ദമാമിൽ അരങ്ങുണർത്തി "പിരിശം 19'
Tuesday, July 16, 2019 7:45 PM IST
ദമാം: കൊയിലാണ്ടിക്കൂട്ടം ഗ്ലോബൽ കമ്യൂണിറ്റി ദമാം ഘടകം, അൽകോബാർ അസീസിയയിൽ, "പിരിശം 19' എന്ന പേരിൽ സംഘടിപ്പിച്ച കുടുംബ സംഗമം, അവതരണ ശൈലിയിലെ വ്യത്യസ്തത കൊണ്ടും സംഘാടന മികവ് കൊണ്ടും വേറിട്ട അനുഭവമായി.

കുടുംബാംഗങ്ങളും കുട്ടികളുമടക്കം നിരവധി പേർ പങ്കെടുത്ത സംഗമത്തിൽ വിവിധയിനം കലാപരിപാടികൾ അവതരിപ്പിക്കപ്പെട്ടു.

കൊയിലാണ്ടിക്കൂട്ടം ഗ്ലോബൽ കമ്യൂണിറ്റി തീം ഗാനത്തോടെ ആരംഭിച്ച പരിപാടി ദമാം ചാപ്റ്റർ ചെയർമാൻ ശിഹാബ് കൊയിലാണ്ടി ഉദ്ഘാടനം ചെയ്തു. പ്രസിഡന്‍റ് ജയരാജ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഷിറാഫ് മൂലാട്, അഡ്മിൻ പ്രമോദ് അത്തോളി ജോയിന്‍റ് ട്രഷറർ ഷംസാദ് അത്തോളി, മുഖ്യാതിഥികളായ പി.എം.നജീബ്, മുസ്തഫ തലശേരി എന്നിവർ സംസാരിച്ചു.

ഉപരിപഠനാർഥം നാട്ടിലേക്ക് യാത്ര തിരിക്കുന്ന സനാബിൽ മുജീബിന് ജോയിന്‍റ് സെക്രട്ടറിമാരായ ശ്രീജിത്ത് കാവിൽ, ഫരീദ് കുന്നത്ത് എന്നിവരും ഫബിന നവാസിന് വൈസ് പ്രസിഡന്‍റുമാരായ മുസ്തഫ പാവയിൽ, മുബീബ് കൊയിലാണ്ടി എന്നിവരും മൊമെന്‍റോ സമ്മാനിച്ചു.

ചെറുപ്രായം തൊട്ട് ആലാപന മികവിനാൽ കിഴക്കൻ പ്രവിശ്യയിലെ സംഗീതാസ്വാദകരുടെ മനം കവർന്ന, ഇപ്പോൾ സിനിമാ പിന്നണി ഗാനരംഗത്ത് ചുവടുറപ്പിച്ച അനുഗൃഹീത ഗായിക ജിൻഷ ഹരിദാസ്, മുഖ്യ രക്ഷാധികാരി അമീറലി കൊയിലാണ്ടിയിൽ നിന്ന് ദമാം ചാപ്റ്ററിന്‍റെ ആദരം ഏറ്റുവാങ്ങി.

സംഗീത നിശയിൽ ശിഹാബ് കൊയിലാണ്ടി, ജിൻഷ ഹരിദാസ്, നാസർ അണ്ടോണ, മുസ്തഫ പാവയിൽ, ഗൗരി സജീഷ്, അസീസ് കൊയിലാണ്ടി, മുബീന, അംന മുസ്തഫ, റിയാസ്, ബഷീർ പയ്യോളി, ഫൈസൽ എന്നിവർ ഗാനങ്ങൾ ആലപിച്ചു. വിവിധ മത്സരങ്ങൾ കൂടാതെ മാപ്പിളപ്പാട്ടിന്‍റെ ഈരടിക്കൊത്ത് പ്രസിഡന്‍റ് ജയരാജ് അവതരിപ്പിച്ച യോഗമുദ്രകളും അംന, നദ, സിയ, ജന്ന എന്നിവരുടെ കോൽകളിയും സിയാൻ അയ്ഹം എന്നിവരുടെ സിനിമാറ്റിക് ഡാൻസും ചടങ്ങിന് കൊഴുപ്പേകി.

അജ്മൽ, വിനോദ് വെങ്ങളം, നവാസ്, വാഹിദ്, ബഷീർ, ശിഹാബ് ഇ.സി., ദിലീപ്, ബാസിഹാൻ, മുബീന, സനില, വിജില, ജസീറ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. പ്രോഗ്രാം കൺവീനർ അസീസ് കൊയിലാണ്ടി സ്വാഗതവും ട്രഷറർ സജീഷ് പയ്യോളി നന്ദിയും പറഞ്ഞു.

റിപ്പോർട്ട്: അനിൽ കുറിച്ചിമുട്ടം