കരുളായി പ്രവാസി സംഘം ചരിത്ര പഠന യാത്ര സംഘടിപ്പിച്ചു
Thursday, September 12, 2019 4:20 PM IST
ജിദ്ദ: ജിദ്ദയിലെ കരുളായി നിവാസികളുടെ കൂട്ടായ്മയായ കരുളായി പ്രവാസി സംഘത്തിന്‍റെ പത്താം വാര്‍ഷികത്തോടനുബന്ധിച്ച് അൽവാഹ ഹോളിഡേ ടൂർസുമായി സഹകരിച്ച് പ്രവാചക നഗരിയിലേക്ക് ചരിത്ര പഠന യാത്ര സംഘടിപ്പിച്ചു. പ്രവാചക ചരിത്രവുമായി ബന്ധപ്പെട്ട നിരവധി സ്ഥലങ്ങളും ശേഷിപ്പുകളും സംഘം സന്ദര്‍ശിച്ചു.

ചരിത്ര പണ്ഡിതനായ തല്‍ഹത്ത് സഖാഫി വിവിധ സ്ഥലങ്ങളുടെ ചരിത്ര പശ്ചാത്തലവും പ്രാധാന്യവും വിവരിച്ചു. മക്കയില്‍ നിന്ന് പലായനം ചെയ്‌തെത്തിയ പ്രവാചകനേയും സംഘത്തേയും ദഫ്മുട്ടി വരവേറ്റ സനിയ്യാത്തുല്‍വദാ, ആദ്യമായി ജുമുഅ തുടങ്ങിയ പള്ളി, ഫാത്തിമാ ബിന്‍ത് ഹുസൈന്‍ താമസിച്ചിരുന്ന വീട്, സല്‍മാന്‍ ഫാരിസിയുടെ ഈന്തപ്പന തോട്ടം, ബീര്‍ ഫുഖൈര്‍, സ്വര്‍ഗത്തിലെ കിണര്‍ എന്ന വിശേഷണമുള്ള ബീറുഗറസ്, ഉര്‍വ പാലസ്, ഒട്ടോമന്‍ കാലത്തുണ്ടായിരുന്ന ഹിജാസ് റെയില്‍വേ സ്റ്റേഷന്‍, തുര്‍ക്കിക്കോട്ട തുടങ്ങി ഒട്ടേറെ ഇടങ്ങള്‍ സന്ദര്‍ശിച്ചു. ഉഹ്ദ്, ഖന്തഖ് എന്നിവിടങ്ങളിലെ ചരിത്ര പ്രാധാന്യമുള്ള സ്ഥലങ്ങളും മസ്ജിദ് ഖുബായും സംഘം സന്ദര്‍ശിച്ചു.

പഠനയാത്രയ്ക്ക് കെപിഎസ് ഭാരവാഹികളായ നാസര്‍ കരുളായി, മുര്‍ശിദ് പുള്ളിയില്‍, മജീദ് വികെ, അബാസ് നെച്ചിക്കാടന്‍, സഫറലി മൂത്തേടത്ത്, അഷ്‌റഫ് ചുള്ളിയന്‍, ഹംസ കിളിയമണ്ണില്‍ എന്നിവര്‍ നേതൃത്വം നല്‍കി. കെ.ടി. മുസ്തഫ പെരുവള്ളൂര്‍ കോഓർഡിനേറ്റർ ആയിരുന്നു.

റിപ്പോർട്ട് : കെ.ടി. മുസ്തഫ പെരുവള്ളൂർ