ഈദ് അൽ അദയ്ക്കായി അബുദാബി പോലീസ് കാമ്പയിന്‍ ആരംഭിച്ചു
Saturday, August 10, 2019 6:03 PM IST
അബുദാബി: ഈദ് അൽ അദയുടെ ഭാഗമായി അബുദാബി പോലീസ് "നിങ്ങളുടെ സുരക്ഷ, ഞങ്ങളുടെ സന്തോഷം' എന്ന പേരിൽ മാധ്യമ അവബോധ കമ്യൂണിറ്റി കാന്പയിൻ ആരംഭിക്കുന്നു.

പള്ളികൾ, മാളുകൾ, മാർക്കറ്റുകൾ, പൊതു പാർക്കുകൾ എന്നിവയ്ക്ക് ചുറ്റുമുള്ള പോലീസ് പട്രോളിംഗ് ശക്തമാക്കുന്നതുൾപ്പെടെ ഈദ് അൽ ആദാ അവധി ദിവസങ്ങളിൽ എല്ലാവരുടെയും സുരക്ഷയ്ക്കായി സംയോജിത പദ്ധതി തയാറാക്കിയതായി അബുദാബി പോലീസ് ഡയറക്ടർ ജനറൽ മേജർ ജനറൽ മക്തൂം അലി അൽ ഷെരീഫി പറഞ്ഞു. പൊതുജനങ്ങളുമായി അടുത്ത ബന്ധം പുലർത്തുന്നതിനോടൊപ്പം ഏറ്റവും നൂതനമായ രീതികള്‍ നടപ്പിലാക്കി പ്രതികരണ സമയം മെച്ചപ്പെടുത്തുന്നതിനും പ്രത്യേക ഊന്നൽ നൽകും.

പാർക്കുകൾ, വാണിജ്യ കേന്ദ്രങ്ങൾ തുടങ്ങി നിരവധി സ്ഥലങ്ങളിൽ പ്രതിരോധ നടപടികളും സുരക്ഷാ ആവശ്യകതകളും ശക്തിപ്പെടുത്തുന്നതിന് സഹകരിക്കണമെന്ന് അദ്ദേഹം സമൂഹത്തിലെ എല്ലാ അംഗങ്ങളോടും ആഹ്വാനം ചെയ്തു. കുട്ടികളുടെ സുരക്ഷയ്ക്ക് പ്രത്യേകം പ്രാധാന്യം നല്‍കാനും പ്രത്യേകിച്ച് പാർക്കുകൾ, മാളുകൾ തുടങ്ങിയ തിരക്കേറിയ സ്ഥലങ്ങളിൽ കുട്ടികളെ ശ്രദ്ധിക്കണമെന്നും എല്ലാ സുരക്ഷാ നടപടികളും പാലിച്ച് ഉത്സവകാലം ആഘോഷിക്കണമെന്നും അലി അൽ ഷെരീഫി അഭ്യർഥിച്ചു.

റിപ്പോർട്ട്: അനിൽ സി. ഇടിക്കുള