പൗരത്വ ഭേദഗതി ബില്‍: കല കുവൈറ്റ് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു
Sunday, December 15, 2019 1:25 PM IST
കുവൈറ്റ് സിറ്റി: രാജ്യത്തെ പൗരന്മാരെ വര്‍ഗീയാടിസ്ഥാനത്തില്‍ രണ്ടായി വിഭജിച്ച് ഭരണ ഘടന ഉയര്‍ത്തിപ്പിടിക്കുന്ന മതേതരത്വത്തിന്റെ കടക്കല്‍ കത്തിവെച്ചുകൊണ്ട് ബിജെപി സര്‍ക്കാര്‍ കൊണ്ടുവന്ന പൗരത്വ ഭേദഗതി ബില്ലിനെതിരെ കേരള ആര്‍ട്ട് ലവേഴ്‌സ് അസോസിയേഷന്‍, കല കുവൈറ്റ് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. പൌരത്വ ഭേദഗതി ബില്‍ പിന്‍വലിക്കുക, ഭരണഘടന മൂല്യങ്ങള്‍ സംരക്ഷിക്കുക എന്നീ മുദ്രാവാക്യങ്ങളുയര്‍ത്തി കല കുവൈറ്റ് സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മ ബില്ലിനെതിരെയുള്ള കുവൈറ്റ് പ്രവാസി സമൂഹത്തിന്റെ ശബ്ദമായി മാറി. ഭരണ ഘടന ഉറപ്പു നല്‍കുന്ന തുല്യതയുടേയും മതനിരപേക്ഷതയുടേയും മൂല്യങ്ങളെ തകര്‍ക്കുന്ന ബില്‍ ജനങ്ങള്‍ക്കിടയില്‍ കടുത്ത ആശങ്ക സൃഷ്ടിച്ചിരിക്കുകയാണെന്നും, രാജ്യത്തെ എല്ലാ ജനങ്ങളും ഈ കരിനിയമത്തിനെതിരെ ഒന്നായി പോരാടണമെന്നും പ്രധിഷേധ കൂട്ടായ്മ ആഹ്വാനം ചെയ്തു.


കുവൈറ്റ് പ്രവാസി സമൂഹത്തെ പ്രതിനിധീകരിച്ച് സമൂഹ്യ സാംസ്‌കാരിക മേഖലകളിലെ നിരവധിയാളുകളാണ് പരിപാടിയില്‍ പങ്കെടുത്തത്. അബ്ബാസിയ കല സെന്ററില്‍ വെച്ച് കല കുവൈറ്റ് പ്രസിഡന്റ് ടിവി ഹിക്മത്തിന്റെ അധ്യക്ഷതയില്‍ നടന്ന കൂട്ടയ്മയില്‍ കല കുവൈറ്റ് ജോയിന്റ് സെക്രട്ടറി രജീഷ് പ്രതിഷേധ കുറിപ്പ് അവതരിപ്പിച്ചു. കല കുവൈറ്റ് ജനറല്‍ സെക്രട്ടറി സൈജു ടികെ സ്വാഗതം പറഞ്ഞ പരിപാടിയില്‍ വര്‍ഗീസ് പുതുകുളങ്ങര (ഒഐസിസി പ്രസിഡന്റ്), രാജീവ് ജോണ്‍ (കേരള അസോസിയേഷന്‍), ഹാരിസ് വള്ളിയോട് (കെഎംസിസി), ഷെറിന്‍ ഷാജു (വനിതാവേദി കുവൈറ്റ്), സാം പൈനുംമൂട് (കല കുവൈറ്റ്), സികെ നൌഷാദ് (കല കുവൈറ്റ്) എന്നിവര്‍ സംസാരിച്ചു. കല കുവൈറ്റ് ട്രഷറര്‍ കെവി നിസാര്‍ കൂട്ടായ്മക്ക് നന്ദി പ്രകാശിപ്പിച്ചു. കുവൈറ്റിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി നിരവധി ആളുകളാണ് കൂട്ടായ്മയില്‍ പങ്കെടുക്കാനായി എത്തിച്ചേര്‍ന്നത്.

വീഡിയോ ലിങ്ക്
https://we.tl/t-1umCoxoQPM

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍