സൗദി - ഇന്ത്യൻ ടീമുകൾക്ക് വിജയം
Saturday, April 20, 2019 3:24 PM IST
ജിദ്ദ: നവോദയ മൈ ഓൺ വോളീബോൾ ടൂർണമെന്‍റ് ആദ്യപാദ മത്സരത്തിൽ സൗദി - ഇന്ത്യൻ ടീമുകൾക്ക് വിജയം. ഉദ്‌ഘാടന മത്സരത്തിൽ സൗദി ടീം അൽജസീറ, പാക്കിസ്ഥാൻ ടീം ശുദാ ഇ കാശ്മീരിനെ രണ്ടിനെതിരെ മൂന്നു സെറ്റുകൾക്ക് പരാജയപ്പെടുത്തി. സ്കോർ : 25 -13 , 21 -25 , 18 -25 , 25 -21, 15 -07.

രണ്ടാമത്തെ മത്സരത്തിൽ നേപ്പാൾ വോളിക്ലബിനെ ഇന്ത്യൻ ടീം സ്റ്റാർസ് ഒന്നിനെതിരെ മൂന്നു സെറ്റുകൾക്ക് പരാജയപ്പെടുത്തി. സ്കോർ: 26 -25 , 25 -21 ,27 -26 , 25 -22.

നേപ്പാൾ പൗരന്മാർ കൂട്ടത്തോടെ കളി കാണാനെത്തിയതും സൗദി പാക്കിസ്ഥാൻ കാണികളുടെ പിന്തുണയും നേപ്പാൾ ടീമിന് കിട്ടിയതോടെ ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന രണ്ടാമത്തെ മത്സരം അത്യന്തം ആവേശകരമായി. ഫിലിപ്പിൻസ് റഫറിമാരാണ് കളി നിയന്ത്രിച്ചത്.

ടൂർണമെന്‍റ് എൻ ആർ കെ കൺവീനർ നൗഷാദ് കോർമ്മത് ഉദ്‌ഘാടനം ചെയ്തു. ടൂർണമെന്‍റ് കമ്മിറ്റി ചെയർമാൻ ജയകുമാർ അധ്യക്ഷത വഹിച്ചു. മൈ ഓൺ മാനേജർ അബ്ദുൽ എൽ ഈല, അഷറഫ് വടക്കേവിള, യഹ്യ , രാജൻ നിലമ്പൂർ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.