ഗാർഹികത്തൊഴിലാളിയുടെ ദുരിതകഥക്ക് ശുഭാന്ത്യം, മലയാളി വനിതകൾ ശനിയാഴ്ച നാട്ടിലേക്ക്
Thursday, March 21, 2019 8:54 PM IST
കുവൈത്ത് സിറ്റി: കഴിഞ്ഞദിവസം മുതൽ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ച ഗാർഹികത്തൊഴിലാളിയുടെ ദുരിതകഥക്ക് ശുഭാന്ത്യം. കെകെഎംഎ മാഗ്നറ്റ് ടീം അംഗം ബഷീർ ഉദിനൂർ, ജി.കെ.പി.എ കോർ അഡ്മിൻ മുബാറക് കാമ്പ്രത്ത്, യൂത്ത് ഇന്ത്യ കുവൈത്ത് വോളന്‍റിയർ നസീർ പാലക്കാട് എന്നിവർ സുർറയിലെ സ്പോൺസറുടെ വീട്ടിലെത്തി നടത്തിയ ചർച്ചയിലാണ് രണ്ട് മലയാളി ഗാർഹികത്തൊഴിലാളികൾക്ക് നാടണയാൻ വഴിയൊരുങ്ങിയത്.

ഗാർഹികത്തൊഴിലാളി വീസയിലെത്തി ദുരിതാവസ്ഥയിലായ വർക്കല സ്വദേശി സരിത, ചിറയിൻകീഴ് സ്വദേശി റെജിമോൾ എന്നിവരുടെ വീഡിയോആണ് സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചത്. ഇവരെ കൊണ്ടുവന്ന ഏജന്‍റ് കുമാറിനെ വിളിച്ചുവരുത്തി സ്പോൺസറുമായും അവരുടെ സഹോദരിയുമായും സംസാരിച്ചതിനെ തുടർന്നാണ് തൊഴിലാളികളെ നാട്ടിലേക്ക് കയറ്റി അയയ്ക്കാൻ ധാരണയായത്. ശനിയാഴ്ചത്തെ ഒമാൻ എയർവേയ്സിൽ മസ്കറ്റ് വഴി നാട്ടിലേക്ക് പോകാൻ ഇവർ ടിക്കറ്റ് എടുത്തിട്ടുണ്ട്.

അതേസമയം, ഇത്തരം വീഡിയോകൾ വ്യാപകമായി പ്രചരിപ്പിക്കുന്നത് ഇരകൾക്കുതന്നെ അപകടമുണ്ടാക്കുമെന്നും രഹസ്യമായി സന്നദ്ധ പ്രവർത്തകർക്കും അധികൃതർക്കും എത്തിച്ച് ഇടപെടുന്നതാവും കൂടുതൽ ഫലപ്രദമെന്നും വിഷയത്തിൽ ഇടപെട്ട് പരിഹാരമുണ്ടാക്കിയ സാമൂഹികപ്രവർത്തകർ സൂചിപ്പിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ