സൗദിയില്‍ സാങ്കേതിക ജോലികള്‍ക്ക് രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കുന്നു
Sunday, May 19, 2019 4:23 PM IST
ദമാം: സൗദി അറേബ്യയില്‍ സാങ്കേതിക ജോലികള്‍ക്ക് രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കുന്നു. എന്‍ജിനീയറിംഗ് മേഖലയുമായി ബന്ധപ്പെട്ട 30 സാങ്കേതിക തൊഴിലുകള്‍ ചെയ്യുന്നവര്‍ക്കാണ് സൗദി കൗണ്‍സില്‍ ഓഫ് എന്‍ജിനീയേഴ്‌സ് രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കുന്നത്. നിരവധി വിദേശികള്‍ ജോലി ചെയ്യുന്ന ഇലക്ട്രിക്കല്‍, മെക്കാനിക്കല്‍, ഇലക്ട്രോണിക്‌സ് മേഖലയിയിലുള്ള സാങ്കേതിക തൊഴിലുകള്‍ക്കാണ് രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കിയിരിക്കുന്നത്.

എന്‍ജിനീയറിംഗ് മേഖലയുമായി ബന്ധപ്പെട്ട 30 പുതിയ തൊഴിലുകള്‍ പ്രത്യേകം നിര്‍ണ്ണയിച്ചു എന്‍ജിനീയറിംഗ് കൗണ്‍സിലിന്റെ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കുന്നതിനു ജവാസാത്തുമായും നാഷണല്‍ ഇന്‍ഫോര്‍മേഷന്‍ സെന്ററുമായും ബന്ധിപ്പിച്ചിരിക്കുകയാണ്.

എന്‍ജിനീയര്‍മാരും സാങ്കേതിക ജോലിക്കാരും അടക്കമുള്ളവര്‍ക്ക് സേവനങ്ങള്‍ എളുപ്പമാക്കാന്‍ ലക്ഷ്യമിട്ടാണ് ബന്ധപ്പെട്ട വകുപ്പുകളെയും സൗദി കൗണ്‍സില്‍ ഓഫ് എന്‍ജിനീയേഴ്‌സിനേയും ബന്ധിപ്പിച്ചിരിക്കുന്നതെന്ന് എന്‍ജിനീയറിംഗ് കൗണ്‍സില്‍ വ്യക്തമാക്കി.

മന്ത്രിസഭ അംഗീകരിച്ച എന്‍ജിനീയറിംഗ് പ്രൊഫഷന്‍ പ്രാക്ടീസ് നിയമം എന്‍ജിനീയറിംഗ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മുഴുവന്‍ ആളുകള്‍ക്കും നിര്‍ബന്ധമാക്കുന്നുണ്ട്. പ്രഫഷണല്‍ അക്രഡിറ്റേഷന്‍ ഇല്ലാത്തവരെ ജോലിക്കു വെയ്ക്കുന്നത് നിയമം വിലക്കുന്നതായും സൗദി കൗണ്‍സില്‍ ഓഫ് എന്‍ജിനീയേഴ്‌സ് വ്യക്തമാക്കി.

യോഗ്യതകള്‍ ഉറപ്പുവരുത്തി കൗണ്‍സില്‍ അംഗത്വം നല്‍കുന്നതിലൂടെ സാങ്കേതിക രംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെ വിശ്വാസം ഉറപ്പുവരുത്തുകയാണ് ഇതിലൂടെ ലക്ഷ്യമാക്കുന്നത്.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം