തലശേരി കാർണിവൽ " ജനബാഹുല്യം കൊണ്ടും വൈവിധ്യമായ പരിപാടികൾ കൊണ്ടും ശ്രദ്ധേയമായി
Wednesday, April 17, 2019 10:12 PM IST
ജിദ്ദ : തലശേരി മാഹി വെൽഫെയർ അസോസിയേഷൻ ജിദ്ദയിൽ നടത്തിയ മെസ്‌കോ ബിൽഡേഴ്‌സ് "തലശേരി കാർണിവൽ" ജനബാഹുല്യം കൊണ്ടും വൈവിധ്യമായ പരിപാടികൾ കൊണ്ടും ശ്രദ്ധേയമായി. ഹംദാനിയ വില്ലയിൽ നടന്ന തലശേരിക്കാരുടെ വാർഷിക കുടുംബ സംഗമത്തിൽ ജിദ്ദയിൽ വസിക്കുന്ന തലശേരി നിവാസികളും മറ്റു നിരവധി കുടുംബങ്ങളും പങ്കെടുത്തു.

സ്ത്രീകളുടെ പങ്കാളിത്തത്തിൽ ഒരുക്കിയ പത്തോളം ഭക്ഷണ ശാലയിൽ രുചികരമായ തലശേരി പലഹാരങ്ങളും മറ്റു വിഭവങ്ങളും അതിഥികളെ ആകർഷിച്ചു. മുട്ട മാല, കായിപ്പോള, ഇറച്ചിപ്പത്തിൽ, കുഞ്ഞിക്കൽത്തപ്പം, ലക്കോട്ടപ്പം. മൊഞ്ചത്തിപ്പോള, പഞ്ചാരപ്പാറ്റ, കത്തി റോൾ, പനീർ പെട്ടി മോമോസ്, കണ്ണപ്പം, പോക്കറ്റ് ഷവർമ, കിളിക്കൂട്, റവ ലഡു തുടങ്ങിയ കൊതിയൂറും പലഹാരങ്ങൾ മുതൽ അരിയറൊട്ടി, കക്കറൊട്ടി, സീനത്തുൽ കുധാർ, പൊതിച്ചോർ, മുട്ട സിർക്ക, നെയ്പ്പത്തിൽ, കണ്ണ് വെച്ച പത്തിരി, പുട്ട്, ടയർ ഒറൊട്ടി, പൂള ബീഫ്, ബട്ടൂര, തലശേരി ബിരിയാണി വരെ യുള്ള വ്യത്യസ്ഥങ്ങളായ ഭക്ഷണ വിഭവങ്ങൾ കൊതിതീരുന്നത് വരെ കഴിക്കാൻ അവസരം ഒരുക്കി. ഹലാക്കിന്‍റെ ഉപ്പിലിട്ട സ്റ്റാളിൽ ഒരുക്കിയ ബോഞ്ചി സർബത്ത് എല്ലാവരെയും ആകർഷിച്ചു. മികച്ച സ്റ്റാളിനുള്ള നറുക്കെടുപ്പിൽ പ്രത്യേക സമ്മാനമായ എൽജി മൈക്രോ ഓവൻ ഹലാക്കിന്‍റെ ഉപ്പിലിട്ട സ്റ്റാൾ ക്യാപ്റ്റൻ റാസിക്കിന് സമ്മാനിച്ചു.

അലാവുദീന്‍റെ ആഗമനത്തോടെ ആരംഭിച്ച സ്റ്റേജ് പരിപാടികൾ കാണികളുടെ മനം കവർന്നു. രണ്ടു വയസു മുതൽ ഉള്ള കൊച്ചു കുട്ടികൾ മുതൽ 50 വയസു വരെയുള്ള മുതിർന്നവർ വരെ സ്റ്റേജ് പരിപാടിയിൽ പങ്കെടുത്തു. കൊച്ചു കുട്ടികളുടെ സ്വാഗത ഗാനം, സ്മൈലി ഡാൻസ്, ജൂണിയർ കുട്ടികളുടെ ഡാൻസ്, യുവാക്കളുടെ കോൽക്കളി, നാടകം, കോമഡി സ്കിറ്റ്, ഒപ്പന, മുതിന്നവരുടെ ഒപ്പന, ഖവാലി തുടങ്ങി വിവിധ കലാപരിപാടികൾ അനീസ് പി.കെ യുടെ നേതൃത്വത്തിൽ സ്റ്റേജിൽ അവതരിപ്പിച്ചു. ജിനോസ്, ഹിശാം മാഹി, ആഷിഖ്, സഫീൽ, അബൂബക്കർ, റിജാസ് എന്നിവർ ചേർന്ന് അവതരിപ്പിച്ച ഗ്രൂപ്പ് കരോക്കെ ഗാനം ശ്രദ്ധേയമായി. അൻവർ എം.പി, മഖ്‌ബൂൽ എന്നിവർ സ്റ്റേജ് പരിപാടികൾ നിയന്ത്രിച്ചു.

എൻ.കെ. ഫ്രെയ്ഗൻസ് ഒരുക്കിയ അത്തർ വിൽപന സ്റ്റാൾ, ചെറിയ കുഞ്ഞുക്കൾക്കു വേണ്ടി കൈ കൊണ്ടുണ്ടാക്കിയ പ്രതേകതരം ഉടുപ്പുകൾ,വ്യതസ്തമായ പർദ്ദ സ്റ്റാളുകൾ, സ്ത്രീകൾക്കും കുട്ടികൾക്കും മൈലാഞ്ചി ഇടുവാനുള്ള സ്റ്റാളുകൾ, കടല വിൽപ്പന, ചായക്കട തുടങ്ങിയ വ്യത്യസ്തമായ സ്റ്റാളുകൾ പരിപാടിയിൽ പങ്കെടുത്തവർക്ക് പഴയ കാല തലശേരി കാർണിവലിന്റെ ഓർമ്മകളിലേക്കു കൂട്ടികൊണ്ടു പോയി.

നേരത്തെ സിജി യുടെ നേതൃത്വത്തിൽ നടത്തിയ മുതിർന്ന കുട്ടികൾക്കുള്ള കരിയർ ഗൈഡൻസ് പരിപാടിയോടെ തലശ്ശേരി കാർണിവൽ ആരംഭിച്ചു. സിജി നിർവാഹക സമിതി അംഗം ഡോക്ടർ കെ.ടി അഷ്‌റഫ് ക്ലാസ് എടുത്തു.

ടി.എം.ഡബ്ലു.എ യുടെ വിവിധ ചാരിറ്റി പ്രോജക്ടുകളുടെ സ്റ്റാളുകളും പരിപാടിയിൽ ഉൾപ്പെടുത്തി. മുൻ പ്രസിഡന്റ് സലിം വി.പി യുടെ നേതൃത്വത്തിൽ മെഡി ഹെൽപ് സ്റ്റാളിൽ കപ്പുകൾ വിതരണം ചെയ്തു. എഡ്യൂക്കേഷൻ ഹെൽപ് സ്റ്റാളിൽ പ്രൊജക്റ്റ് പ്രവർത്തങ്ങളെ കുറിച്ച് മുഹമ്മദ് താലിഷ് വിവരണം നൽകി.

പരിപാടിയിൽ പങ്കെടുത്തവർക്ക് ആകർഷകമായ സമ്മാനങ്ങളും ഒരുക്കിയിരുന്നു. എൽജി സ്പോൺസർ ചെയ്ത 49 ഇഞ്ച് ടി.വി ബമ്പർ സമ്മാനത്തിന് അനസ് ഇടിക്കിലകത്ത് അർഹനായി. ക്വിക്ക് പേ ഒരുക്കിയ സാംസംഗ് മൊബൈൽ ഫോൺ സമ്മാനം മൻസൂർ മഞ്ഞലാംകുഴി നേടി. ക്വിക്ക് പേ 32 ഇഞ്ച് ടി.വി സമ്മാനത്തിന് മുഹമ്മദ് ആദിൽ അർഹനായി. ജീപാസ് ഒരുക്കിയ ലക്കി ഡ്രൊ ടി.വി സമ്മാനം പ്രവീണിന് ലഭിച്ചു.

മെസ്‌കോ ബിൽഡേഴ്‌സ് പ്രതിനിധി സുബൈർ ഹാജി പരിപാടി ഉദ്ഘാടനം ചെയ്തു. സെക്രട്ടറി അബ്ദുൽ കാദർ മോച്ചേരി സ്വാഗതം പറഞ്ഞു. ടി.എം.ഡബ്ലു.എ യുടെ പ്രവർത്തങ്ങളെ കുറിച്ച് പ്രസിഡന്‍റ് അനീസ് എ.കെ വിവരിച്ചു. പരിപാടിയിൽ അതിഥിയായി എത്തിച്ചേർന്ന നടനും സംവിധായകനുമായ കലാഭവൻ അൻസാർ തലശേരിയുമായുള്ള കുടുംബ ബന്ധവും പരിപാടിയിൽ എത്തിചേർന്നതിലുള്ള സന്തോഷവും അറിയിച്ചു. ഇവന്‍റ് ഹെഡ് സൈനുൽ ആബിദ് നന്ദി പറഞ്ഞു. കാർണിവൽ കൺവീനർ അബ്ദുൽ കരീം കെ.എം മറ്റു ടിഎംഡബ്ല്യുഎ നിർവാഹക സമിതി അംഗങ്ങളായ അബ്ദുൽ ലത്തീഫ് നടുക്കണ്ടി, പി.പി.കെ സിയാദ്, ഫഹീം, അൻവർ എം.പി, ഹിശാം മാഹി എന്നിവർ പരിപാടികൾ നിയന്ത്രിച്ചു.

റിപ്പോർട്ട് : കെ.ടി. മുസ്തഫ പെരുവള്ളൂർ