നായനാർ അനുസ്മരണവും കുട്ടികളുടെ ഉപഹാര വിതരണവും
Monday, May 20, 2019 8:16 PM IST
കുവൈത്ത് സിറ്റി: മുൻ കേരള മുഖ്യമന്ത്രി ഇ.കെ. നായനാരുടെ ഓർമകൾ പുതുക്കി കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ് നായനാർ അനുസ്മരണം സംഘടിപ്പിച്ചു.

1984ലെ കുവൈറ്റ് സന്ദർശനവേളയിൽ അദ്ദേഹം നൽകിയ ഉപദേശ നിർദ്ദേശങ്ങൾ കല കുവൈറ്റിനെ ഒരു ബഹുജന സംഘടന എന്ന നിലയിൽ രൂപപ്പെടുത്തുന്നതിന് നിർണായകമായ പങ്ക് വഹിച്ചതെന്ന് അനുസ്മരണക്കുറിപ്പ് അവതരിപ്പിച്ചു കൊണ്ട് കേന്ദ്ര കമ്മിറ്റി അംഗം വിനിത അനിൽ പറഞ്ഞു. പ്രസിഡന്‍റ് ടിവി ഹിക്മത്ത് അധ്യക്ഷത വഹിച്ചു. കേരള പ്രവാസി ക്ഷേമനിധി ബോർഡ് ഡയറക്ടർ എൻ. അജിത്ത് കുമാർ നായനാരെ അനുസ്മരിച്ചു. കല കുവൈറ്റ് ജോയിന്‍റ് സെക്രട്ടറി രജീഷ് സി. നായർ പരിപാടിയിൽ സംബന്ധിച്ചു.

അബു ഹലീഫ, ഫഹാഹീൽ മേഖലയിലെ പ്രവർത്തകർ അവതരിപ്പിച്ച വിപ്ലവ ഗാനങ്ങളോടെയാണ് സമ്മേളനം ആരംഭിച്ചത്. കല കുവൈറ്റ് സെക്രട്ടറി ടി കെ സൈജു സ്വാഗതവും ഫഹാഹീൽ മേഖല സെക്രട്ടറി ഷാജു വി. ഹനീഫ് നന്ദിയും പറഞ്ഞു.

ഈ വർഷത്തെ പ്ലസ് ടു പരീക്ഷയിൽ കുവൈത്തിൽനിന്നും ഏറ്റവും ഉയർന്ന മാർക്കോടെ തിളക്കമാർന്ന വിജയം കരസ്ഥമാക്കിയ ബാലവേദി കുവൈറ്റ് പ്രസിഡന്‍റ് അപർണ ഷൈനുള്ള ബാല വേദിയുടെ സ്നോഹോപഹാരം വേദിയിൽ വച്ച് കല കുവൈറ്റ് പ്രസിഡന്‍റ് ടിവി ഹിക്മത്ത് കൈമാറി. കുവൈറ്റിൽ പരീക്ഷയെഴുതി വിജയം കരസ്ഥമാക്കിയ എസ്എസ്എൽസി, പ്ലസ് ടു വിദ്യാർഥികൾക്കും ഉപരി പഠനത്തിനായി കുവൈത്തിൽ നിന്നും നാട്ടിലേക്ക് മടങ്ങുന്ന കുട്ടികൾക്കുമുള്ള ഉപഹാരവും സമ്മേളനത്തിൽ പ്രവാസി ക്ഷേമനിധി ബോർഡ് ഡയറക്ടർ, കലയുടെ ഭാരവാഹികൾ എന്നിവർ ചേർന്നു സമ്മാനിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ