കുവൈത്തിൽ സന്ദര്‍ശക വീസയില്‍ എത്തുന്നവര്‍ക്ക് വീസാമാറ്റം അനുവദിച്ചു
Wednesday, October 23, 2019 6:00 PM IST
കുവൈത്ത്‌ സിറ്റി : രാജ്യത്ത് സന്ദര്‍ശക വീസയില്‍ എത്തുന്നവര്‍ക്ക് നിബന്ധനയോടെ മറ്റു വീസയിലേക്ക് മാറാന്‍ അനുമതി നല്കി കൊണ്ട് ആഭ്യന്തര മന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചു.

പുതിയ നിയമ പ്രകാരം സന്ദര്‍ശക വീസയില്‍ എത്തുന്നവര്‍ക്ക് ഗാർഹിക വീസയിലേക്കൊ ആശ്രിത വീസയിലേക്കൊ മാനദണ്ധങ്ങൾക്ക്‌ വിധേയമായി അനുവദിക്കുന്നതാണ്. അതോടൊപ്പം തൊഴിൽ വീസയിൽ രാജ്യത്ത്‌ പ്രവേശിക്കുകയും വീസ സ്റ്റാമ്പിംഗ്‌ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ സാധിക്കാതെ രാജ്യത്ത്‌ നിന്നും തിരിച്ചു പോകാൻ നിർബന്ധിതരായവർക്കു ഒരു മാസത്തിനകം സന്ദർശക വീസയിൽ തിരിച്ചെത്തിയാൽ തൊഴിൽ വീസയിലേക്ക്‌ മാറ്റം അനുവദിക്കും.

രാജ്യത്തെ സർക്കാർ ആശുപത്രികളിലോ , സർക്കാർ അംഗീകൃത സ്വകാര്യ ആശുപത്രികളിലോ ചികിൽസ തേടി എത്തുന്നവർക്കും കൂടെയുള്ളവർക്കും പ്രവേശന വീസ അനുവദിക്കുന്നതാണു പുതിയ നിയമത്തിലെ മറ്റൊരു പ്രധാന തീരുമാനം. ഇതിനായി അപേക്ഷകൻ ആരോഗ്യ മന്ത്രാലയത്തിൽ നിന്നോ സർക്കാർ അംഗീകരിച്ച ആശുപത്രികളിൽ നിന്നോ ഉള്ള സാക്ഷ്യ പത്രം ഹാജരാക്കേണ്ടതാണ്. വിദേശത്തു നിന്നുള്ള വിദ്യാർഥികൾക്ക്‌ രാജ്യത്തെ സർക്കാർ , സ്വകാര്യ സർവകലാശാലകളിൽ പഠന വീസ അനുവദിക്കുക എന്നതും പുതിയ നിയമത്തിൽ വ്യവസ്ഥ ചെയ്യുന്നു. ഇതിനായി സർക്കാർ സർവകലാശാലയിൽ നിന്നോ അല്ലെങ്കിൽ സ്വകാര്യ സർവകലാ ശാലയിൽ നിന്നോ നൽകുന്ന പഠന യോഗ്യത സർട്ടിഫിക്കേറ്റ്‌ ഹാജരാക്കണം.

ഒരു മാസത്തേക്കുള്ള മൾട്ടി എൻട്രി വീസ ഒരു വർഷം വരെ നീട്ടി നൽകും. വീസ കാലാവധി കഴിഞ്ഞവർക്കുള്ള താൽക്കാലിക വീസയുടെ കാലാവധി ചില പ്രത്യേക സാഹചര്യങ്ങളിൽ ഒഴികെ പരമാവധി മൂന്നു മാസമായി പരിമിതപ്പെടുത്തി. പ്രത്യേക കേസുകളിൽ പരമാവധി ഒരു വർഷം വരെ താൽക്കാലിക വീസ അനുവദിക്കും. ഈ കാലയളവിൽ താമസ രേഖ പുതുക്കുവാനോ മറ്റൊരു സ്പോൺസർഷിപ്പിലേക്ക്‌ മാറ്റുവാനോ സാധിക്കാതെ വന്നാൽ രാജ്യം വിടേണ്ടി വരുമെന്നും അറിയിപ്പിൽ പറയുന്നു.

റിപ്പോർട്ട്: സലിം കോട്ടയിൽ