രാജേന്ദ്രൻ നായർ മെമ്മോറിയൽ ഷോർട് ഫിലിം ഫെസ്റ്റിവലും പുരസ്കാരവും
Saturday, May 25, 2019 7:36 PM IST
റിയാദ്: അറിയപ്പെട്ട നാടക അഭിനേതാവും സാമൂഹ്യ പ്രവർത്തകനുമായ രാജേന്ദ്രൻ നായരുടെ സ്മരണാർത്ഥം റിയാദ് നവോദയ ഹ്രസ്വചിത്രങ്ങളുടെ പ്രദർശന മത്സരവും അവാർഡ് വിതരണവും നടത്തുന്നു.

സൗദിയിൽ ചിത്രീകരിച്ച മലയാളത്തിലുള്ള 20 മിനിറ്റിൽ കവിയാത്ത ഹ്രസ്വചിത്രങ്ങളാണ് പ്രദർശനത്തിനും അവാർഡിനുമായി പരിഗണിക്കുക. ഏറ്റവും മികച്ച ഒന്നാമത്തെയും രണ്ടാമത്തെയും ചിത്രങ്ങൾക്ക് ഫലകവും പ്രശംസാപത്രവും കാഷ് അവാർഡും ലഭിക്കും. ഏറ്റവും മികച്ച നടൻ, നടി, സംവിധായകൻ, തിരക്കഥാകൃത്ത്, കാമറാമാൻ എന്നിവർക്കും പുരസ്കാരങ്ങൾ ലഭിക്കും.

മത്സരത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ ജൂൺ അഞ്ചിനു മുൻപായി ഷോർട്ട് ഫിലിം സംഘാടകർക്ക് കൈമാറണം. പ്രദർശന യോഗ്യമായ ചിത്രങ്ങളും അവാർഡുകളും ഒരു ജൂറി ആയിരിക്കും തിരഞ്ഞെടുക്കുക. പ്രദർശനത്തിൽ നിന്നും പ്രേക്ഷകർ തിരഞ്ഞെടുക്കുന്ന ഒരു ഫിലിമിനും ജയപ്രിയ ഹ്രസ്വചിത്രം എന്ന വിഭാഗത്തിൽ അവാർഡ് നൽകും.

നവോദയ ജോയിന്‍റ് സെക്രട്ടറി ആയിരുന്ന രാജേന്ദ്രൻ നായർ 2015 - ൽ നാട്ടിൽ അവധിയിൽ ആയിരിക്കുന്പോൾ കരൾ സംബന്ധമായ അസുഖത്തിലാണ് മരണപെട്ടത്. നവോദയ, സഹ്യകലാവേദി, തട്ടകം തുടങ്ങിയ സാംസ്കാരിക സംഘടനകൾ ഒരുക്കിയ വിവിധ നാടകങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ അദ്ദേഹം കൈകാര്യം ചെയ്തിരുന്നു.

വിവരങ്ങൾക്ക് 0508898691 എന്ന നമ്പരിൽ അല്ലെങ്കിൽ [email protected]

റിപ്പോർട്ട്: ഷക്കീബ് കൊളക്കാടൻ