കുവൈത്തിൽ എന്‍എസ്എസ് കുവൈറ്റിന്‍റെ വിദ്യാരംഭം കുറിക്കൽ
Friday, October 11, 2019 9:26 PM IST
കുവൈത്ത് സിറ്റി : നായര്‍ സര്‍വീസ് സൊസൈറ്റി കുവൈറ്റിന്‍റെ നേതൃത്വത്തില്‍ പ്രവാസലോകത്തെ കുരുന്നുകള്‍ക്കായി വിദ്യാരംഭ ചടങ്ങ് സംഘടിപ്പിച്ചു.

എന്‍എസ്എസ് കുവൈറ്റിന്‍റെ ഒന്‍പത് കരയോഗങ്ങളില്‍ നിന്നുമായി നിരവധി കുരുന്നുകളാണ് അറിവിന്‍റെ ആദ്യാക്ഷരം കുറിച്ചത്. സാല്‍മിയയില്‍ നടന്ന ചടങ്ങില്‍ കുവൈത്തിലെ പ്രശസ്ത ശിശുരോഗ വിദഗ്ദ്ധന്‍ ഡോ. പി.എസ്.എന്‍. മേനോന്‍ കുട്ടികള്‍ക്ക് അറിവിന്‍റെ ഹരിശ്രീ കുറിച്ചു. പ്രവാസലോകത്തും അറിവിന്‍റെ ആദ്യാക്ഷരം പകര്‍ന്നു നല്‍കുന്നത് വലിയ ധര്‍മ്മമായും അനുഗ്രഹമായും കരുതുന്നതായി അദ്ദേഹം ചടങ്ങില്‍ പറഞ്ഞു. ജാതി മത ഭേദമെന്യെ നടന്ന ചടങ്ങില്‍ അനൂപ് നമ്പൂതിരി മുഖ്യ കാര്‍മികത്വം വഹിച്ചു.

വിദ്യാരംഭം കോഓര്‍ഡിനേറ്റര്‍ രാധാകൃഷ്ണന്‍ കോയിപ്പുറം, പ്രസിഡന്‍റ് പ്രസാദ് പദ്മനാഭന്‍, ജനറല്‍ സെക്രട്ടറി സജിത്ത് സി. നായര്‍, ട്രഷറര്‍ സാല്‍മിയ ഏരിയ കോഓര്‍ഡിനേറ്റര്‍ അഖില്‍, ശ്രീരാജ്, ദിനചന്ദ്രന്‍, ശ്യാം തുടങ്ങിയവര്‍ വിദ്യാരംഭ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.

റിപ്പോർട്ട്: സലിം കോട്ടയിൽ