മനുഷ്യ സമത്വം ഉദ്‌ഘോഷിക്കുന്ന വ്യവസ്ഥക്കേ വിമോചനത്തിന് സാധിക്കൂ പി.എം.എ. ഗഫൂര്‍
Sunday, November 17, 2019 12:58 PM IST
കുവൈറ്റ് സിറ്റി: 'മുഹമ്മദ് നബി: കാലം തേടുന്ന വിമോചകന്‍' തലക്കെട്ടില്‍ കെഐജി കുവൈറ്റ് സംഘടിപ്പിച്ച കാമ്പയിന്‍ സമാപിച്ചു. അബ്ബാസിയ ഇന്ത്യന്‍ സെന്‍ട്രല്‍ സ്‌കൂളില്‍ നടന്ന സമാപന സമ്മേളനത്തില്‍ പ്രമുഖ പ്രഭാഷകനും ഗ്രസ്ഥകാരനുമായ പി.എം.എ. ഗഫൂര്‍ മുഖ്യാതിഥിയായി. സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് നഹാസ് മാള ഉദ്ഘാടനം നിര്‍വഹിച്ചു. മനുഷ്യ സമത്വം ഉദ്‌ഘോഷിക്കുന്ന വ്യവസ്ഥക്ക് മാത്രമേ മനുഷ്യനെ വിമോചിപ്പിക്കാനാവൂവെന്നും മുഹമ്മദ് നബി പരിചയപ്പെടുത്തിയ വിമോചന സംഹിതയുടെ പ്രസക്തി അവിടെയാണെന്നും പി.എം.എ ഗഫൂര്‍ പറഞ്ഞു. മുഹമ്മദ് നബി ലോകത്തിന് ദൈവിക കാരുണ്യം പ്രസരിപ്പിച്ച പ്രവാചകനായിരുന്നു. ലോകം പുരോഗതിയെന്നും വികസനമെന്നും കൊട്ടിഘോഷിക്കുന്ന ആധുനിക വ്യവസ്ഥിതികള്‍ ആഭ്യന്തരവും ബാഹ്യവുമായ യുദ്ധ സാഹചര്യം സൃഷ്ടിക്കുന്നു. സാമ്പത്തിക വ്യവസ്ഥിതിയിലെ അശ്ലീലമായ പലിശയെ മുഹമ്മദ് നബി പ്രായോഗികമായി തന്നെ റദ്ദ് ചെയ്തുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാഷ്ട്രത്തേക്കാള്‍ വലുതാണ് മനുഷ്യന്‍ എന്നും ചോരവീഴ്ത്തിയുള്ള പോര്‍വിളിയേക്കാള്‍ പ്രവാചകന്‍ മുന്നോട്ടുവെച്ച കാരുണ്യത്തിന്റെ ദര്‍ശനത്തിനാണ് പ്രസക്തിയെന്ന് സമകാലിക ലോകം തെളിയിക്കുന്നതായി നഹാസ് മാള പറഞ്ഞു.

സാം പൈനം മൂട്, ഗിരീഷ് വയനാട്, കൃഷ്ണന്‍ കടലുണ്ടി, ഹംസ പയ്യന്നൂര്‍, അബ്ദുല്ല അടക്കാനി, ഫസീഹുള്ള, മുനീര്‍ മാത്ര, നാസര്‍ കൊയിലാണ്ടി, മുഹമ്മദ് റാഫി, ബഷീര്‍ ബാത്ത, അബ്ദുല്ലകെ, അപ്‌സര മുഹമ്മദ് തുടങ്ങിയവരും സമ്മേളനത്തില്‍ സംബന്ധിച്ചു.

അബ്ദുല്‍ ബാസിത് 'ഖുര്‍ആനില്‍നിന്ന്' അവതരിപ്പിച്ചു. കെ.ഐ.ജി ജനറല്‍ സെക്രട്ടറി ഫിറോസ് ഹമീദ് സ്വാഗതം പറഞ്ഞു. കെ.ഐ.ജി കുവൈത്ത് പ്രസിഡന്റ് സക്കീര്‍ ഹുസൈന്‍ തുവ്വൂര്‍ അധ്യക്ഷത വഹിച്ചു.യൂത്ത് ഇന്ത്യ നടത്തിയ പ്രവാചക പ്രകീര്‍ത്തന ഗാന മത്സര വിജയികള്‍ക്ക് മഹനാസ് മുസ്തഫ, ഓണ്‍ലൈന്‍ ക്വിസ് മത്സര വിജയികള്‍ക്ക് റഫീഖ് ബാബു, എക്‌സിബിഷന്‍ വിജയികള്‍ക്ക് അന്‍വര്‍ സഈദ്, ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍ പരീക്ഷാ വിജയികള്‍ക്ക് ഖലീല്‍ റഹ്മാന്‍ എന്നിവര്‍ സമ്മാനം നല്‍കി. കെ.ഐ.ജി വൈസ് പ്രസിഡന്റ് ഫൈസല്‍ മഞ്ചേരി സമാപന പ്രസംഗം നിര്‍വഹിച്ചു. നവംബര്‍ ഒന്നുമുതല്‍ നടന്ന കാമ്പയിനിന്റെ ഭാഗമായി സൗഹൃദ സംഗമങ്ങള്‍, ലഘുലേഘ വിതരണം, ജനസമ്പര്‍ക്ക പരിപാടികള്‍, ഓണ്‍ലൈന്‍ ക്വിസ് മത്സരം, പ്രവാചക പ്രകീര്‍ത്തന ഗാന മത്സരം, എക്‌സിബിഷന്‍ തുടങ്ങി വിവിധ പരിപാടികള്‍ നടന്നിരുന്നു.

റിപ്പോര്‍ട്ട്. സലിം കോട്ടയില്‍