ജിമ്മി ജോര്‍ജ് സമാരക വോളിബോള്‍: എന്‍എംസി ഹെല്‍ത്ത് കെയര്‍ ജേതാക്കള്‍
Sunday, May 26, 2019 2:44 PM IST
അബുദാബി: കേരള സോഷ്യല്‍ സെന്റര്‍ സംഘടിപ്പിച്ച ഇരുപത്തി മൂന്നാമത് ജിമ്മി ജോര്‍ജ് സമാരക കെ.എസ്.സി. യു.എ.ഇ.എക്‌സ്‌ചേഞ്ച് ഇന്റര്‍നാഷണല്‍ റമദാന്‍ വോളിബോള്‍ ടൂര്‍ണമെന്റില്‍ എന്‍എംസി ഹെല്‍ത്ത് കെയര്‍ ജേതാക്കളായി .അബുദാബി എമിറേറ്റ്‌സ് ഹെറിറ്റേജ് ക്ലബ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന ആവേശകരമായ മത്സരത്തില്‍ ഏകപക്ഷീയമായ മൂന്നു സെറ്റുകള്‍ക്ക് ബിഗ്മാര്‍ട്ട് ദുബായിയെയാണ് ഇവര്‍ പരാജയപ്പെടുത്തിയത് . ടൂര്‍ണമെന്റിലെ ജേതാക്കളായ എന്‍. എം. സി ഹെല്‍ത്ത് കെയറിന് ബി.ആര്‍. എസ് ഗ്രൂപ്പ് സിഇഒ വിനയ് ഷെട്ടി സമ്മാനങ്ങള്‍ വിതരണം ചെയ്തു

ടൂര്‍ണമെന്റ് ജേതാക്കള്‍ക്ക് യു.എ.ഇ.എക്‌സ്‌ചേഞ്ച് എവര്‍ റോളിങ്ങ് ട്രോഫിയും 20 ,000 ദിര്‍ഹവും റണ്ണേഴ്‌സ് അപ്പ് ടീമിന് അയൂബ് മാസ്റ്റര്‍ റോളിങ്ങ് ട്രോഫിയും 15000 ദിര്‍ഹവും സമ്മാനമായി നല്‍കി. ടൂര്‍ണമെന്റിലെ മികച്ച കളിക്കാരന്‍, ഒഫെന്‍ഡര്‍, ബ്ലോക്കര്‍, സെറ്റര്‍, ലിബറോ, ഭാവി വാഗ്ദാനമായ കളിക്കാരന്‍ എന്നിവര്‍ക്കും ട്രോഫികള്‍ ഏര്‍പ്പെടുത്തിയിരുന്നു .ഇന്‍ഡക്‌സ് ഗ്രൂപ് എം. സി. സയിദ്, അഹല്യ ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ മാനേജര്‍ സൂരജ് പ്രഭാകര്‍ , മലയാളി സമാജം പ്രസിഡന്റ് ഷിബു വര്‍ഗീസ് , മലയാളി സമാജം മുന്‍ പ്രസിഡന്റ് യേശുശീലന്‍, ശക്തി തിയറ്റേഴ്‌സ് അബുദാബി പ്രസിഡണ്ട് അഡ്വ :അന്‍സാരി,യുവകലാസാഹിതി പ്രസിഡണ്ട് ശങ്കര്‍, കല അബുദാബി പ്രസിഡന്റ് ടോമിച്ചന്‍, ഫ്രെണ്ട്‌സ് എഡിഎംഎസ് പ്രസിഡന്റ് പുന്നൂസ് ചാക്കോ, എന്‍എംസി. പ്രതിനിധി രോഹിത്, യുഎഇ. എക്‌സ്‌ചേഞ്ച് മീഡിയ റിലേഷന്‍സ് ഡയറക്ടര്‍ കെ.കെ. മൊയ്തീന്‍ കോയ, തുടങ്ങിയവര്‍ ജേതാക്കള്‍ക്ക് മെഡലുകളും ട്രോഫികളും സമ്മാനിച്ചു.

ടൂര്‍ണ്ണമെന്റിനോടനുബന്ധിച്ച് പ്രശസ്ത രാജ്യാന്തര വോളിബാള്‍ താരം ജെയിസമ്മ മൂത്തേടത്തിന് സെന്റര്‍ പ്രസിഡണ്ട് എ.കെ. ബീരാന്‍ കുട്ടി ലൈഫ് അച്ചീവ്‌മെന്റ് പുരസ്‌കാരം സമ്മാനിച്ചു .ഇന്ത്യയുടെ മുന്‍ ദേശീയ, അന്തര്‍ ദേശീയ വോളിബോള്‍ താരമായ ജെയ്‌സമ്മ ജെ മൂത്തേടന്‍ 1980ലെ ഏഷ്യന്‍ ജൂനിയര്‍ വോളിബോളില്‍ വെങ്കലംനേടിയ ടീമിലെ അംഗമായിരുന്നു. 1981 ല്‍ ശ്രീലങ്കയില്‍ നടന്ന സൗത്ത് ഏഷ്യന്‍ വോളിബോള്‍ ചാപ്യന്‍ ഷിപ്പില്‍ ഗോള്‍ഡ് മെഡലും നേടിയിട്ടുണ്ട്. 1982ല്‍ ന്യൂ ഡല്‍ഹിയില്‍ നടന്ന അഞ്ചാമത് ഏഷ്യന്‍ ഗെയിംസിലും ഇന്ത്യയെ പ്രതിനിധാനം ചെയ്തു. ഇന്ത്യന്‍ വോളി ബോളിന് നല്‍കിയ സംഭാവന പരിഗണിച്ചാണ് ജിമ്മി ജോര്‍ജ് ലൈഫ് ടൈം അച്ചീവ്‌മെന്റ് ജെയ്‌സമ്മയ്ക്ക് സമ്മാനിച്ചത്.കേരള വനിതാ വോളിബാള്‍ ടീമിന്റെ ക്യാപ്റ്റനും ദേശീയതാരവുമായ ഫാത്തിമ റുക്‌സാനയെയും ചടങ്ങില്‍ ആദരിച്ചു ജനറല്‍ സെക്രട്ടറി ബിജിത് കുമാര്‍ ഫാത്തിമ റുക്‌സാനയ്ക്ക് ഉപഹാരം സമര്‍പ്പിച്ചു.

വന്‍ ജനാവലിയാണ് ഫൈനല്‍ മത്സരത്തിന് സാക്ഷികളാകുവാന്‍ സ്റ്റേഡിയത്തില്‍ എത്തിച്ചേര്‍ന്നത്. ഇന്ത്യ, യുഎ.ഇ., ഇറാന്‍, ഇറാഖ്, പാക്കിസ്ഥാന്‍, ഒമാന്‍, ഈജിപ്ത്, ലബനോണ്‍. ക്യൂബ, റഷ്യ, സെര്‍ബിയ തുടങ്ങിയ രാജ്യങ്ങളിലെ ദേശീയ അന്തര്‍ദേശീയ വോളിബോള്‍ താരങ്ങള്‍ വിവിധ ടീമുകള്‍ക്കായി ടൂര്‍ണമെന്റില്‍ പങ്കെടുത്തു .കേരള സോഷ്യല്‍ സെന്റര്‍ കായിക വിഭാഗം സെക്രെട്ടറി റജീദ് പട്ടോളി ,വളണ്ടിയര്‍ ക്യാപ്റ്റന്‍ ബാബുരാജ് പിലിക്കോട്, ടൂര്‍ണമെന്റ് കണ്‍വീനര്‍ സലിം ചിറക്കല്‍, ടൂര്‍ണമെന്റ് കോര്‍ഡിനേറ്റര്‍ ജോഷി തുടങ്ങിയവര്‍ ഫൈനല്‍ മത്സരങ്ങള്‍ക്ക് നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: അനില്‍ സി.ഇടിക്കുള