ഇശല്‍ നിലാവ് അവിസ്മരണീയമായി
Saturday, March 23, 2019 4:21 PM IST
ദോഹ : സംഗീതം സാമൂഹ്യ സൗഹാര്‍ദ്ധത്തിന് എന്ന ആശയവുമായി മീഡിയപ്ലസ് സംഘടിപ്പിച്ച ഇശല്‍ നിലാവ് സംഘാടക മികവുകൊണ്ടും പരിപാടിയുടെ വൈവിധ്യം കൊണ്ടും ഖത്തറിലെ ഇന്ത്യന്‍ കള്‍ചറല്‍ സെന്‍റര്‍ അശോകാ ഹാളിലെ നിറഞ്ഞ സദസിന് അവിസ്മരണീയമാനുഭവമായി.

ഏകമാനവികതയുടേയും മനുഷ്യ സ്‌നേഹത്തിന്‍റേയും ഉന്നത മൂല്യങ്ങള്‍ ഉദ്‌ഘോഷിക്കുന്ന പുതിയതും പഴയതുമായ ഇശലുകളുമായി അനുഗ്രഹീത ഗായകര്‍ അണി നിരന്നപ്പോള്‍ സംഗീതാസ്വാദനത്തോടൊപ്പം മാനവികതയുടെ വികാരവും സദസിനെ ഹര്‍ഷപുളകിതരാക്കി. വര്‍ണ വര്‍ണ വൈവിധ്യങ്ങള്‍ക്കക്കപ്പുറം മാനവരാശി ഒറ്റക്കെട്ടായി നിലകൊള്ളണമെന്ന സന്ദേശം അടിവരയിടുന്ന എന്തെല്ലാം വര്‍ണങ്ങള്‍ എന്ന മനോഹര ഗാനത്തോടെയാണ് ഇശല്‍ നിലാവ് തുടങ്ങിയത്. തുടര്‍ന്നങ്ങോട് പ്രണയവും സൗഹൃദവും സഹകരണവുമൊക്കെ തൊട്ടുണര്‍ത്തുന്ന വ്യതിരിക്തമായ ഗാനങ്ങളുടെ ഇശല്‍ മഴ പെയ്തിറങ്ങിയപ്പോള്‍ സദസും സംഘാടകരും സായൂജ്യമടഞ്ഞു.

ചടങ്ങില്‍ മാപ്പിളപ്പാട്ട് രംഗത്ത് ശ്രദ്ധേയനായ ഫാ. സേവേറിയോസ് തോമസിന് സാന്നിധ്യമായിരുന്നു പരിപാടിയുടെ മുഖ്യാകര്‍ഷണം. പുതുമയുള്ള മാപ്പിളപ്പാട്ടുമായി ആടിയും പാടിയും സദസുമായി സംവദിക്കുന്ന അച്ചന്‍റെ ഓരോ പാട്ടുകളും നിറഞ്ഞ കൈയടികളോടെയാണ് സദസ് സ്വീകരിച്ചത്. പട്ടുറുമാല്‍ സീസണ്‍ 2 വിന്നര്‍ ഷമീര്‍ ചാവക്കാട്, കൈരളി ടിവി യുവ ഷോ ഫെയിം മന്‍സുര്‍ ഇബ്രാഹീം, ഹംദാന്‍, മാപ്പിളപ്പാട്ട് റിയാലിറ്റി ഷോകളിലൂടെ ശ്രദ്ദേയനായ റിയാസ് കരിയാട്, ആസിയ അഷ്ഫല്‍ എന്നിവരും വേറിട്ട ഗാനാലാപനങ്ങളിലൂടെ സദസിനെ കൈയിലെടുത്തു. ലത്തീഫ് മാഹിയുടെ നേതൃത്വത്തിലുള്ള ഓര്‍ക്കസ്‌ട്രേഷന്‍ ടീം സംഗീത വിരുന്നിന് മാറ്റുകൂട്ടി. മലയാളം എഫ്എം 98.6 ചീഫ് പ്രോഗ്രം കോഓര്‍ഡിനേറ്റര്‍ ആര്‍. ജെ. രതീശിന്റെ അവതരണമായിരുന്നു പരിപാടിയുടെ മറ്റൊരു സവിശേഷത.

സ്റ്റാര്‍ കിച്ചണ്‍ എക്യൂപ്‌മെന്‍റ്സ് , സ്റ്റാര്‍ ആൻഡ് സ്റ്റൈയില്‍ ഫിറ്റ്‌നസ് സെന്‍റര്‍ മുഖ്യ പ്രായോജകരായ പരിപാടി അസീം ടെക്‌നോളജീസാണ് സഹൃദയര്‍ക്കായി അവതരിപ്പിച്ചത്. ക്വാളിറ്റി അഡ്മിനിസ്‌ട്രേഷന്‍ കണ്‍സള്‍ട്ടന്‍സി, പി.കെ. സ്റ്റാര്‍ ഗ്രൂപ്പ് എന്നിവര്‍ സഹപ്രായോജകരായിരുന്നു.

മീഡിയ പ്‌ളസ് സിഇഒ ഡോ. അമാനുള്ള വടക്കാങ്ങര, സെയില്‍സ് മാനേജര്‍ ഷറഫുദ്ദീന്‍ തങ്കയത്തില്‍, മാര്‍ക്കറ്റിംഗ് കോഓര്‍ഡിനേറ്റര്‍ മുഹമ്മദ് റഫീഖ്, സിയാഹുറഹ്മാന്‍, ശരണ്‍ സുകു, അഫ്‌സല്‍ കിളയില്‍, ജോജിന്‍ മാത്യൂ, സെയ്തലവി അണ്ടേക്കാട്, ഖാജ ഹുസൈയിന്‍, നാസര്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.