കെകെഎംഎ കുടുംബ സഹായ നിധി വിതരണം ചെയ്യും.
Monday, September 9, 2019 7:22 PM IST
കുവൈത്ത്‌ : കെകെഎംഎ അംഗമായിരിക്കെ മരണപെടുന്നവരുടെ കുടുംബത്തെ സംരക്ഷിക്കുന്ന പദ്ധതിയായ കെകെഎംഎ കുടുംബ സഹായ നിധിയിൽ നിന്നും 85 ലക്ഷം രൂപ ഈ മാസം കേരളത്തിൽ വിതരണം ചെയ്യും.

അടുത്ത കാലത്തു മരണപ്പെട്ട ഒൻപതു പേരുടെ കുടുംബങ്ങൾക്ക് ആദ്യ ഗഡുവായി എട്ടു ലക്ഷം രൂപ വീതവും മുൻപ് മരണപ്പെടുകയും ആദ്യഗഡു എട്ടുലക്ഷം രൂപവീതം നൽകുകയും ചെയ്ത 12 കുടുംബങ്ങൾക് രണ്ടാംഗഡുവായി 78000 രൂപ വീതം ആകെ 934248 രൂപയും നൽകും .

ആദ്യ ഗഡു ലഭിക്കുന്ന ഒൻപതു കുടുംബങ്ങൾക് വിവിധ തീയതികളിലായി അവരവരുടെ പ്രദേശങ്ങളിലെ മഹല്ലിൽ വച്ചാണ് സഹായ നിധി കൈമാറുക. രണ്ടാം ഗഡു ലഭിക്കുന്ന 12 കുടുംബങ്ങൾക്ക് കൊയിലാണ്ടി ബദരിയ കോളജ് ഓഡിറ്റോറിയത്തിൽ സെപ്റ്റംബർ 14 നു രാവിലെ 9നു നടക്കുന്ന ചടങ്ങിൽ സഹായധനം കൈമാറും.പ്രവാസജീവിതം മതിയാക്കി നാട്ടിൽ സ്ഥിര താമസമാക്കിയ കുറഞ്ഞ വരുമാനക്കാരായ കെകെഎംഎ അംഗങ്ങൾക്ക് സംഘടന നൽകി വരുന്ന പ്രതിമാസ പെൻഷൻ വിതരണവും ചടങ്ങിൽ നടക്കും.

ഇപ്പോൾ വിതരണം ചെയ്യുന്ന 85 ലക്ഷം രൂപ കൂടാതെ , കെ കെ എം എ അംഗമായിരിക്കെ മരണപ്പെട്ട 139 സഹോദരങ്ങളുടെ കുടുംബത്തിന് എട്ടേ മുക്കാൽ കോടി രൂപ കെ കെ എം എ കുടുംബ സഹായ നിധിയിലൂടെ നേരത്തെ നൽകിയിട്ടുണ്ട്. മരണപെടുന്നവരുടെ ആശ്രിതരുടെ തുടർജീവിതത്തിനു ഒരു വരുമാനോപാധി കണ്ടെത്താൻ ഉതകുന്ന ഈ സഹായ പദ്ധതി കൂടാതെ അവരുടെ മക്കളുടെ പന്ത്രണ്ടാം ക്ലാസുവരെയുള്ള തുടർ വിദ്യാഭാസവും സംഘടന ഉറപ്പുവരുത്തുന്നു.

കഴിഞ്ഞ 17 വർഷത്തിലേറെയായി കുവൈത്തിലും കേരളത്തിലും വിവിധ സാമൂഹ്യ സേവന പദ്ധതികൾ നടത്തുന്ന കെകെഎംഎ യിൽ ഇപ്പോൾ പതിനാറായിരത്തിലേറെ അംഗങ്ങളുണ്ട്. സംഘടനയിലെ ഒരു സഹോദരൻ മരണപെടുമ്പോൾ , മറ്റെല്ലാ അംഗങ്ങളും നിശ്ചിതമായി നൽകുന്ന ചെറിയ തുകയാണ് കുടുംബ സഹായനിധി. ഇങ്ങനെ സമാഹരിക്കുന്ന തുക മുഴുവനായും കുടുംബത്തിന് കൈമാറുന്നു.

അംഗങ്ങൾക്കുള്ള വിവിധ ക്ഷേമ പദ്ധതികൾ കൂടാതെ കുടിവെള്ള ക്ഷാമം നേരിടുന്ന ഗ്രാമങ്ങളിൽ കുടിവെള്ള പദ്ധതി, മിടുക്കരായ കുട്ടികൾക്കു സ്കോളർഷിപ്പ്, പാവപെട്ട രോഗികൾക്കു ചികിത്സാസഹായം , നിർധനർക്ക് ഭവന നിർമാണ , ഭവന പുനരുദ്ധാരണം , ആരോഗ്യ വിദ്യാഭ്യാസ ബോധവത്കരണം , കുടുംബ ശാക്തീകരണം തുടങ്ങി വിവിധ സാമൂഹ്യ പ്രവർത്തനങ്ങളും കെകെഎംഎ നടത്തിവരുന്നു.

റിപ്പോർട്ട്: സലിം കോട്ടയിൽ