കുവൈറ്റ് കെഎംസിസി വോട്ട് വിമാനം പുറപ്പെട്ടു
Sunday, April 21, 2019 2:44 PM IST
കുവൈറ്റ് സിറ്റി: നിര്‍ണ്ണായകമായ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തുന്നതിനു വേണ്ടി കുവൈത്ത് കെഎംസിസി സംസ്ഥാന കമ്മറ്റി ഏര്‍പ്പെടുത്തിയ വോട്ട് വിമാനം ശനിയാഴ്ച രാവിലെ പുറപ്പെട്ടു. ഇന്‍ഡിഗോ എയര്‍ലൈന്‍സില്‍ സംസ്ഥാന പ്രസിഡണ്ട് ഷറഫുദ്ദീന്‍ കണ്ണേത്തിന്റെ നേതൃത്വത്തില്‍ നൂറോളം കെ.എം.സി.സി. നേതാക്കളും പ്രവര്‍ത്തകരുമടങ്ങിയ സംഘമാണ് വൈകിട്ട് മൂന്നിനു കണ്ണൂര്‍ വിമാനത്താവളത്തിലെത്തിയത്. മലബാര്‍ മേഖലയിലെ ശക്തമായ മത്സരം നടക്കുന്ന മണ്ഡലങ്ങളിലുള്‍പ്പെട്ടവരാണ് വോട്ട് വിമാനത്തില്‍ നാട്ടിലേക്ക് തിരിച്ചത്. കുവൈത്ത് കെഎംസിസി ആദ്യമായാണ് വോട്ട് രേഖപ്പെടുത്താന്‍ പ്രത്യേക വിമാനം ചാര്‍ട്ടര്‍ ചെയ്തിരിക്കുന്നത്.

മറ്റു സംസ്ഥാന ഭാരവാഹിയായ എം.ആര്‍. നാസര്‍, ഹാരിസ് വള്ളിയോത്ത്, മുന്‍ കേന്ദ്ര സെക്രട്ടറിയും കോഴിക്കോട് ജില്ലാ പ്രസിഡന്റുമായ ഫാസില്‍ കൊല്ലം , തിരുവന്തപുരം ജില്ലാ പ്രസിഡണ്ട് ഹഖീം, കോഴിക്കോട് ജില്ലാ സെക്രട്ടറി ഷാനവാസ് കാപ്പാട് മറ്റു ജില്ലാ മണ്ഡലം നേതാക്കളും സംഘത്തില്‍ ഉള്‍പ്പെടുന്നു. വോട്ട് വിമാനത്തില്‍ നാട്ടിലേക്ക് പോകുന്നവര്‍ക്ക് വിമാനത്താവളത്തില്‍ നല്‍കിയ യാത്രയപ്പില്‍ മുന്‍ കേന്ദ്ര പ്രസിഡന്റ് കെ.ടി.പി. അബ്ദുറഹിമാന്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി എം.കെ. അബ്ദുള്‍ റസാഖ്, വോട്ട് വിമാനത്തിന്റെ കോര്‍ഡിനേറ്റര്‍ മുഹമ്മദ് അസ്ലം കുറ്റിക്കാട്ടൂര്‍, സെക്രട്ടറി ടി.ടി ഷംസു, സംസ്ഥാന പ്രവര്‍ത്തക സമിതിയംഗങ്ങള്‍, ജില്ലാ മണ്ഡലം ഭാരവാഹികള്‍ പങ്കെടുത്തു. തുടര്‍ന്നുള്ള ദിവസങ്ങളിലും മറ്റു വിമാനത്താവളങ്ങളിലേക്ക് പ്രവര്‍ത്തകര്‍ പുറപ്പെടുന്നുണ്ടെന്ന് കെഎംസിസി. ഭാരവാഹികള്‍ പറഞ്ഞു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍