കെഫാക് സെവൻസ് ഫുട്ബോൾ ടർണമെന്‍റ്: മാക് കുവൈറ്റ് എഫ്സി ചാമ്പ്യന്മാർ
Monday, November 18, 2019 7:35 PM IST
മിശ്രിഫ്, കുവൈത്ത് : യുണൈറ്റഡ് ജോബ്സും മലപ്പുറം ബ്രദേഴ്‌സ് എഫ്സി കെഫാക്കും സംയുക്തമായി നടത്തിയ ഏകദിന സെവൻസ് ടൂർണമെന്‍റിൽ മാക് കുവൈറ്റ് എഫ് സി ചാമ്പ്യന്മാരായി.

വാശിയേറിയ ഫൈനലിൽ ഫഹാഹീൽ ബ്രദേഴ്സിനെ ഏകപക്ഷീയമായ രണ്ട് ഗോളിന് പരാജയപ്പെടുത്തിയാണ് മാക് കുവൈറ്റ് എഫ് സി ചാമ്പ്യന്മാരായത്.

മാക് കുവൈറ്റിനു വേണ്ടി മിജിത്തും ഷിബിനും ഗോളുകൾ നേടി. കാൽപന്തുകളിയുടെ മുഴുവൻ ആവേശവും നിറഞ്ഞ ആദ്യ സെമിയിൽ ശഫാഫ് നേടിയ മനോഹരമായ രണ്ടു ഗോളുകൾക്ക് മലപ്പുറം ബ്രദേഴ്സിനെ പരാജയപ്പെടുത്തിയാണ് ഫഹാഹീൽ ബ്രദേഴ്‌സ് ഫൈനലിൽ പ്രവേശിച്ചത്. രണ്ടാം സെമിയിൽ സിഎഫ്സി സാൽമിയയെ ഏകപക്ഷീയമായ ഒരു ഗോളിന് കീഴടക്കി മാക് കുവൈറ്റ് എഫ്സിയും ഫൈനലിൽ ഇടം നേടി.

ഷൂട്ടൗട്ടിലൂടെ സിഎഫ് സി സാൽമിയയെ തോൽപ്പിച്ച് മലപ്പുറം ബ്രദേഴ്‌സ് ഏകദിന സെവൻസ് ടൂർണമെന്‍റിലെ മൂന്നാം സ്ഥാനം നേടി. ടൂർമെന്‍റിലെ മികച്ച താരമായി മാക് കുവൈറ്റ് എഫ്സി യിലെ കൃഷ്ണചന്ദനും മികച്ച പ്രതിരോധ താരമായി ഫഹാഹീൽ ബ്രദേഴ്‌സിന്‍റെ ഷഫാഫും മികച്ച ഗോൾ കീപ്പറായി മലപ്പുറം ബ്രദേഴ്‌സിലെ ഷഫീക്കിനെയും ടോപ് സ്‌കോറായി മാക് കുവൈത്തിലെ ഷിബിനെയും തിരഞ്ഞെടുത്തു.

വിജയികൾക്കുള്ള ട്രോഫി മലപ്പുറം ബ്രദേർസ് സെക്രട്ടറി മുനീർ മക്കാരി ,ട്രഷറർ ഫഹാദ്,കോഓർഡിനേറ്റർമാരായ റിയാസ് , മൻസൂര്‍ , അബാസ് , കെഫാക് ഭാരവാഹികള്‍ എന്നിവര്‍ ചേർന്നു സമ്മാനിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ