സ്വാമി വിശുദ്ധാനന്ദയെ ബഹറിനിലെ ഇന്ത്യൻ സമൂഹം ആദരിക്കുന്നു
Wednesday, November 20, 2019 8:36 PM IST
തിരുവനന്തപുരം: രാജ്യം പത്മശ്രീ പുരസ്കാരം നൽകി ആദരിച്ച ശിവഗിരി ശ്രീനാരായണ ധർമ സംഘം ട്രസ്റ്റ് പ്രസിഡന്‍റ് സ്വാമി വിശുദ്ധാനന്ദയെ ബഹറിനിലെ പ്രവാസി ഇന്ത്യൻ സമൂഹം ആദരിക്കുന്നു. നവംബർ 21ന് (വ്യാഴം) ആണ് പരിപാടി.

ശ്രീനാരായണ ഗുരുദേവന്‍റെ പാത പിന്തുടർന്ന് ഗുരു ദർശനങ്ങൾ പ്രാവർത്തികമാക്കി നന്മയുള്ള ഒരു സമൂഹത്തെ വാർത്തെടുക്കുവാൻ നടത്തിയ സ്വാമി വിശുദ്ധാനന്ദയുടെ നിസ്വാർഥവും അക്ഷീണവുമായ യത്നത്തിനാണ് രാജ്യം ഒടുവിൽ അദ്ദേഹത്തെ പത്മശ്രീ നൽകി ആദരിച്ചത്.

ബഹറിനിലെ ഇന്ത്യൻ സമൂഹവും കേരള സമാജവും സംയുക്തമായാണ് ആദരിയ്ക്കൽ ചടങ്ങ് സംഘടിപ്പിക്കുന്നത്. പ്രവാസി വ്യവസായിയും ശിവഗിരി തീർത്ഥാടന കമ്മിറ്റിയുടെ വർക്കിംഗ് ചെയർമാനുമായ കെ.ജി.ബാബുരാജ്, ബഹറിൻ കേരളീയ സമാജം പ്രസിഡന്‍റ് പി.വി.രാധാകൃഷ്ണപിള്ള എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകും.

ശിവഗിരി മഠത്തിൽ നിന്നും ശിവഗിരി ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ, തീർത്ഥാടന കമ്മിറ്റി സെക്രട്ടറി സ്വാമി വിശാലാനന്ദ, ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ശിവസ്വരൂപാനന്ദ, ശിവഗിരി തീർത്ഥാടന മീഡിയ കമ്മിറ്റി ചീഫ് കോ-ഓർഡിനേറ്റർ വണ്ടന്നൂർ സന്തോഷ് എന്നിവർ അതിഥികളായി പങ്കെടുക്കുന്ന ചടങ്ങിൽ വിവിധ സാമൂഹിക, രാഷ്ട്രീയ, സാംസ്കാരിക മേഖലകളിലെ പ്രമുഖരും സംബന്ധിക്കും.