പാലക്കാട്, പെരിങ്ങോട് സ്വദേശിക്കു നാലു കോടി രൂപ നഷ്ടപരിഹാരം
Sunday, October 6, 2019 12:53 PM IST
അബുദാബി: വാഹനാപകടത്തില്‍ പരിക്കേറ്റ പാലക്കാട് സ്വദേശിക്കു രണ്ടു മില്യണ്‍ ദിര്‍ഹംസ് (ഏകദേശം നാലു കൂടി രൂപ) നഷ്ടപരിഹാരം നല്കാന്‍ അബുദാബി കോടതി വിധിച്ചു.

ദുബായില്‍ ഫാബ്രിക്കേഷന്‍ ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ കമ്പനിയില്‍ ജോലി ചെയ്തിരുന്ന 57 കാരനായ ഇ.കെ .ചന്ദ്രന്‍ എന്നയാള്‍ക്കാണ് ഇന്‍ഷുറന്‍സ് കമ്പനി നഷ്ടപരിഹാരം നല്കാന്‍ കോടതി വിധിച്ചത്. 2012 മാര്‍ച്ച് 26 നു ജോലി സ്ഥലത്തുനിന്നും തൊഴിലാളികളുമായി ചന്ദ്രന്‍ ഓടിച്ചിരുന്ന കാറിനു എതിരെ അമിത വേഗതയിലും, അശ്രദ്ധമായും റെഡ് സിഗ്‌നല്‍ മറികടന്നും ഓടിച്ചുവന്നിരുന്ന ട്രാസ്‌പോര്‍ട്ട് ബസ് ഇടിച്ചാണ് അപകടം ഉണ്ടായത്. സംഭവത്തില്‍ രണ്ടു പേര്‍ മരിക്കുകയും ചന്ദ്രനുള്‍പ്പെടെയുള്ളവര്‍ക്ക് മാരകമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ചന്ദ്രന് തലക്കും , കഴുത്തിനും , നട്ടെല്ലിനും മാരകമായ പരിക്കേല്‍ക്കുകയും ഒരുമാസത്തോളം ദുബായ് റാഷിദിയ ഹോസ്പിറ്റല്‍ ചികിത്സയിലുമായിരുന്നു. തുടര്‍ന്ന് തുടര്‍ചികിത്സാര്‍ഥം കേരളത്തിലെ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ ആയിരുന്നു എങ്കിലും ആരോഗ്യസ്ഥിയില്‍ കാര്യമായ പുരോഗതി ഉണ്ടായിരുന്നില്ല . ഇപ്പോഴും ദൈനംദിന കാര്യങ്ങള്‍ നിര്‍വഹിക്കുവാന്‍ പരസഹായം കൂടിയേ തീരൂ. രണ്ടു കുട്ടികളും ഭാര്യയും ഉള്‍പ്പെടുന്ന പാവപെട്ട കുടുംബത്തിന്റെ അത്താണിയാണ് പരിക്കുപറ്റിയ ചന്ദ്രന്‍. ചന്ദ്രന് വേണ്ടി അബുദാബി സംസ്ഥാന കെഎംസിസി ജനറല്‍ സെക്രട്ടറിയും, അബുദാബിയിലെ പ്രശസ്ത നിയമ സ്ഥാപനമായ 'ഹൗസ് ഓഫ് ജസ്റ്റിസ് അഡ്വക്കേറ്റ്‌സ് ആന്‍ഡ് ലീഗല്‍ അഡൈ്വസേഴ്‌സ് എന്ന സ്ഥാപനത്തിലെ ലീഗല്‍ അഡൈ്വസറുമായ അഡ്വ. കെ.വി. മുഹമ്മദ് കുഞ്ഞി നടത്തിയ നിയമ പോരാട്ടത്തിലാണ് ഇ.കെ ചന്ദ്രനു ഇത്രയും വലിയ തുക കോടതി നഷ്ടപരിഹാരം നല്കാന്‍ വിധിച്ചത്. അഡ്വക്കേറ്റ് ഖല്‍ഫാന്‍ ഗാനം അല്‍ കഹബി മുഖേനെയാണ് കേസ് വാദിച്ചത്.

2012 ല്‍ നടന്ന ഒരു സംഭവമായതുകൊണ്ട് തന്നെ നിയമത്തിന്റെ ഒട്ടേറെ നൂലാമാലകള്‍ മറികടന്നാണ് ഈ വിധി സമ്പാദിച്ചിരിക്കുന്നതെന്നും, അബുദാബിയിലെ സമീപ കാല ചരിത്രത്തിലെ ഏറ്റവും വലിയ തുകയാണ് നഷ്ടപരിഹാരമായി കോടതി വിധിച്ചിട്ടുള്ളത് എങ്കിലും ചന്ദ്രന്റെ പരിക്കും നിലവിലെ അവസ്ഥയും വച്ച് കൊണ്ട് മേല്‍ക്കോടതികളില്‍ നിന്നും കൂടുതല്‍ തുക നേടിയെടുക്കുന്നതിന് വേണ്ടുന്ന ശക്തമായ നിയമ പോരാട്ടം തുടര്‍ന്നും നടത്തുമെന്നും അഡ്വക്കേറ്റ് കെ.വി. മുഹമ്മദ് കുഞ്ഞി വ്യക്തമാക്കി .

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള