ബിഡികെയും, ലാല്‍കെയേഴ്‌സ് കുവൈറ്റും സംയുക്തമായി രക്തദാനക്യാമ്പ് സംഘടിപ്പിച്ചു
Sunday, May 26, 2019 2:42 PM IST
കുവൈറ്റ്: വൃതശുദ്ധിയുടെ പുണ്യനാളുകള്‍ അവസാന ദിനങ്ങളിലേക്ക് കടക്കുമ്പോള്‍ രക്തദാനം പോലെയുള്ള പുണ്യകര്‍മങ്ങളില്‍ വ്യാപൃതരായി പ്രവാസി സമൂഹവും. ബ്ലഡ് ഡോണേഴ്‌സ് കേരള, കുവൈറ്റ് ചാപ്റ്ററും, ലാല്‍ കെയേഴ്‌സ് കുവൈത്തും സംയുക്തമായി സെന്‍ട്രല്‍ ബ്ലഡ് ബാങ്കിന്റെ പിന്തുണയോടെ; അതുല്യ അഭിനയപ്രതിഭ, മലയാളത്തിന്റെ അഭിമാനം മോഹന്‍ലാലിന്റെ ജന്‍മദിനാഘോഷങ്ങളുടെ ഭാഗമായി സന്നദ്ധരക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ജാബ്രിയയിലുളള സെന്‍ട്രല്‍ ബ്ലഡ് ബാങ്കില്‍ വച്ച്, 2019 മെയ് 23ന് രാത്രി 8.30 മുതല്‍ പന്ത്രണ്ടുവരെ നടന്ന ക്യാമ്പില്‍ കുവൈറ്റിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 50 ല്‍ പരം ലാല്‍ കെയേഴ്‌സ് പ്രവര്‍ത്തകരാണ് തങ്ങളുടെ പ്രിയപ്പെട്ട താരത്തിന് പിറന്നാള്‍ സമ്മാനമായി സ്വന്തം ജീവരക്തം തന്നെ സഹജീവികള്‍ക്കായി പകര്‍ന്നു നല്‍കിയത്.

ബിഡികെ കുവൈറ്റിന്റെ ഈ വര്‍ഷത്തെ ഒന്‍പതാമത്തെയും, റമദാനിലെ മൂന്നാമത്തെയും രക്തദാനക്യാമ്പാണ് കഴിഞ്ഞ ദിവസം നടന്നത്. ക്യാമ്പുകളുടെ സുഗമമായ പ്രവര്‍ത്തനത്തിനായി ബിഡികെ യുടെ നിരവധി സന്നദ്ധപ്രവര്‍ത്തകര്‍ ക്യാമ്പില്‍ സജീവമായി പങ്കെടുത്തു.

ലോകമെമ്പാടുമുള്ള ലാല്‍ കെയേഴ്‌സ് പ്രവര്‍ത്തകര്‍ മോഹന്‍ലാലിന്റെ ജന്‍മദിനത്തില്‍ സംഘടിപ്പിച്ച വിവിധങ്ങളായ സാമൂഹ്യ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് കുവൈത്തിലും ബിഡികെയോടൊപ്പം രക്തദാനക്യാമ്പ് സംഘടിപ്പിച്ചത്.

ക്യാമ്പിന് മനോജ് മാവേലിക്കര, രാജേഷ് ആര്‍. ജെ, ഷിബിന്‍ ലാല്‍, രാജന്‍ തോട്ടത്തില്‍, അനീഷ് നായര്‍, ജോസഫ് സെബാസ്റ്റ്യന്‍ എന്നിവര്‍ നേതൃത്വം വഹിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍