സിഎച്ച് നാളെയുടെ വിപത്തിനെ മുൻകൂട്ടി കണ്ട നേതാവ്: അഡ്വ.ഫൈസൽ ബാബു
Tuesday, October 8, 2019 6:57 PM IST
റിയാദ്: രാജ്യത്ത് മതന്യൂനപക്ഷങ്ങളും പിന്നോക്ക ജനവിഭാഗങ്ങളും ഇന്നു നേരിട്ട് കൊണ്ടിരിക്കുന്ന കൊടിയ പീഡനങ്ങളും അവഗണനയും നേരത്തെ തിരിച്ചറിഞ്ഞ് സമൂഹത്തിൽ അനിവാര്യമായ ഒട്ടേറെ മാറ്റങ്ങൾക്ക് തുടക്കമിട്ട നേതാവായിരുന്നു സിഎച്ച് മുഹമ്മദ് കോയ എന്ന് മുസ് ലീം യൂത്ത് ലീഗ് അഖിലേന്ത്യാ വൈസ് പ്രസിഡന്‍റ് അഡ്വ.ഫൈസൽ ബാബു. റിയാദ് കെഎംസിസി സെൻ ട്രൽ കമ്മിറ്റി നോഫാ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച സിഎച്ച് അനുസ്മരണ പരിപാടിയിൽ മുഖ്യപ്രഭാഷണം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.

സി.എച്ചിന്‍റെ ദർശനങ്ങൾ ക്കും വീക്ഷണങ്ങൾക്കും ഇന്ന് നമ്മുടെ രാജ്യത്ത് പ്രസക്തിയേറി വരികയാണ്. അവകാശ നിഷേധങ്ങൾക്കെതിരെ ശക്തമായി പ്രതികരിച്ച അദ്ദേഹം ജനാധിപത്യ സംഘടിത ശക്തിയിലൂടെ മാത്രമെ നമുക്ക് മുന്നോട്ട് പോകാനാവൂ എന്ന് ബോധ്യപ്പെടുത്തി. എല്ലാവരെയും സഹോദരങ്ങളെ പോലെ കാണുന്ന കേരളീയന്റെ മനസിലേക്ക് ഫാസിസ്റ്റുകൾക്ക് ചേക്കാറാൻ കഴിയാത്തതിന്‍റെ കാരണവും സി.എച്ചിനെ പോലുള്ള ദീർഘവീക്ഷണമുള്ള നേതാക്കന്മാരുടെ കർമ ചൈതന്യമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

മഹത്തായ സാംസ്കാരിക പാരമ്പര്യമുള്ള ഇന്ത്യയെ വെട്ടി നുറുക്കാനുള്ള മോഡി, ഷാ അച്ചു തണ്ടിന്റെ ശ്രമങ്ങൾക്കെതിരെ പ്രവാസ ലോകത്തും ശക്തമായ പ്രതിഷേധങ്ങൾ ഉയരണമെന്നും അദ്ദേഹം കൂട്ടിചേർത്തു.

സെൻ ട്രൽ കമ്മിറ്റി പ്രസിഡന്‍റ് സി.പി.മുസ്തഫ സമ്മേളനം ഉദ്ഘാടനം ചെയ്തു.ജനറൽ സെക്രട്ടറി എം.മൊയ്തീൻ കോയ അധ്യക്ഷത വഹിച്ചു. പ്രമുഖ ട്രെയ്നറും പ്രഭാഷകനുമായ ഡോ. സുലൈമാൻ മേല്പ്പത്തൂർ ‘വ്യക്തി, സമൂഹം, സംസ്കരണം എന്ന വിഷയത്തിൽ ക്ലാസെടുത്തു. കുടുംബ ബന്ധങ്ങൾക്കിടയിലെ വിള്ളലുകളും കാരണങ്ങളും സവിസ്തരം ചൂണ്ടിക്കാട്ടിയ അദ്ദേഹം കുടുംബത്തെയും കുട്ടികളെയും മാറ്റി നിർത്തിയുള്ള പ്രവാസ ജീവിതത്തിലെ ദുരന്ത ഫലങ്ങളും ചൂണ്ടിക്കാട്ടി.

അബ്ദുസലാം തൃക്കരിപ്പൂർ, ജലീൽ തിരൂർ, മാമുക്കോയ ഒറ്റപ്പാലം, സത്താർ താമരത്ത്, ഷംസു പെരുമ്പട്ട, ഷാഹിദ് മാസ്റ്റർ സംസാരിച്ചു. രജിസ്ട്രേഷനും സെൻട്രൽ കമ്മിറ്റി നടപ്പിലാക്കുന്ന സുരക്ഷാ പദ്ധതിയുടെ അംഗങ്ങളെ ചേർക്കുന്നതിനും സൈബർ വിംഗ് ഭാരവാഹികൾ നേതൃത്വം നൽകി. വനിതാ കെഎംസിസിയുടെ നേതൃത്വത്തിൽ നിരവധി കുടുംബങ്ങളും പങ്കാളികളായി. കെ.ടി. അബൂബക്കർ സ്വാഗതവും യു.പി.മുസ്തഫ നന്ദിയും പറഞ്ഞു.

റിപ്പോർട്ട്: ഷക്കീബ് കൊളക്കാടൻ