പൗരത്വ രജിസ്റ്ററിൽ ഉൾപ്പെടാത്തവരുടെ ആശങ്കകൾ പരിഹരിക്കണം: മുനവറലി ശിഹാബ് തങ്ങൾ
Saturday, September 14, 2019 4:07 PM IST
റിയാദ്: ആസാം പൗരത്വ രജിസ്റ്ററിൽ ഉൾപ്പെടാത്തവരുടെ ആശങ്കകൾ പരിഹരിക്കണമെന്നും അവരോട് മനുഷ്യത്വപരമായ സമീപനം സ്വീകരിക്കണമെന്നും യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്‍റ് സയിദ് മുനവറലി ശിഹാബ് തങ്ങൾ ആവശ്യപ്പെട്ടു. ഹൃസ്വ സന്ദർശനാർഥം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ.ഫിറോസിനൊപ്പം റിയാദിലെത്തിയ അദ്ദേഹം വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു.

ആസാം- കശ്മീർ വിഷയങ്ങളിൽ മനുഷ്യാവകാശം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ഒക്ടോബർ 2 ന് മുസ് ലിം ലീഗ് റാലി സംഘടിപ്പിക്കുന്നുണ്ട്. ലീഗ് എംഎൽഎ മാർ അസം സന്ദർശിക്കുകയും ആവശ്യമായ സഹായങ്ങൾ നൽകുകയും ചെയ്യും. കേന്ദ്ര കേരള സർക്കാരുകൾ പ്രവാസി വിരുദ്ധ സമീപനം അവസാനിപ്പിക്കണം. പ്രവാസി സ്നേഹം വാക്കുകളിൽ മാത്രം ഒതുങ്ങുകയാണ്. വിമാന യാത്രക്കൂലി കുറയ്ക്കാൻ യാതൊരു നടപടിയും കേന്ദ്ര സർക്കാർ സ്വീകരിക്കുന്നില്ല. കേരളത്തിൽ പ്രവാസികൾക്ക് വ്യവസായം തുടങ്ങാൻ സർക്കാർ തലത്തിൽ യാതൊരു പിന്തുണയുമില്ല എന്നു മാത്രമല്ല ദ്രോഹിക്കുകയും ചെയ്യുന്നു.

കരിപ്പൂർ എയർപോർട്ടിന്‍റെ വികസനത്തിനും പ്രവാസികളുടെ വിവിധ വിഷയങ്ങൾ ഉന്നയിച്ചും യൂത്ത് ലീഗ് പാർലമെന്‍റ് മാർച്ച് അടക്കമുള്ള സമരങ്ങൾക്ക് ഇതിനകം നേതൃത്വം കൊടുത്തിട്ടുണ്ട്. വിമാനത്താവളം ആരംഭിക്കാനും അന്താരാഷ്ട്ര പദവി ലഭിക്കാനുമൊക്കെ നേതൃപരമായ പങ്കു വഹിച്ച പാർട്ടി എന്ന നിലയിൽ മുസ് ലിം ലീഗ് കരിപ്പൂർ എയർപ്പോർട്ടിന്‍റെ പുരോഗതിക്കായി പി.കെ. കുഞ്ഞാലിക്കുട്ടി എംപിയുടെ നേതൃത്വത്തിൽ ജനകീയ നടത്തുന്നുണ്ട്.

പ്രളയ ദുരിതാശ്വാസ ഫണ്ട് ഫിക്സഡ് ഡെപ്പോസിറ്റായി ബാങ്കിൽ നിക്ഷേപിച്ച സർക്കാരാണു കേരളം ഭരിക്കുന്നത്. ജനങ്ങൾ നൽകിയ സംഭാവന ആയിട്ടു പോലും വിതരണം ചെയ്യാതെ പിടിച്ചു വച്ചിരിക്കുകയാണു സർക്കാർ. ഇത് ഒരു തരത്തിലും നീതീകരിക്കാനാവില്ല. തകർന്ന റോഡുകൾ നന്നാക്കാനോ ദുരിത ബാധിതർക്ക് സഹായം എത്തിക്കാനോ സർക്കാർ തയാറാവുന്നില്ല. പ്രളയ സമയത്ത് സഹായം എത്തിക്കാൻ കെഎംസിസി നടത്തിയ പ്രവർത്തനങ്ങൾ അഭിനന്ദനാർഹമാണ്. യൂത്ത് ലീഗിന്‍റെ വോളന്‍റിയർ വിഭാഗമായ വൈറ്റ് ഗാർഡും ദുരിതാശ്വാസ രംഗത്ത് സജീവമായി ഉണ്ടായിരുന്നു. വൈറ്റ് ഗാർഡ് വോളന്‍റിയർമാർക്ക് കൂടുതൽ വിദഗ്ദ പരിശീലനം നൽകാൻ യൂത്ത് ലീഗ് തീരുമാനിച്ചിട്ടുണ്ടെന്നും തങ്ങൾ പറഞ്ഞു.

കോഴിക്കോട് മുസ് ലിം യൂത്ത് ലീഗ് ആസ്ഥാന മന്ദിരത്തിന് തറക്കല്ലിട്ട് കഴിഞ്ഞു. പത്തര സെന്‍റ് ഭൂമിയിൽ പന്ത്രണ്ടായിരം ചതുരശ്ര അടി വിസ്തൃതിയിലാണ് ഓഫീസ് പണിയുന്നത്. ഒരു ഓഫീസ് എന്നതിലുപരിയായി യുവജന ശാക്തീകരണത്തിനാവശ്യമായ ഒട്ടേറെ സംവിധാനങ്ങൾ കെട്ടിടത്തിൽ പ്രവർത്തിക്കും. റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, സ്മാർട്ട് ട്രെയ്നിംഗ് സെന്‍റർ, ലൈബ്രറി, ഓഡിറ്റോറിയം, വൈറ്റ് ഗാർഡ് സെന്‍റർ, മീഡിയാ റൂം തുടങ്ങിയവ ഇതിൽ സജ്ജീകരിക്കുമെന്ന് യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി.കെ. ഫിറോസ് പറഞ്ഞു.

വാർത്താസമ്മേളനത്തിൽ കെഎംസിസി സൗദി നാഷണൽ കമ്മിറ്റി പ്രസിഡന്‍റ് കെ.പി.മുഹമ്മദ് കുട്ടി, വർക്കിംഗ് പ്രസിഡന്‍റ് അഷ് റഫ് വേങ്ങാട്ട്, ജനറൽ സെക്രട്ടറി ഖാദർ ചെങ്കള, സെൻ ട്രൽ കമ്മിറ്റി പ്രസിഡന്‍റ് സി.പി.മുസ്തഫ എന്നിവരും പങ്കെടുത്തു.

റിപ്പോർട്ട്: ഷക്കീബ് കൊളക്കാടൻ