മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിന് കെഎംസിസിയും സജീവം
Saturday, June 8, 2019 8:50 PM IST
ദുബായ് :ദുബായിൽ ബസപകടത്തിൽ മരിച്ച മലയാളികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിനുള്ള കൂട്ടായ്മയോടെയുള്ള പ്രവർത്തനങ്ങളിൽ ദുബായ് കെഎംസിസിയും പങ്കുചേർന്നു. എട്ട് മലയാളികളടക്കം 12 ഇന്ത്യാക്കാരാണ് അപകടത്തിൽ മരിച്ചത്.

അപകടം നടന്നത് മുതൽ ഈദാഘോഷത്തിരക്കുകളെല്ലാം മാറ്റിവച്ച് കെ.എം.സി.സി നേതാക്കൾ സജീവമായി സന്നദ്ധ പ്രവർത്തന രംഗത്തുണ്ട്. ഇന്ത്യൻ കോൺസൽ ജനറൽ വിപുലിന്‍റെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ ഏകോപിച്ചു നടത്തുന്നത്. മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിനും കൂടെ അനുഗമിക്കുന്നവർക്കുള്ള യാത്രാചെലവ് ഉൾപ്പെടെ കോൺസലേറ്റ് ആണ് വഹിക്കുന്നത്. മരിച്ചവരിൽ തലശേരി സ്വദേശികളായ ഉമർ മകൻ നബീൽ എന്നിവരുടെ ജനാസ നമസ്കാരത്തിന് കെഎംസിസി സംസ്ഥാന വൈസ് പ്രസിഡന്‍റ് റയീസ് തലശേരി നേതൃത്വം നൽകി.

കെഎംസിസി ആക്ടിംഗ് പ്രസിഡന്‍റ് ഹുസൈനാർ എടച്ചാകൈ, ജനറൽ സെക്രട്ടറി മുസ്തഫ വേങ്ങര, എന്നിവരുടെ നേതൃത്വത്തിൽ മുൻ പ്രസിഡന്‍റ് പി.കെ അൻവർ നഹ, ഭാരവാഹികളായ ഹംസ തൊട്ടി, റയീസ് തലശേരി, അഡ്വ.സാജിദ് അബൂബക്കർ , അഡ്വ.ഖലീൽ ഇബ്രാഹിം, ആർ.ഷുക്കൂർ, അഷ്റഫ് കൊടുങ്ങല്ലൂർ, ഒ.മൊയ്തു, സാദിഖ് നെടുമങ്ങാട് എന്നിവരും വിവിധ ജില്ലാ മണ്ഡലം ഭാരവാഹികളും ചേർന്നാണ് സന്നദ്ധ പ്രവർത്തനങ്ങളിൽ സജീവമായത്. സാമൂഹ്യ സന്നദ്ധരംഗത്ത് സജീവമായ കെഎംസിസി പ്രവർത്തകൻ നിസാർ പട്ടാമ്പിയും അഷ്റഫ് താമരശേരി, നസീർവാടനപ്പള്ളി എന്നിവർക്കൊപ്പം തുടക്കം മുതൽ സജീവമായി രംഗത്തുണ്ടായിരുന്നു.