രക്തദാനബോധവത്കരണത്തിന് ഫ്ലാഷ് മോബ്
Monday, October 21, 2019 8:05 PM IST
കുവൈത്ത് സിറ്റി. ബ്ലഡ് ഡോണേഴ്സ് കേരള വിവിധ രാജ്യങ്ങളിൽ നടത്തിവരുന്ന സന്നദ്ധ രക്തദാന ബോധവത്കരണ പരിപാടികളുടെ ഭാഗമായി, കൂട്ടായ്മയുടെ കുവൈത്ത് ചാപ്റ്റർ ഫ്ലാഷ് മോബ് സംഘടിപ്പിച്ചു.

പരിപാടിയുടെ ആദ്യ അവതരണം ഒക്ടോബർ 18 ന് വൈകുന്നേരം 6ന് അബാസിയ നോട്ടിംഗ്ഹാം ബ്രിട്ടീഷ് സ്കൂളിൽ നടന്ന കണ്ണൂർ എക്സ്പാട്രിയേറ്റ്സ് അസോസിയേഷന്റെ ഓണാഘോഷപരിപാടിയിൽ, ഇന്ത്യൻ അംബാസിഡറും കുവൈത്തിലെ വിവിധ സംഘടനാപ്രതിനിധികളും മാധ്യമപ്രവർത്തകരും ഉൾപ്പെടെയുള്ള അതിഥികകളുടെ സാന്നിധ്യത്തിൽ നടന്നു.

തുടർന്നും കുവൈത്തിലെ വിവിധ മാളുകളിലും മറ്റ് പ്രധാന പരിപാടികളിലും സെൻട്രൽ ബ്ലഡ് ബാങ്കിന്റെ സഹകരണത്തോടെ ഫ്ലാഷ് മോബുകൾ അവതരിപ്പിക്കുകയും അതുവഴി കൂടുതൽ പുതിയ രക്തദാതാക്കളെ കണ്ടെത്തുകയുമാണ് പരിപാടി കൊണ്ട് ലക്ഷ്യമാക്കുന്നത്. പരിപാടിക്കായി കഴിഞ്ഞ രണ്ടാഴ്ചകളായി കുട്ടികളും മുതിർന്നവരും ഉൾപ്പെടെയുള്ള മികച്ച ഒരു സംഘമാണ് പരിശീലനം നടത്തിവന്നത്.

രക്തദാനം ഒരു മഹദ് കർമ്മമാണ്. ഒരാളുടെ ജീവൻ രക്ഷിക്കാനായി നിങ്ങൾ നല്കുന്ന രക്തം മറ്റൊരു വ്യക്തിക്ക് കിട്ടാവുന്ന ഏറ്റവും വലിയ സമ്മാനമായിരിക്കും. സാങ്കേതിക വിദ്യകളുടെ സഹായത്താൽ രക്തം ഉത്പാദിപ്പിക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ലാത്തതിനാൽ രക്തം വേണ്ടിവരുന്ന സന്ദർഭങ്ങളിൽ രക്തദാനം വഴി മാത്രമേ ജീവൻ രക്ഷിക്കാൻ കഴിയൂ. ഒരു സമൂഹത്തിന്റെ ആവശ്യം നിറവേറ്റണമെങ്കില്‍ ആ സമൂഹത്തിന്റെ ഒരു ശതമാനം സ്വമേധയാ രക്തം നല്കാന്‍ തയാറാകണം.

കാമ്പയിനുകളിൽ തികച്ചും വ്യത്യസ്തത പുലർത്തുകയും അതുവഴി സമൂഹത്തിൽ സന്നദ്ധ രക്തദാനത്തിന്‍റെ പ്രസക്തിക്ക് കൂടുതൽ ശ്രദ്ധനേടിയെടുക്കുകയുമാണ് ബിഡികെ യുടെ ഫ്ലാഷ് മോബിന്‍റെ ഉദ്ദേശം.

ആരുടെയും നിര്‍ബന്ധത്തിനു വഴങ്ങാതെ ബ്‌ളഡ് ബാങ്കില്‍ പോയി രക്തം നല്കുന്ന സംവിധാനമാണ് സന്നദ്ധരക്തദാനം. സന്നദ്ധരക്തദാനമാണ് ഏറ്റവും സുരക്ഷിതമായ രക്തദാനം, നിര്‍ഭാഗ്യവശാല്‍, സന്നദ്ധരക്തദാനം ചെയ്യുന്നവര്‍ സമൂഹത്തിൽ കുറവാണ്. രക്തദാനത്തെപ്പറ്റിയുള്ള ഭയം ഇപ്പോഴും സമൂഹത്തിലുണ്ട്. അത്തരത്തിലുള്ള ആശങ്കകളകറ്റി സന്നദ്ധരക്തദാനത്തിന്റെ പ്രാധാന്യം കൂടുതൽ പ്രചരിപ്പിക്കുകയെന്നതാണ് ബിഡികെയുടെ മുഖ്യലക്ഷ്യം.

ബിഡികെ ഒരുക്കുന്ന ഫ്ലാഷ് മോബ്, ഡാറ്റാ കളക്ഷൻ തുടങ്ങിയ സൗജന്യസേവനങ്ങൾ തങ്ങളുടെ ആഘോഷപരിപാടികളുടെ ഭാഗമായി സംഘടിപ്പിക്കാനാഗ്രഹിക്കുന്ന സംഘടനകൾ 6930 2536 അല്ലെങ്കിൽ 98001257 എന്ന വാട്സ്ആപ് അക്കൗണ്ട് കളിൽ ബന്ധപ്പെടേണ്ടതാണ്.

റിപ്പോർട്ട്: സലിം കോട്ടയിൽ