പ്രളയ ദുരിതാശ്വാസത്തിനായി വിവാഹ സത്കാരം ഒഴിവാക്കി കുവൈറ്റ് മലയാളി
Wednesday, August 14, 2019 9:35 PM IST
നിലമ്പൂർ : കേരളത്തിലുണ്ടായ പ്രകൃതി ക്ഷോഭത്തിന്‍റെ പശ്ചാത്തലത്തിൽ വിവാഹ സൽക്കാരം ഒഴിവാക്കി മാതൃക കാട്ടിയിരിക്കുകയാണ് കുവൈറ്റ് മലയാളി. കുവൈത്തിലെ ആം ആദ്മി പ്രവർത്തകരുടെ സൗഹൃദ കൂട്ടായ്മയായ വൺ ഇന്ത്യ അസോസിയേഷൻ എക്സിക്യൂട്ടീവ് അംഗം സന്തോഷ് കുമാറിന്‍റേതാണ് തീരുമാനം.

മലപ്പുറം ചുങ്കത്തറ പള്ളിക്കുത്ത് അമ്പാടിയിൽ രാമചന്ദ്രൻ നായരുടെയും ശാന്തമ്മയുടെയും മകൻ സന്തോഷ് കുമാറിന്‍റേയും ഗൂഡല്ലൂർ തുറപള്ളി പുത്തൻവീട്ടിൽ ദേവേന്ദ്രന്‍റേയും സത്യഭാമയുടെയും മകൾ അമോദിനിയും തമ്മിലുള്ള വിവാഹം ഓഗസ്റ്റ് 17ന് ആണ് നടക്കുക. എന്നാൽ വിവാഹ ചടങ്ങ് നടത്തി സൽക്കാരം ഒഴിവാക്കി പൂർണമായും ആ തുക ദുരിതാശ്വാസത്തിന് വിനിയോഗിക്കുവാനാണ് സന്തോഷും കുടുംബാംഗങ്ങളും തീരുമാനിച്ചിരിക്കുന്നത്.

തന്‍റെ നാട്ടുകാർ പ്രകൃതി ദുരന്തത്തിൽ അകപ്പെട്ടപ്പോൾ സൽക്കാരം ഒഴിവാക്കി ആ തുക പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് വിനിയോഗിക്കുമെന്ന് സന്തോഷ് കുമാർ അറിയിച്ചു.

അദ്ദേഹത്തിൻറെ ഫേസ്ബുക്ക് പോസ്റ്റ് പൂർണരൂപം ചുവടെ:

പ്രിയ സുഹൃത്തുക്കളെ, നിലമ്പൂരിലും മറ്റു പല പ്രദേശങ്ങളിലും ഈയിടെ ഉണ്ടായ പ്രകൃതി ദുരന്തത്തിന്‍റേയും ഇപ്പോഴും തുടരുന്ന രക്ഷാ-ദുരിതാശ്വാസ പ്രവർത്തനങ്ങളുടെയും പശ്ചാത്തലത്തിൽ, എന്‍റെ വിവാഹത്തോട് അനുബന്ധിച്ചു 17-08-19നു നടത്താൻ നിശ്ചയിച്ചിരുന്ന സൽക്കാര ചടങ്ങ് ഒഴിവാക്കാൻ തീരുമാനിച്ചിരിക്കുകയാണ്.

ഇതിനകം ക്ഷണിക്കപ്പെട്ട അതിഥികൾക്ക് ഉണ്ടായ ബുദ്ധിമുട്ടിൽ ഖേദിക്കുന്നു.

വിവാഹ ചടങ്ങ് മുൻനിശ്ചയിച്ച പ്രകാരം 17-08-19നു തന്നെ നടക്കും.

സൽക്കാരത്തിനായ് കരുതി വച്ച തുക ദുരിതാശ്വാസ പ്രവർത്തനങ്ങളിലേക്ക് സംഭാവന ആയി നൽകാൻ കുടുംബം തീരുമാനിച്ച വിവരവും അറിയിക്കുന്നു."

റിപ്പോർട്ട്: സലിം കോട്ടയിൽ