കുവൈത്ത് ഫെസ്റ്റിന് ഉജ്ജ്വല സമാപനം
Wednesday, June 19, 2019 9:04 PM IST
കുവൈത്ത് ഫെസ്റ്റ് കാസർകോട് മുനിസിപ്പൽ ഹാളിൽ അരങ്ങേറി

കുവൈത്തിലെ കാസർഗോഡ് ജില്ലക്കാരുടെ പൊതുവേദിയായ കാസർഗോഡ് ജില്ലാ അസോസിയേഷൻ കെഇഎ കുവൈറ്റ്, മംഗലാപുരം യൂണിറ്റി ഹോസ്പിറ്റലിന്‍റെ സഹകരണത്തോടെ സംഘടിപ്പിച്ച രണ്ടാമത് കുവൈത്ത് ഫെസ്റ്റ് കാസർഗോഡ് മുനിസിപ്പൽ ഹാളിൽ അരങ്ങേറി .

എൻ.എ നെല്ലിക്കുന്ന് എംഎൽഎ അധ്യക്ഷത വഹിച്ച സമ്മേളനം റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു .നാടിന്‍റെ നന്മക്കു വേണ്ടി പ്രവാസി കൂട്ടായ്മകൾ നടത്തി വരുന്ന പ്രവർത്തനങ്ങൾ ഏറെ സന്തോഷിപ്പിക്കുന്നുണ്ടെന്നും കെ ഇ എ കുവൈറ്റ് മറ്റു പ്രവാസി സംഘടനകൾക്ക് മാതൃകയാണെന്നും മന്ത്രി പറഞ്ഞു.

ജീവകാരുണ്യ വിദ്യാഭ്യാസ ആരോഗ്യ മേഖലകളിൽ കെ ഇ എ കുവൈറ്റ് നടത്തി വന്ന പ്രവർത്തനങ്ങൾ അദ്‌ഭുതപ്പെടുത്തുന്നതാണെന്നും യോഗത്തിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു.

പതിനഞ്ച് വർഷം പിന്നിടുന്ന കാസർഗോഡ് ജില്ലാ അസോസിയേഷൻ ,കുവൈത്ത് പ്രവാസികൾക്കിടയിൽ നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് പുറമേ നാട്ടിലെ വിവിധ വിഷയങ്ങളിൽ ഇടപെടുകയും ഒട്ടനവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുകയും ചെയ്യുന്നുണ്ട് .വിദ്യാഭ്യാസ മേഖലയിലും ആരോഗ്യമേഖലയിലും നിരവധി സഹായഹസ്തങ്ങളുമായി പ്രവർത്തിച്ച ഈ സംഘടന ജാതിയുടെയും മതത്തിനെയും അതിർവരമ്പുകൾ ലംഘിച്ചു കൊണ്ട് സംഘടിപ്പിക്കുന്ന സ്നേഹ സംഗമം കുവൈത്തിലെതുപോലെ നാട്ടിലും നടത്തുക എന്ന് ഉദ്ദേശ ലക്ഷ്യത്തോടെ കൂടി സംഘടിപ്പിക്കുന്ന കുവൈറ്റ് ഫെസ്റ്റ് , പ്രവാസി കുടുംബങ്ങൾക്ക് ഒത്തു ചേരുവാനും സമകാലീന ജീവിത വ്യവസ്ഥയിലെ രാഷ്ട്രീയ മത വിഭാഗീയതക്ക് അധികമായി മനുഷ്യർ ഒന്നാണ് എന്ന സന്ദേശം ഉയർത്തിപ്പിടിക്കുവാനും അതുവഴി സമൂഹത്തിന് നല്ല സന്ദേശം നൽകുവാനും വേണ്ടിയാണെന്ന് സമ്മേളനത്തിൽ പ്രസംഗിച്ച പ്രസിഡന്‍റ് സത്താർ കുന്നിലും ജനറൽ സെക്രട്ടറി സലാം കളനാടും പറഞ്ഞു.

സംഗമത്തിൽ സ്കൂൾ കുട്ടികൾക്കുള്ള ചിത്രരചന കളറിംഗ് മത്സരങ്ങളും സ്ത്രീകൾക്കുള്ള മൈലാഞ്ചിയിടൽ മത്സരവും കേക്ക് മത്സരവും സംഘടിപ്പിച്ചു. നിരവധി കുടുംബിനികളും സ്ത്രീകളും കുട്ടികളും മത്സരത്തിൽ പങ്കെടുത്തു. സംഘടനയുടെ കുടുംബങ്ങളിലെ കുട്ടികളിൽ ഉന്നതവിദ്യാഭ്യാസം നേടിയ പത്താം ക്ലാസിലും പന്ത്രണ്ടാം ക്ലാസിലും കുട്ടികൾക്ക് വിദ്യാഭ്യാസ പ്രോത്സാഹനത്തിൻറെ ഭാഗമായി കാഷ് അവാർഡും പ്രശസ്തിപത്രവും സമ്മാനിച്ചു. അതോടൊപ്പം കാസർഗോഡ് ജില്ലയിലെ യുവ എഴുത്തുകാരിയും മൂന്ന് പുസ്തകങ്ങളുടെ രചയിതാവുമായ ഫാത്തിമ വഹീദ, കഴിഞ്ഞ നീറ്റ് പരീക്ഷയിൽ സംസ്ഥാനത്ത് രണ്ടാം റാങ്ക് കരസ്ഥമാക്കിയ കാസർഗോഡ് സ്വദേശിനി ഹൃദയ ലക്ഷ്മി എന്നിവരെ യോഗത്തിൽ ആദരിച്ചു .

കാസർഗോഡ് നഗരസഭാ ചെയർപേഴ്സൺ ബീഫാത്തിമ, ഡി സി സി പ്രസിഡന്‍റ്
ഹക്കീം കുന്നിൽ, വെൽഫയർ പാർട്ടി സെക്രട്ടറി ഹമീദ് കക്കണ്ടം, ഐ എൻ എൽ ജനറൽ സെക്രട്ടറി അസീസ് കടപ്പുറം, പി ഡി പി സെക്രട്ടറി മുഹമ്മദ് ബദിയടുക്ക , പ്രസ് ക്ലബ് പ്രസിഡന്‍റ് പി.എ ഷാഫി , മലബാർ വാർത്ത പത്രാധിപർ ബഷീർ ആറങ്ങാടി, യൂണിറ്റി ഹോസ്പിറ്റൽ ഡയറക്ടർ ഡോ. ഹബീബ് റഹ്‌മാൻ ,സംഘടനാ ചെയർമാൻ എൻജിനിയർ അബൂബക്കർ ,വർക്കിംഗ് പ്രസിഡന്‍റ് ഹമീദ് മധൂർ ,വൈസ് പ്രസിഡന്‍റ് പി.എ. നാസർ ,ജോയിന്‍റ് സെക്രട്ടറിമാരായ ഖാദർ കടവത്ത് ഹനീഫ പാലായി എന്നിവർ സംസാരിച്ചു . തുടർന്നു പ്രശസ്ത ഗായകൻ നവാസ് കാസർഗോഡും കുവൈത്ത് ഗായിക വിസ്മയ സംഘവും നടത്തിയ സംഗീത സന്ധ്യയും ആരങ്ങേറി .

മലബാർ വാർത്ത പത്രാധിപർ ബഷീർ ആറങ്ങാടി, അഡ്വൈസറി അംഗം ഹസൻ മാങ്ങാട് കൺവീനർമാരായ റഹീം ആരിക്കാടി, കബീർ മഞ്ഞംപാറ, കാദർ കാഞ്ഞങ്ങാട്, മുസ്തഫ ചമ്മനാട്, കെ.പി. ബാലൻ, അസർ കുമ്പള, ഷാഫി ബാവ, ശ്രീനിവാസൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. കുവൈറ്റ് ഫസ്റ്റ് ജനറൽ കൺവീനറും സംഘടനയുടെ വർക്കിംഗ് പ്രസിഡന്‍റുമായ ഹമീദ് മധൂർ സ്വാഗതവും സംഘടനയുടെ അഡ്വൈസറി ബോർഡ് അംഗം അനിൽ കള്ളാർ നന്ദിയും പറഞ്ഞു.

റിപ്പോർട്ട്: സലിം കോട്ടയിൽ