മെറിൻ ജോസഫ് ഐപിഎസിന് ഇത് ചരിത്ര ദൗത്യം
Wednesday, July 17, 2019 7:59 PM IST
റിയാദ്: രണ്ടു വർഷമായി കേരള പോലീസിന് പിടികൊടുക്കാതെ സൗദി അറേബ്യയിൽ കഴിയുകയായിരുന്ന പോക്സോ കേസ് പ്രതിയെ നാട്ടിലെത്തിക്കാനുള്ള ദൗത്യം വിജയകരമായി പൂർത്തിയാക്കിയതിലൂടെ കൊല്ലം പോലീസ് കമ്മീഷണർ മെറിൻ ജോസഫ് ഐപിഎസ് രചിച്ചത് പുതിയ ചരിത്രം.

2010 ൽ അന്നത്തെ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗിന്‍റെ സൗദി സന്ദർശനവേളയിലാണ് ഇരു രാജ്യങ്ങളും തമ്മിൽ കുറ്റവാളികളെ കൈമാറാനുള്ള ഉടമ്പടിയിൽ ഒപ്പുവയ്ക്കുന്നത്. ഇതിനിടെ തീവ്രവാദ, കൊലപാതക കേസുകളിൽ പ്രതികളായവരെ സൗദി അറേബ്യ ഈ കരാർ പ്രകാരം ഇന്ത്യക്ക് കൈമാറിയിട്ടുണ്ട്. എന്നാൽ ഒരു വനിതാ ഐ പി എസ് ഉദ്യോഗസ്ഥ ഇന്ത്യയിൽ നിന്നും ആദ്യമായാണ് സൗദിയിലെത്തി കുറ്റവാളികളെ ഏറ്റുവാങ്ങുന്നത്. പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം സൗദിയിലേക്ക് കടന്ന കൊല്ലം ഓച്ചിറ സ്വദേശി സുനിൽ കുമാറിനെയാണ് ഇവർ സൗദി ഇന്‍റർപോളിന്‍റെ സഹായത്തോടെ പിടികൂടി നാട്ടിലെത്തിച്ചത്. അവരോടൊപ്പം ദൗത്യത്തിൽ പങ്കാളികളായത് അസിസ്റ്റന്‍റ് . പോലീസ് കമ്മീഷണർ എം. അനിൽകുമാറും ഓച്ചിറ സർക്കിൾ ഇൻസ്പെക്ടർ ആർ. പ്രകാശുമായിരുന്നു. ഇരുവരും ഈ കേസന്വേഷണത്തിൽ പങ്കാളികളായവരാണ്.

എറണാകുളത്ത് ജനിച്ച് ഡൽഹിയിൽ വളർന്ന റാന്നി സ്വദേശിനിയായ മെറിൻ ജോസഫ് 2012 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥയാണ്. ഒൻപത് മാസം മുൻപ് ആണ് കൊല്ലം സിറ്റി പോലീസ് കമ്മീഷണർ ആയി ചാർജെടുത്തത്.

ഞായറാഴ്ചയാണ് മെറിൻ ജോസഫും സംഘവും റിയാദിലെത്തുന്നത്. ചൊവ്വാഴ്ച വൈകുന്നേരം നാട്ടിലേക്ക് മടങ്ങുന്നതിന് മുൻപായി അവർ ഇന്ത്യൻ എംബസിയിലെത്തി അംബാസഡർ ഡോ. ഔസാഫ് സയ്യിദുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

റിപ്പോർട്ട്: ഷക്കീബ് കൊളക്കാടൻ