പ്രവാസി വ്യവസായിയുടെ ആത്മഹത്യ; സർക്കാർ കർശന നടപടി സ്വീകരിക്കണമെന്ന് ഓവർസീസ് എൻസിപി കുവൈറ്റ്
Thursday, June 20, 2019 9:40 PM IST
കുവൈത്ത്: ആന്തൂരിലെ പ്രവാസി വ്യവസായി സാജൻ പാറയ്ക്കൽ ആത്മഹത്യ ചെയ്ത സംഭവത്തിൽ സർക്കാർ കർശന നടപടി സ്വീകരിക്കണമെന്ന് ഓവർസീസ് എൻസിപി കുവൈറ്റ് ആവശ്യപ്പെട്ടു.

നഗരസഭയുടെ നടപടികളിൽ മനംനൊന്താണ് ആത്മഹത്യ ചെയ്തതെന്ന സാജന്‍റെ ഭാര്യ ബീനയുടെ വെളിപ്പെടുത്തൽ എല്ലാ പ്രവാസികളിലും വലിയ ഞെട്ടലും ആശങ്കയുമാണ് ഉണ്ടാക്കിയിരിക്കുന്നത്. പ്രവാസികൾക്ക് അനുകൂലമായ നിലപാടുകളുമായി അധികാരത്തിൽ വന്ന്, പ്രവാസി ക്ഷേമ പരിപാടികളും നയങ്ങളും പദ്ധതികളും ആവിഷ്കരിച്ച് നടപ്പിലാക്കി കൊണ്ടിരിക്കുന്ന സർക്കാരിന്‍റെ കാലത്ത് സംഭവിക്കാൻ പാടില്ലാത്തതാണ് സംഭവിച്ചിരിക്കുന്നത്.

ഇത്തരത്തിലുള്ള സംഭവത്തിൽ, രാഷ്ട്രീയത്തിന് അതീതമായി മുഖം നോക്കാതെ ആരോപണങ്ങളക്കുറിച്ച് കൃത്യമായി അന്വേഷിച്ച്, കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കാനും, ശിക്ഷ ഉറപ്പുവരുത്താനും ഭാവിയിൽ വിദേശ രാജ്യങ്ങളിൽ കഷ്ടപ്പെട്ട് പണിയെടുത്ത് സ്വരൂപിക്കുന്ന സമ്പാദ്യമുപയോഗിച്ചും, വായ്പയെടുത്തും സ്വദേശത്ത് സംരംഭങ്ങൾ തുടങ്ങുന്ന പ്രവാസികൾക്ക് ഇത്തരം അനുഭവങ്ങൾ ഭാവിയിൽ ഉണ്ടാകാതിരിക്കാനാവശ്യമായ നിയമ നിർമ്മാണങ്ങളും ഇടപെടലുകളും സർക്കാർ അടിയന്തരമായി കൊണ്ടുവരണമെന്ന് ലോക കേരളസഭാംഗവും ഓവർസീസ് എൻ സി പി കുവൈറ്റ് ദേശീയ കമ്മിറ്റി പ്രസിഡന്‍റുമായ ബാബു ഫ്രാൻസീസ് സർക്കാരിനോട് ആവശ്യപ്പെട്ടു.

റിപ്പോർട്ട്:സലിം കോട്ടയിൽ