യുഎഇയിൽ ഡ്രൈവിംഗ് ലൈസൻസിന് പുതിയ ടെസ്റ്റ് സംവിധാനം
Wednesday, October 9, 2019 7:45 PM IST
അബുദാബി: ഡിസംബർ മുതൽ അബുദാബിയിൽ സ്മാർട്ട് ഡ്രൈവിംഗ് ടെസ്റ്റ് ആരംഭിക്കുന്നു. നാഷണൽ എക്സിബിഷൻ സെന്‍ററിൽ ആരംഭിച്ച രാജ്യാന്തര റോഡ് കോൺഗ്രസിലാണ് ഇതുസംബന്ധിച്ച് പ്രഖ്യാപനം ഉണ്ടായത്.

നിർമിത ബുദ്ധി ഉൾപെടെ നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ഡ്രൈവിംഗ് പഠിതാക്കളുടെ പഠന മികവ് അളന്ന് വിധി നിർണയിക്കുക. 9 അത്യാധുനിക കാമറകൾ ഘടിപ്പിച്ച വാഹനത്തിലാണ് സ്മാർട് ഡ്രൈവിംഗ് ടെസ്റ്റ്. 6 കാമറകൾ പുറത്തും മുന്നെണ്ണം അകത്തുമാണ് സ്ഥാപിച്ചിരിക്കുന്നത്.അകത്ത് സ്ഥാപിച്ചിരിക്കുന്ന കാമറകൾ വാഹനമോടിക്കുന്നയാളുടെ മുഖത്തേയും കണ്ണിലെയും ചലനങ്ങൾ ഒപ്പിയെടുക്കും.

ലെയ്ൻ മാറുമ്പോൾ ഡ്രൈവർ മധ്യത്തിലും ഇരുവശങ്ങളിലുമുള്ള കണ്ണാടികളിൽ നോക്കുന്നുണ്ടോ എന്നതടക്കം ഇതിലൂടെ പരിശോധിക്കും. കാമറയ്ക്കു പുറമേ കാറിന്‍റെ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ച സെൻസറുകളിൽ നിന്നുള്ള വിവരം കൂടി സമാഹരിച്ചാണ് ജയപരാജയം നിർണയിക്കുന്നത്. ജിപിഎസ് സംവിധാനം വഴി കാർ കൺട്രോൾ റൂമുമായി ബന്ധിപ്പിക്കും. ഡ്രൈവർ വരുത്തുന്ന തെറ്റുകൾ രേഖപ്പെടുത്തുന്നതും സ്മാർട്ട് സംവിധാനത്തിലൂടെയാണ്. ചെറിയ ഓരോ തെറ്റിനും സ്വമേധയാ മാർക്ക് കുറയ്ക്കും. ഗുരുതരമായ തെറ്റുകൾ രേഖപ്പെടുത്തുന്നതോടെ ടെസ്റ്റ് അവസാനിക്കും. ഡ്രൈവർ വരുത്തിയ തെറ്റുകൾ എന്താണെന്ന് അറിയേണ്ടവർക്ക് ദൃശ്യം കാണിക്കും.

റിപ്പോർട്ട്: അനിൽ സി. ഇടിക്കുള