ഇടുക്കി അസോസിയേഷൻ കുവൈറ്റ് "ഓണനിലാവ് 2019" ആഘോഷിച്ചു
Tuesday, October 8, 2019 9:29 PM IST
കുവൈത്ത്: ഇടുക്കി അസോസിയേഷൻ കുവൈറ്റ് ഓണാഘോഷം "ഓണനിലാവ് 2019' വിവിധ പരിപാടികളോടെ ആഘോഷിച്ചു. താലപ്പൊലി, ചെണ്ടമേളം, പുലികളി തുടങ്ങിയവ ആഘോഷ പരിപാടികൾക്ക് മാറ്റുകൂട്ടി.

ഒക്ടോബർ 4 ന് അബാസിയ നോട്ടിംഗ്ഹാം ബ്രിട്ടീഷ്സ്കൂളിൽ അരങ്ങേറിയ ആഘോഷപരിപാടികൾ പ്രശസ്ത തെന്നിന്ത്യൻ സിനിമ താരം മനോജ്കെ.ജയൻ ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ എംബസിയുടെ പ്രധിനിധി ആയി ഫസ്റ്റ് സെക്രട്ടറി - കമ്മ്യൂണിറ്റി വെൽഫെയർ പി. പി. നാരായണൻ  ആശംസ നേർന്നു സംസാരിച്ചു. ഇടുക്കി അസോസിയേഷൻ മുൻ രക്ഷാധികാരിയും മുൻ ഇടുക്കി എംപിയുമായ അഡ്വ. ഫ്രാൻസിസ് ജോർജ് ആശംസകൾ നേർന്നു സംസാരിച്ചു.

രണ്ടുഘട്ടമായി നടത്തിയ പരിപാടിയുടെ ആദ്യഘട്ടം രാവിലെ 9.30നു അംഗങ്ങളുടെ കലാപരിപാടികളും തുടർന്നു വിഭവമായ സമൃദ്ധമായ ഓണസദ്യയോടും കൂടി 2 ന് അവസാനിച്ചു. തുടർന്നു സംഗീത പരിപാടി "മൺസൂൺബീറ്റ്‌സ്" അരങ്ങേറി.  മനോജ് കെ. ജയനോടൊപ്പം പ്രശസ്ത സംഗീത സംവിധായികയും ഗായികയും പന്ത്രണ്ടോളം വാദ്യോപകരണങ്ങളിൽ പ്രാവീണ്യം തെളിയിക്കുകയും ചെയ്തു. സൗമ്യ സനാതനൻ നയിച്ച മൺസൂൺ ബീറ്റ്‌സ് കാണികളുടെ കൈയടി നേടി.

പൊതുയോഗത്തിൽ പ്രസിഡന്‍റ് സുനിൽ കുമാർ അധ്യക്ഷത വഹിച്ചു. സംഘടന ഈ വർഷം ഏറ്റെടുത്തു നടത്തിയ വിവിധ ജീവകാരുണ്യ,സാംസ്‌കാരിക പ്രവർത്തനങ്ങൾ അദ്ദേഹം വിശദീകരിച്ചു. സംഘടനയുടെ ഈ വർഷത്തെ ഏറ്റവും വലിയ ജീവകാരുണ്യപ്രവർത്തനമായ "സഹോദരന് ഒരു വീട്" എന്ന ഭവനനിർമാണ പദ്ധതിയുമായി സഹകരിക്കുന്ന എല്ലാ സുമനസുകൾക്കും അദ്ദേഹം നന്ദി പറഞ്ഞു.  ജനറൽ സെക്രട്ടറി ജോസ് തോമസ്  സ്വാഗതം  ആശംസിച്ചു. വനിതാ വേദി ചെയർപേഴ്സൺ ഷംല ബിജു ആശംസകൾ നേർന്നു സംസാരിച്ചു. വൈസ് പ്രസിഡന്‍റ് ടോം എടയോടി, ജോയിന്‍റ് ട്രഷറർ അജീഷ് ലൂക്കോസ്, മറ്റ് എക്സിക്യൂട്ടീവ് /അഡ്വൈസറി അംഗങ്ങൾ എന്നിവർ സംഘാടന നേതൃത്വം നൽകി. ട്രഷറർ ബിജോയ് കുര്യൻ നന്ദി പറഞ്ഞു. പരിപാടിയോടനുബന്ധിച്ചു സംഘടിപ്പിച്ച ടിക്-ടോക് മത്സര വിജയികൾക്കുള്ള. സമ്മാനദാനം മനോജ് കെ. ജയൻ നിർവഹിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ