സാംബശിവന്‍ പുരസ്‌കാര സമര്‍പ്പണം കൊടിയേരി ബാലകൃഷണന്‍ നിര്‍വഹിക്കും
Saturday, July 20, 2019 2:35 PM IST
കുവൈറ്റ് സിറ്റി: കുവൈറ്റ് മലയാളികളുടെ കലാ സാംസ്‌കാരിക കൂട്ടായ്മയായ കേരള ആര്‍ട്ട് ലവേഴ്‌സ് അസോസിയേഷന്‍, കല കുവൈറ്റിന്റെ കേരളത്തിലെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന തിരുവനന്തപുരം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കുവൈറ്റ് കല ട്രസ്റ്റ് കാഥികന്‍ വി സാംബശിവന്റെ പേരില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള സാംബശിവന്‍ സ്മാരക പുരസ്‌കാരവും വിദ്യാഭാസ എന്‍ഡോവ്‌മെന്റ് വിതരണവും 2019 ജൂലൈ 21, ഞായറാഴ്ച വൈകുന്നേരം നാലിനു കോട്ടയം സഹകരണ സംഘത്തിന്റെ പൊന്‍കുന്നം വര്‍ക്കി ഹാളില്‍ വെച്ചു നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. സിപിഎം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷണന്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും.

എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍, സിപിഎം കേന്ദ്രക്കമ്മിറ്റി അംഗവും കുവൈറ്റ് കല ട്രസ്റ്റ് ചെയര്‍മാനുമായ എംവി ഗോവിന്ദന്‍ മാസ്റ്റര്‍, സിപിഎം ജില്ല സെക്രട്ടറിയും സ്വാഗതസംഘം ചെയര്‍മാനുമായ വിഎന്‍ വാസവന്‍, അഡ്വ: കെ സുരേഷ് കുറുപ്പ് എംഎല്‍എ എന്നിവര്‍ പരിപാടിയില്‍ പങ്കെടുക്കും. കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവും പ്രശസ്ത കവിയും പത്രപ്രവര്‍ത്തകനും ചലച്ചിത്രനാടക ഗാനരചയിതാവും പുരോഗമന കലാസാഹിത്യസംഘം സംസ്ഥാന വൈസ് പ്രസിഡന്റുമായ ഏഴാചേരി രാമചന്ദ്രനാണ് ഈ വര്‍ഷത്തെ സാംബശിവന്‍ പുരസ്‌കാരം.

പരിപാടിയോടനുബന്ധിച്ച് നടക്കുന്ന കുടുംബ സംഗമത്തില്‍ കുവൈറ്റില്‍ നിന്നും നാട്ടിലെത്തിയിട്ടുള്ള കല കുവൈറ്റ് അംഗങ്ങള്‍ എല്ലാവരും പങ്കെടുക്കണമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍