പി.എം. ജാബിറിന് മികച്ച സാമൂഹ്യ പ്രവർത്തകനുള്ള എക്സലൻസ് അവാർഡ് സമ്മാനിച്ചു
Saturday, October 5, 2019 9:36 PM IST
മസ്കറ്റ്: ഗൾഫിലെ മികച്ച സാമൂഹ്യ പ്രവർത്തകനുള്ള കൈരളി ചാനലിന്‍റെ എക്സലൻസ് അവാർഡ് പി.എം. ജാബിറിന് സമ്മാനിച്ചു. ദുബായിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് അവാർഡ് സമ്മാനിച്ചത്.

കൈരളി ചാനലിന്‍റെ ചെയർമാൻ കൂടിയായ നടൻ മമ്മൂട്ടി ജാബിറിന് പ്രശസ്തി പത്രം സമ്മാനിച്ചു.
ബിസിനസ് രംഗത്ത് മികച്ച സംഭാവനകൾ നൽകിയവർക്കുള്ള കൈരളി ബിസിനസ് എക്സലൻസ് അവാർഡുകളും ഇരുവറും ചടങ്ങിൽ കൈമാറി.

ഫാൽക്കൺ പ്രിന്‍റേഴ്സ് മാനേജിംഗ് ഡയറക്ടർ കെ സുരേന്ദ്രൻ, ഷാഹി സ്പൈസസ് മാനേജിംഗ് ഡയറക്ടർ മുഹമ്മദ് അഷറഫ്, മക്ക ഹൈപർ മാർക്കറ്റ് മാനേജിംഗ്ഡയറക്ടർ മമ്മൂട്ടി എന്നിവരാണ് ഒമാനിൽ നിന്നും ബിസിനസ് എക്സലൻസ് അവാർഡിന് അർഹരായത്.

പ്രമുഖ വ്യവസായിയും ആർപി ഗ്രൂപ്പ് ചെയർമാനുമായ രവി പിള്ള, ലുലു ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ എം.എ. അഷറഫ് അലി, ഖലീജ് ടൈംസ് മാനേജിംഗ് എഡിറ്റർ ഐസക് പട്ടാണിപറമ്പിൽ എന്നിവരടങ്ങിയ ജൂറിയാണ് അവാർഡ് ജേതാക്കളെ തിരഞ്ഞെടുത്തത്.

കേരള നിയമസഭാ സ്പീക്കർ ശ്രീരാമകൃഷ്ണൻ, വ്യവസായ മന്ത്രി ഇ.പി.ജയരാജൻ, ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ, കൈരളി ടിവി എംഡി.ജോൺ ബ്രിട്ടാസ്, നോർകാ റൂട്സ് ഡയറക്ടർ ഒ.വി. മുസ്തഫ തുടങ്ങിയവർ ചടങ്ങിൽ ആശംസകൾ നേർന്നു സംസാരിച്ചു. കൈരളി ഡയറക്ടർ വി.കെ.മുഹമ്മദ് അഷറഫ് സ്വാഗതവും മിഡിൽ ഈസ്റ്റ് ന്യൂസ് & പ്രോഗ്രാംസ് ഡയറക്ടർ ഇ.എം.അഷറഫ് നന്ദിയും പറഞ്ഞു. ഗൾഫിലെ സാമൂഹ്യ വ്യാവസായിക രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങൾ ചടങ്ങിൽ സംബന്ധിച്ചു.

ഗൾഫിലെ സാമൂഹ്യ പ്രവർത്തന രംഗത്തെ പകരം വയ്ക്കാനാവാത്ത നാമമാണ് പി.എം. ജാബിറിന്‍റേത്. പ്രവാസത്തിന്‍റെ ചൂടില്‍ ഉരുകുന്നവര്‍ക്ക് ആശ്വാസത്തിന്‍റെ കുളിരേകിയുള്ള ജാബിറിന്റെ സേവന പ്രവര്‍ത്തനത്തിന് പ്രായം മൂന്നര പതിറ്റാണ്ട്. ഒമാന്‍ കേന്ദ്രമാക്കിയുള്ള ജാബിറിന്‍റെ പോരാട്ടം തുടങ്ങിയത് 1982-ല്‍. ജാബിര്‍ വിരിച്ച തണല്‍ വിവിധ രാജ്യങ്ങളിലെ ആയിരങ്ങള്‍ക്ക് ഇതോടകം ആശ്വാസമേകി.

ഒമാനിൽ മരണമടഞ്ഞ നാലായിരത്തോളം ഇന്ത്യാക്കാരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിന് സഹായം നൽകിയ ഇദ്ദേഹം, ആയിരക്കണക്കിന് തൊഴിലാളികൾക്ക് അവരുടെ തൊഴിൽ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് വഴികാട്ടിയായി മുന്നിൽ നിന്നു. സ്പോൺസർമാരുടെ പീഡനത്തിൽ നിന്നും മനുഷ്യക്കടത്തുകാരുടെ കെണിയിൽ നിന്നും നുറു കണക്കിന് യുവതികളെ രക്ഷപ്പെടുത്തി നാട്ടിലെത്തിക്കുന്നതിനു മുൻകൈ എടുത്ത ജാബിറിന് പലപ്പോഴും അതിന്‍റെ പേരിൽ വധഭീഷണി പോലും നേരിടേണ്ടി വന്നിട്ടുണ്ട്. രേഖകളില്ലാതെ ഒമാനിൽ കഴിഞ്ഞ കുടിയേറ്റ തൊഴിലാളികൾക്ക് പിഴയൊടുക്കാതെ നാട്ടിൽ തിരിച്ചു പോവുന്നതിന് പൊതുമാപ്പ് പ്രഖ്യാപിപ്പിക്കുന്നതിന് ഇട നൽകിയത് ഇദ്ദേഹത്തിന്‍റെ ഇടപെടലുകളായിരുന്നു. രോഗം മൂലവും അപകടം മൂലവും ആശുപത്രിയിൽ കഴിയേണ്ടി വരുന്ന നിസഹായരായ മനുഷ്യരുടെ ആശുപത്രി ചെലവുകളും അവരെ നാട്ടിലെത്തിക്കുന്നതിനുള്ള മാർഗങ്ങളും കണ്ടെത്തുക, മാസങ്ങളും വർഷങ്ങളും ജയിലിൽ കഴിയേണ്ടി വരുന്ന ഹതഭാഗ്യരുടെ മോചനം സാദ്ധ്യമാക്കുക തുടങ്ങി പ്രവാസികളുടെ സകല പ്രയാസങ്ങളിലും ആശ്രയമായി അവർക്ക് ഒരു അത്താണിയായി നില കൊള്ളുന്നതുകൊണ്ടാവാം വി.കെ.ശ്രീരാമൻ ജാബിറിനെ ഒരു ജിന്നെന്നു വിശേഷിപ്പിച്ചത്. ജാബിറിന്‍റെ സഹായം ലഭിച്ചവരിൽ ബംഗ്ലാദേശ്, നേപ്പാൾ, ശ്രിലങ്ക , എത്യോപ്യ തുടങ്ങിയ രാജ്യക്കാരുമുണ്ട്.

ഗൾഫിലെ പ്രമുഖ സംഘടനയായ കൈരളിയുടെടെ ജനറൽ സെക്രട്ടറി സ്ഥാനം പത്തു വർഷം വഹിച്ചിരുന്ന ജാബിർ നിലവില്‍ ഒമാനിലെ ഇന്ത്യാക്കാരുടെ പൊതുവേദിയായ ഇന്ത്യന്‍ സോഷ്യല്‍ ക്ലബിന്‍റെ സാമൂഹ്യക്ഷേമ വിഭാഗം സെക്രട്ടറിയാണ്. കേരള പ്രവാസി ക്ഷേമനിധിയുടെ സ്ഥാപക ഡയറക്ടർ ബോർഡിൽ അംഗമായിരുന്ന ജാബിർ ഇപ്പോൾ ഡയറക്ടറാണ്. കേരളാ പ്ളാനിംഗ് കമ്മീഷൻ വർക്കിംഗ് ഗ്രൂപ്പ് മെമ്പർ എന്നതിനു പുറമേ ലോക കേരള സഭ സ്റ്റാൻഡിംഗ് കമ്മിറ്റിയംഗം കൂടെയാണദ്ദേഹം.

പ്രവാസലോകത്തിന് നല്‍കിയ കിടയറ്റ പ്രവര്‍ത്തനത്തിന് നിരവധി അംഗീകാരങ്ങൾ ഇതിനകം തന്നെ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. വിദേശത്ത് സന്നദ്ധ സേവനം നടത്തുന്നവര്‍ക്ക് ലഭിക്കാവുന്ന ഏറ്റവും മികച്ച അംഗീകാരമായി കണക്കാക്കപ്പെടുന്ന Times Now/ICICIയുടെ 2016ലെ NRI of the year ജാബിറായിരുന്നു. ഇതിനു പുറമേ പ്രിയദര്‍ശിനി അവാര്‍ഡ്, ഷിഫ അല്‍ ജസീറ അവാര്‍ഡ്, മീഡിയ വണ്ണിന്‍റെ മികച്ച സാമൂഹ്യ പ്രവര്‍ത്തകനുള്ള അവാര്‍ഡ്, കുവൈത്ത് കേന്ദ്രമായുള്ള കേരള ആര്‍ട്‌സ് ലവേഴ്‌സ് അസോസിയേഷന്‍റെ രമേശ് സ്മാരക അവാര്‍ഡ്, ഒമാനിലെ തെലുഗു കമ്യൂണിറ്റി അവാർഡ്, ഗോവൻ കമ്മ്യൂണിറ്റി ആദരം, ചെറുതുരുത്തി ബി.പി.മണി ട്രസ്റ്റ് അവാർഡ്. Oman Talent Hunters ന്റെ Outstanding Indian award എന്നിവ ഇതില്‍ ചിലതു മാത്രമാണ്.

പ്രവാസ ലോകത്തെ ജാബിറിന്‍റെ തീക്ഷ്ണമായ അനുഭവത്തെ മുൻ നിർത്തി പ്രമുഖ എഴുത്തുകാരനായ ഹാറൂൺ റഷീദ് തയാറാക്കിയ "ആമുഖമില്ലാത്ത അനുഭവങ്ങൾ" എന്ന പുസ്തകം ലോക കേരള സഭയുടെ പ്രഥമ പൊതു സമ്മേളന വേദിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ തദ്ദേശ സ്വയം ഭരണ വകുപ്പു മന്ത്രി കെ.ടി.ജലീലിന് നൽകി പ്രകാശനം ചെയ്തു.

കാസർഗോട്ടെ കുന്നിൽ തറവാട്ടിൽ അബ്ദുള്ള കുഞ്ഞിയുടെയും തലശേരിയിലെ പ്രശസ്തമായ മാളിയക്കൽ തറവാട്ടിലെ നഫീസയുടെയും ഏറ്റവും ഇളയ മകനാണ് ജാബിർക്ക എന്നു വിളിക്കുന്ന പി.എം ജാബിർ. ഭാര്യ ഷഹനാസ്. മക്കൾ: വൈലാന, ജൂലിയാന.

റിപ്പോർട്ട്: സേവ്യർ കാവാലം