത്യൻ ഒപ്‌റ്റോമെട്രിക് അസോസിയേഷൻ , കെ എൻ പി സി എന്നീ സ്ഥാപനങ്ങൾക്കും ഡോ. പ്രതാപ് ഉണ്ണിത്താൻ , അബ്ദുൽമജീദ് നഹ , മാജിക് പരിപാടി അവതരിപ്പിച്ച കെ പി ആർ തിരൂർ എന്നിവർക്ക് സഗീർ തൃക്കരിപ്പൂർ , അലി മാത്ര , അബ്ദുൽ ഫത്താഹ് തയ്യിൽ , കെ ബഷീർ , ഹംസ പയ്യന്നൂർ , ദോ സുരേന്ദ്ര നായക് എന്നിവർ ഉപഹാരങ്ങൾ സമ്മാനിച്ചു . കെകെഎംഎ ജനറൽ സെക്രട്ടറി കെ.സി റഫീഖ് സ്വാഗതവും വർക്കിംഗ് പ്രസിഡന്‍റ് ബി.എം. ഇക്ബാൽ നന്ദിയും പറഞ്ഞു.

പി. അക്‌ബർ സിദ്ദീഖ് , കെ ബഷീർ , കെ.സി. ഗഫൂർ ,സംസം റഷീദ് , വി.കെ. ഗഫൂർ , ഷഹീദ് ലബ്ബ കെ.സി. കരീം , മജീദ് റവാബി , അബ്ദുൽ ഹമീദ് മുൾകി , പി.എം. മുഹമ്മദ് ശരീഫ് , അഷ്‌റഫ് മാങ്കാവ്, വി.കെ. നാസർ തുടങ്ങിയവർ ക്യാന്പിന് നേതൃത്വം നൽകി .

റിപ്പോർട്ട്: സലിം കോട്ടയിൽ