എന്‍ലൈറ്റ്‌മെന്റ് അവാര്‍ഡ് എം.വി. അക്ബറിന്
Saturday, January 18, 2020 3:47 PM IST
ദോഹ: സാമൂഹിക, സാസ്‌കാരിക, വിദ്യാഭ്യാസ, സംരംഭക മേഖലകളില്‍ മികവ് തെളിയിക്കുന്നവര്‍ക്കായി അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന യുനൈറ്റഡ് ഹ്യൂമന്‍ കെയര്‍ ഇന്റര്‍നാഷണലിന്റെ എന്‍ലൈറ്റ്‌മെന്റ് അവാര്‍ഡ് ലിപി പബ്ലിക്കേഷന്‍സ് മാനേജിംഗ് ഡയറക്ടര്‍ എം.വി. അക്ബറിന്. ജനുവരി 19ന് ഞായറാഴ്ച പത്തിനു ചെന്നൈ വെസ്റ്റിന്‍ പാര്‍ക്ക് ഹോട്ടലില്‍ നടക്കുന്ന ചടങ്ങില്‍വെച്ച് അവാര്‍ഡ് വിതരണം ചെയ്യും.
വിവിധ ഭാഷകളിലായി രണ്ടായിരത്തിലധികം ശീര്‍ഷകങ്ങളില്‍ പ്രസിദ്ധീകരിച്ച ലിപി പബ്ലിക്കേഷന്‍സ് മാനേജിംഗ് ഡയറക്ടര്‍ എം.വി. അക്ബര്‍ ഒരു കലാസ്‌നേഹിയും എഴുത്തുകാരെ വളര്‍ത്തിക്കൊണ്ടു വരുന്നതിനുള്ള പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധേയനുമാണ്.

പ്രസാധനരംഗത്ത് നിരവധി പുരസ്‌കാരങ്ങള്‍ ലിപി സ്വന്തമാക്കിയിട്ടുണ്ട്. ബാലാമണിയമ്മ പുരസ്‌കാരം(2005), എം.ജി. യൂണിവേഴ്‌സിറ്റിയുടെ എക്‌സലന്‍സ് ഇന്‍ ബുക്ക് പ്രൊഡക്ഷന്‍ അവാര്‍ഡ് (2011), ഐ.എസ്.ഒ. 9001 : 2015 അംഗീകാരം തുടങ്ങിയവ ലഭിച്ചിട്ടുണ്ട്.

സാമൂഹിക, സംസ്‌കാരിക, വിദ്യാഭ്യാസ മേഖകളിലെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുക്കുമെന്ന് യുണൈറ്റഡ് ഹ്യൂമന്‍ കെയര്‍ ഇന്റര്‍നാഷണല്‍ പ്രസിഡന്റ് ഡോ. എസ്. ശെല്‍വിന്‍കുമാര്‍ പറഞ്ഞു.