ചെയ്‌സ് ചിൽഡ്രൻസ് ക്ലബ് മോട്ടിവേഷണൽ സെമിനാർ
Friday, November 8, 2019 7:09 PM IST
ഫുജൈറ: ചെയ്‌സ് ചിൽഡ്രൻസ് ക്ലബിന്‍റെ ആഭിമുഖ്യത്തിൽ ഡൽഹി ദർബാർ ഹോട്ടലിൽ മോട്ടിവേഷണൽ സെമിനാർ നടത്തി. ' ഓരോ കുട്ടിയും ജീനിയസാണ്' എന്നതായിരുന്നു വിഷയം. അധ്യാപകനും എഴുത്തുകാരനുമായ ഡഗ്ളസ് ജോസഫ് പ്രഭാഷണം നടത്തി.

എല്ലാ കുട്ടികളെയും ഡോക്ടറോ, എൻജിനിയറോ ആക്കാനുള്ള തത്രപ്പാടിൽ, അവരിൽ അന്തർലീനമായ വൈവിധ്യമായ കഴിവുകൾ മാതാപിതാക്കൾ അവഗണിക്കുന്നതായി ഡഗ്ളസ് പറഞ്ഞു. കായികം കല, അഭിനയം , മീഡിയ, രാഷ്ട്രീയം, ബിസിനസ്, കാർഷികം, അധ്യാപനം, ശാസ്ത്രം, തുടങ്ങി വിവിധ മേഖലകളിൽ ശോഭിക്കേണ്ട അനേക കുട്ടികളുടെ ഭാവിയാണ് ഇതിലൂടെ ഇല്ലാതാക്കുന്നത്. ഓരോ കുട്ടിയും ജീനിയസാണ്' എന്ന വിദ്യാഭ്യാസ മനശാസ്ത്രത്തിൽ അധിഷ്ഠിതമായ സ്കൂൾ വിദ്യാഭ്യാസമാണ് പാശ്ചാത്യ രാജ്യങ്ങളെ എല്ലാ രംഗത്തും മുന്പിലെത്തിച്ചതെന്നും അദ്ദേഹം പറഞ്ഞു.


നൂറുകണക്കിന് മാതാപിതാക്കളും കുട്ടികളും പങ്കെടുത്ത സെമിനാറിന് ചെയ്‌സ് ചിൽഡ്രൻസ് ക്ലബ് ഭാരവാഹികളായ മുഹമ്മദ് റിയാസ്, വേണു ദിവാകരൻ, ഷൈജു സുഗതൻ, സജിത്ത് എന്നിവർ നേതൃത്വം നൽകി. ഡഗ്ലസ് ജോസഫിന് ക്ലബിന്‍റെ മൊമെന്‍റോ പ്രസിഡന്‍റ് മുഹമ്മദ് റിയാസ് സമർപ്പിച്ചു. വിദ്യാർഥികൾക്കായി ആരംഭിച്ച വായന കളരി ഫുജൈറ ഹയർ കോളജ് അധ്യാപകനും സാംസ്കാരിക പ്രവർത്തകനുമായ രാജേഷ് പടിഞ്ഞാറേവീട്ടിൽ ഉദ്ഘാടനം ചെയ്‌തു.