നരേന്ദ്ര മോദിക്ക് ബഹറിനിൽ ഊഷ്മള സ്വീകരണം
Saturday, August 24, 2019 8:52 PM IST
മനാമ: ത്രിരാഷ്ട്ര സന്ദർശനത്തിന്‍റെ ഭാഗമായി ബഹറിനിലെത്തിയ ഇന്ത്യൻ പ്രധാന മന്ത്രി നരേന്ദ്ര മോദിക്ക് ഊഷ്മള സ്വീകരണം. വിമാനത്താവളത്തിൽ മോദിയെ ബഹറിൻ പ്രധാനമന്ത്രി ഖാലിഫ ബിൻ സൽമാൻ അൽ ഖാലിഫയും വിദേശകാര്യ മന്ത്രാലയത്തിലെ ഉയർന്ന ഉദ്യോഗസ്ഥരും ചേർന്നു സ്വീകരിച്ചു.

ബഹറിൻ സന്ദർശിക്കുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി. പ്രധാനമന്ത്രിയുടെ ബഹുമാനാർഥം ബഹറിൻ രാജാവ് ഷെയ്ഖ് ഹമദ് ബിൻ ഈസ അൽ ഖാലിഫ അത്താഴ വിരുന്ന് ഒരുക്കിയിട്ടുണ്ട്. തുടർന്നു ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമാക്കാൻ ഇരു നേതാക്കളും തമ്മിൽ ചർച്ച നടത്തും. പൊതു താത്പര്യമുള്ള അന്തർദേശീയ വിഷയങ്ങളും ചർച്ചകളിൽ പൊന്തിവരുമെന്നു കരുതുന്നു.

തുടർന്നു ബഹറിനിൽ പുനരുദ്ധാരണ ജോലികൾ നടക്കുന്ന ശ്രീകൃഷ്ണ ടെന്പിളിന്‍റെ ഉദ്ഘാടനവും നരേന്ദ്ര മോദി നിർവഹിക്കും.