"ടെക്നിക്കല്‍ സ്‌കില്ലിനേക്കാള്‍ പ്രാധാന്യം ലൈഫ് സ്‌കില്ലിന്'
Monday, January 27, 2020 8:41 PM IST
ദോഹ : അനുദിനം മാറി കൊണ്ടിരിക്കുന്ന ലോകത്ത് ലൈഫ് സ്‌കില്ലിന്‍റെ പ്രാധാന്യം വര്‍ധിച്ചു കൊണ്ടിരിക്കുകയാണെന്നും വികസിത രാജ്യങ്ങളിലെല്ലാം വിദ്യാഭ്യാസ യോഗ്യത മാത്രം മാനദണ്ഡമല്ലാതാവുകയും ചെയ്തു കൊണ്ടിരിക്കുകയാണെന്നും പ്രശസ്ത കരിയര്‍ എക്‌സ്‌പേര്‍ട്ടും ട്രെയിനറും, കൗണ്‍സിലറുമായ മുബാറക് മുഹമ്മദ് അഭിപ്രായപ്പെട്ടു.

ദോഹ അല്‍ മദ്രസ അല്‍ ഇസ് ലാമിയയില്‍ കോ - കരിക്കുലര്‍ ആക്ടിവിറ്റിയുടെ സഹവാസ പരിപാടിയില്‍ സെക്കൻഡറി വിദ്യാര്‍ഥികള്‍ക്കായി നടത്തിയ സ്‌കില്‍ ഡെവലപ്മെന്‍റ്എന്ന വിഷയത്തില്‍ ഗസ്റ്റ് ടോക്കില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം .

സ്‌കില്‍ ബെയ്‌സ്ഡ് കരിയറിലേക്ക് സാഹചര്യങ്ങള്‍ മാറുന്നതായിട്ടാണ് ഇന്നത്തെ പുതിയ ട്രന്‍റ്. കരിയര്‍ സ്‌കില്ലിനെ പോലെ തന്നെ ലൈഫ് സ്‌കില്ലിനും വലിയ പ്രാധാന്യമുള്ള ലോകത്താണ് നാം ജീവിക്കുന്നത്. ഇന്ത്യന്‍ വിദ്യാഭ്യാസ സിസ്റ്റത്തില്‍ സ്‌കില്ലിന് ഇപ്പോഴും വേണ്ടത്ര പ്രാധാന്യം നല്‍കുന്നില്ല എന്നത് നമ്മുടെ വിദ്യാഭ്യാസത്തിന്‍റെ ഒരു പോരായ്മയായി ഇന്നും നിലനില്‍ക്കുന്നു. അതിനെ മറികടക്കാന്‍ നാം സ്വയം ഉല്‍ബുദ്ധരാവുകയും ആവശ്യമായ സ്‌കില്ലുകള്‍ സ്വയം വികസിപ്പിച്ചെടുക്കുകയും ചെയ്താലേ ലോകത്തോടൊപ്പം സഞ്ചരിക്കാനുള്ള അര്‍ഹത നേടിയെടുക്കാന്‍ നമുക്കു സാധിക്കുകയുള്ളൂവെന്നു അദ്ദേഹം പറഞ്ഞു.

ചെറുപ്പത്തിലേ ഓരോരുത്തരും തങ്ങളുടെ അഭിരുചികളും സ്‌കില്ലുകളും കണ്ടെത്തി ആവശ്യമായ പ്രോത്സാഹനങ്ങള്‍ നല്‍കിയാലേ വളരെ കോംപിറ്റേറ്റീവ് ആയ ഈ ലോകത്ത് നമുക്ക് പൊരുതി പിടിച്ചു നില്‍ക്കാനും പ്രതിസന്ധി ഘട്ടങ്ങളെ മറികടക്കാനും സാധിക്കുകയുള്ളൂ .

വിദ്യാര്‍ഥികള്‍ക്ക് പൊതുവിലും പ്രവാസി വിദ്യാര്‍ഥികള്‍ക്ക് വിശേഷിച്ചും പ്രോബ്ലം സോള്‍ വിംഗ്, ക്രിറ്റിക്കല്‍ തിങ്കിംഗ് പോലുള്ള ഏറ്റവും അനിവാര്യമായ കഴിവുകള്‍ കുറവാണെന്നും, അവര്‍ വളരുന്ന ജീവിത സാഹചര്യങ്ങളില്‍ വേണ്ടത്ര ചലഞ്ചന്‍സ് ഇല്ലാത്തതാണ് ഇതിന് പ്രധാന കാരണമെന്നും മുബാറക് അഭിപ്രായപ്പെട്ടു. പ്രോബ്ലം സോള്‍ വിംഗ്, ക്രിറ്റിക്കല്‍ തിങ്കിംഗ് സ്‌കില്ലുകള്‍ ഡെവലപ്പ് ചെയ്യാന്‍ ആവശ്യമായ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും അതിനു അനുയോജ്യമായ ആക്ടിവിറ്റികളും നടത്തി കൊണ്ടായിരുന്നു മുബാറക്കിന്റെ പ്രസന്റേഷന്‍.

മദ്രസ വൈസ് പ്രിന്‍സിപ്പാള്‍ എം.ടി സിദ്ദീഖ് ഉസ്താദ് അധ്യക്ഷത വഹിച്ച പരിപാടിയില്‍ ദോഹ മദ്രസ ഹെഡ് ബോയ് അമാന്‍ ഹാഷിം സ്വാഗതവും ഹെഡ് ഗേള്‍ അഫീഫ ജബിന്‍ നന്ദിയും പറഞ്ഞു.