കൊയിലാണ്ടി ഫെസ്റ്റ് ഡിസംബർ 20ന് കബദിൽ
Saturday, October 5, 2019 5:57 PM IST
കുവൈത്ത്: കൊയിലാണ്ടി കൂട്ടം കുവൈറ്റ് ചാപ്റ്റർ അഞ്ചാം വാർഷികത്തോടനുബന്ധിച്ച് "കൊയിലാണ്ടി ഫെസ്റ്റ്-2019' ഡിസംബർ 20 നു (വെള്ളി) കബദിൽ സംഘടിപ്പിക്കുന്നു. അബാസിയ ഹൈഡൻ ഓഡിറ്റോറിയത്തിൽ നടന്ന കൊയിലാണ്ടി ഫെസ്റ്റ് പ്രഖ്യാപന പരിപാടി രക്ഷാധികാരി റൗഫ് മഷൂർ ഉദ്ഘാടനം ചെയ്തു. പ്രസിഡന്‍റ് മൻസൂർ മുണ്ടോത്ത്‌ അധ്യക്ഷത വഹിച്ചു. ചെയർമാൻ ഷാഹുൽ ബേപ്പൂർ കൊയിലാണ്ടി ഫെസ്റ്റ് പ്രഖ്യാപനം നടത്തി. കൊയിലാണ്ടി ഫെസ്റ്റ് കൂപ്പൺ ബോസ്കോ ഗ്രൂപ്പ് മാനേജിംഗ് പാർട്ണർ ശിവൻ കൺവീനർ റഷീദ് ഉള്ളിയേരിക്ക് നൽകി പ്രകാശനം ചെയ്തു. ഇല്യാസ് ബഹസൻ, മുസ്തഫ മൈത്രി, നജീബ് പി.വി, അക്‌ബർ ഊരള്ളൂർ എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി മനോജ് കുമാർ കാപ്പാട് സ്വാഗതവും റിഹാബ് തൊണ്ടിയിൽ നന്ദിയും പറഞ്ഞു.

ചിത്രരചന മത്സരം, മൈലാഞ്ചി മത്സരം, പ്രച്ഛന്ന വേഷമത്സരം, കുവൈത്തിലെ പ്രമുഖ ഡാൻസ് സ്കൂളുകൾ അവതരിപ്പിക്കുന്ന സിനിമാറ്റിക് ഡാൻസ്, ഗാനമേള തുടങ്ങി വിവിധ കലാപരിപാടികൾ ഫെസ്റ്റിന്‍റെ ഭാഗമായിരിക്കും. സാംസ്കാരിക സമ്മേളനത്തിൽ കൊയിലാണ്ടി കൂട്ടം കുവൈറ്റ് ചാപ്റ്റർ വിദ്യാഭ്യാസ പദ്ധതി സീസൺ രണ്ടിന്‍റെ പ്രഖ്യാപനവും ഉണ്ടാകുമെന്നു ഭാരവാഹികൾ അറിയിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ