ഫ്രറ്റേണിറ്റി ഫോറം വോളന്‍റിയർമാരുടെ സേവനം മികച്ചത്: കോൺസൽ ജനറൽ മുഹമ്മദ് നൂർ റഹ്മാൻ ഷേഖ്
Monday, September 9, 2019 7:55 PM IST
ജിദ്ദ: ഹജ്ജ് സേവനത്തിനു ഫ്രറ്റേണിറ്റി ഫോറം പ്രാവർത്തികമാക്കിയ ആസൂത്രണ ശൈലി ഹറം പരിസരങ്ങളിലും അറഫ മിന മുസ്ദലിഫ എന്നിവിടങ്ങളിലും വോളന്‍റിയർമാരുടെ സേവനം ഫലപ്രദമായും കാര്യക്ഷമമായും ഹാജിമാർക്ക് വളരെയധികം ഉപകാരപ്പെട്ടു എന്ന് കോൺസൽ ജനറൽ മുഹമ്മദ് നൂർ റഹ്മാൻ ഷേഖ് . ഈ വർഷത്തെ ഹജ്ജ് സമയത്തു ഹാജിമാർക്ക് സേവനം നൽകിയ ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം വോളന്‍റിയർമാർക്ക് നൽകിയ സ്വീകരണ പരിപാടി ഔപചാരികമായി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇംഗ്ലീഷിൽ സംസാരമാരഭിച്ചു സദസ് പരിഗണിച്ചു ഉറുദുവിലേക്കു മാറ്റിയത് ഹർഷാരവങ്ങളോടെയാണ് ശ്രോതാക്കൾ സ്വീകരിച്ചത്.

ഇന്ത്യൻ ഹാജിമാരെ സേവിക്കാൻ നിയുക്തരായ 1300 ലധികം സർക്കാർ ഉദ്യോഗസ്ഥരെ സഹായിക്കാൻ ഫ്രറ്റേണിറ്റി ഫോറം പ്രവർത്തകർ ഇരുപത്തി നാല് മണിക്കൂറും സേവന സന്നദ്ധരായി ഹറമിലും പരിസരങ്ങളിലും ബസ് പോയിന്‍റുകളിലും അസീസിയയിലും ഉണ്ടായിരുന്നു എന്നത് പ്രത്യേകം എടുത്തു പറയേണ്ടതാണ് അദ്ദേഹം കൂട്ടിച്ചേർത്തു.

2016 - ൽ ഹജ്ജ് സന്നദ്ധ സേവനത്തിനിടെ മിനായിൽ മരണപ്പെട്ട നിയാസുൽ ഹഖ് മൻസൂരി യുടെ പേരിൽ ഏറ്റവും നല്ല ഹജ്ജ് വോളന്‍റിയർമാർക്കു കോൺസുലേറ്റ് ഒരു പുരസ്കാരം ഏർപ്പെടുത്തിയ കാര്യവും അദ്ദേഹം എടുത്തു പറഞ്ഞു.

ഫ്രറ്റേണിറ്റി ഫോറമടക്കം വിവിധ ഇന്ത്യൻ വോളണ്ടിയർമാരുടെ നിസ്വാർത്ഥവും ആത്മാർത്ഥവുമായ സേവനം സുരക്ഷാ ഉദ്യോഗസ്ഥന്മാരടക്കമുള്ള സൗദി അധികാരികളുടെ പ്രശംസ പിടിച്ചു പറ്റി. ഹജ്ജുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കോൺസൽ ജനറൽ അടക്കമുള്ള നയതന്ത്ര ഹജ്ജ് മിഷൻ ഉദ്യോഗസ്ഥർ സൗദി അധികാരികളെ സമീപിക്കുമ്പോൾ വളരെ അനുഭാവപൂർണമായ സമീപനവും മികച്ച സഹകരണവും ആണ് ലഭിച്ചത്. ഇതെല്ലാം ഫ്രറ്റേണിറ്റി ഫോറമടക്കമുള്ള ഇന്ത്യൻ വോളന്‍റിയർമാരുടെ സന്നദ്ധ സേവനങ്ങളുടെ ഫലമാണ് എന്ന അദ്ദേഹം പറഞ്ഞു.

വളരെ ശ്രദ്ധയോടെ ഫ്രറ്റേണിറ്റി ഫോറം രൂപ കല്പന ചെയ്ത മിനയുടെ ഭൂപടവും സ്മാർട് ഫോൺ ആപ്ലിക്കേഷനും പോലെ നൂതനവും ഉപകാരപ്രദവുമായ ഉദ്യമങ്ങളുമായി കൂടുതൽ ഭംഗിയായും വ്യവസ്ഥാപിതമായും ഫ്രറ്റേണിറ്റി ഫോറത്തിന്‍റെ സേവനങ്ങൾ ഹാജിമാർക്ക് ലഭിക്കട്ടെ എന്ന് അദ്ദേഹം ആശംസിച്ചു.


ഇന്ത്യാ ഫ്രറ്റേർണിറ്റി ഫോറം റീജ്ണൽ പ്രസിഡന്റ് ഫൈസുദ്ദീൻ അധ്യക്ഷത വഹിച്ചു. ഫ്രറ്റേണിറ്റി ഫോറം നടത്തുന്ന ഹജ്ജ് സേവനങ്ങളുടെ ഹൃസ്വ വിഡിയോ മീഡിയാ ടീം സദസിൽ അവതരിപ്പിച്ചു. അബ്ദുൽ ഗനി പരിപാടി നിയന്ത്രിക്കുകയും പരിപാടിയിൽ പങ്കെടുത്ത വിശിഷ്ട വ്യക്തിത്വങ്ങളെ സദസിനു പരിചയപ്പെടുത്തുകയും ചെയ്തു.

ഹജ്ജ് കോണ്സുലർ യുംകൈബം സാബിർ, പ്രമുഖ വ്യവസായിയും ജിദ്ദ നാഷണൽ ഹോസ്പിറ്റൽ മാനേജിങ് ഡയറക്ടറുമായ വി.പി. മുഹമ്മദലി, മാറാകിസുൽ അഹ്‌യ വളണ്ടിയർ ഓർഗനൈശേഷൻ കൺട്രോളർ ഡോ. യഹ്‌യ തുക്ബി, മുഹമ്മദ് സിദ്ധീഖി, ഇന്ത്യൻ സോഷ്യൽ ഫോറം സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് അഷ്‌റഫ് മൊറയൂർ, അൽ അബീർ ഗ്രൂപ്പ് സ്ട്രാറ്റജിക് പ്ലാനിംഗ് വൈസ് ചെയർമാൻ ഡോ. ജംഷിത് വിവിധ സന്നദ്ധ സംഘടനകളെ പ്രതിനിധീകരിച്ച് അബ്ദുൽ അസീസ് കിദ്വായ് (ഐ.പി.ഡബ്ലിയു.എഫ് പ്രസിഡന്റ് ) അബ്ദുൽ ഖാദർ ഖാൻ, നൗഷാദ് ചിറയിൻകീഴ് (ഫ്രറ്റേർണിറ്റി ഫോറം), അബ്ദുൽ ഹക്കീം കണ്ണൂർ, ഫൈസൽ മമ്പാട് എന്നിവരടക്കമുള്ള അതിഥികൾക്കും സദസിനും ഫ്രറ്റേണിറ്റി ഫോറം ജിദ്ദ റീജണൽ സെക്രട്ടറി ഷംസുദ്ദീൻ മലപ്പുറം സ്വാഗതവും സൈദ് അലി പശ്ചിമ ബംഗാൾ ഹൃദ്യമായ നന്ദിയും പറഞ്ഞു.

റിപ്പോർട്ട് : കെ.ടി. മുസ്തഫ പെരുവള്ളൂർ