പോക്സോ കേസ് പ്രതിയെ സൗദിയിൽ നിന്നും നാട്ടിലെത്തിച്ചു
Wednesday, July 17, 2019 7:50 PM IST
റിയാദ്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം സൗദിയിലേക്ക് കടന്ന കൊല്ലം ഓച്ചിറ സ്വദേശി സുനിൽകുമാറിനെ (39) സൗദി പോലീസിന്‍റെ സഹായത്തോടെ റിയാദിൽ നിന്നും നാട്ടിലെത്തിച്ചു. കൊല്ലം സിറ്റി പോലീസ് കമ്മീഷണർ മെറിൻ ജോസഫിന്‍റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ നാട്ടിലെത്തിച്ചത്.

നാല് മാസം മുൻപാണ് പ്രതിയെ സൗദി ഇന്‍റർപോൾ റിയാദിൽ വച്ച് പിടികൂടുന്നത്. അൽ ഹൈർ ജയിലിലായിരുന്ന പ്രതിയെ ചൊവ്വാഴ്ച വൈകുന്നേരം നാലിന് കൊച്ചി എയർ ഇന്ത്യ വിമാനത്തിൽ നാട്ടിലെത്തിച്ചത്.

2017 ലാണ് കേസിനാസ്പദമായ സംഭവം. പട്ടികജാതിക്കാരിയായ പെൺകുട്ടിയെ സൗദിയിൽ നിന്നും അവധിക്ക് നാട്ടിലെത്തിയ സുനിൽ കുമാർ പീഡിപ്പിക്കുകയായിരുന്നു. കുട്ടിയുടെ ഇളയച്ഛന്റെ സുഹൃത്തായ പ്രതി പിന്നീട് സൗദിയിലേക്ക് മടങ്ങി. പീഡനവിവരം കുട്ടി സഹപാഠികളോട് പറഞ്ഞതോടെയാണ് സംഭവം പുറത്തറിയുന്നത്. സഹപാഠികളിൽ നിന്ന് അധ്യാപിക വിവരമറിയുകയും ചൈൽഡ് ലൈൻ പ്രവർത്തകരെ അറിയിക്കുകയുമായിരുന്നു.

13 വയസു മാത്രം പ്രായമുള്ള കുട്ടിയെ വീട്ടിലെ അപകടകരമായ സാഹചര്യം കണക്കിലെടുത്ത് അവർ കൊല്ലം കരിക്കോട്ടുള്ള മഹിളാമന്ദിരത്തിലേക്ക് മാറ്റി. എന്നാൽ അവിടെ വെച്ച് മറ്റൊരു പെൺകുട്ടിയോടൊപ്പം ഈ കുട്ടി ജീവനൊടുക്കി.

കുട്ടികളുടെ മരണത്തിനുത്തരവാദികൾ എന്ന് സംശയിക്കുന്ന മഹിളാമന്ദിരത്തിലെ ജീവനക്കാർ ഇപ്പോൾ ജയിലിലാണ്. പ്രതിയുടെ സുഹൃത്തായ കുട്ടിയുടെ ഇളയച്ഛനും അതിനിടെ ആത്മഹത്യ ചെയ്തു. സുനിൽ കുമാറിനെ തിരിച്ചെത്തിക്കാൻ നിരന്തരമായി നടത്തിയ ശ്രമങ്ങൾ ഫലിക്കാതെ വന്നപ്പോഴാണ് റെഡ് കോർണർ പുറപ്പെടുവിച്ച് കേന്ദ്ര ഇന്‍റലിജിൻസ് ബ്യുറോ വഴി ഇന്‍റർപോളിന്‍റെ സഹായം തേടിയത്.

കൊല്ലം ജില്ലാ ക്രൈം റെക്കോർഡ്സ് ബ്യുറോ അസി. പോലീസ് കമ്മീഷണർ എം. അനിൽകുമാർ, ഓച്ചിറ സർക്കിൾ ഇൻസ്പെക്ടർ ആർ. പ്രകാശ് എന്നിവരോടൊപ്പമാണ് മെറിൻ ജോസഫ് റിയാദിലെത്തിയത്.

റിപ്പോർട്ട്: ഷക്കീബ് കൊളക്കാടൻ