കേഫാക് അന്തജില്ലാ ടൂര്‍ണമെന്‍റ്: മസ്റ്റേര്‍സ് ലീഗില്‍ കോഴിക്കോടും സോക്കര്‍ ലീഗില്‍ മലപ്പുറവും ജേതാക്കൾ
Tuesday, January 28, 2020 6:51 PM IST
ബയാന്‍ (കുവൈത്ത് ) : കേഫാക് അന്തജില്ലാ ടൂര്‍ണമെന്‍റിനു ഉജ്ജ്വല തുടക്കം. കുവൈത്തി പ്രമുഖന്‍ അലി മുഹമ്മദ് ദുഫൈല ഉദ്ഘാടനം നിര്‍വഹിച്ചു. യൂണിയന്‍ കോണ്ട്രാക്ട്സ് സിഇഒ ഫിറോസ് അഹമ്മദ്, വിവിധ ജില്ലാ അസോസിയേഷന്‍ പ്രതിനിധികള്‍ , കേഫാക് ഭാരവാഹികള്‍ എന്നിവര്‍ സംബന്ധിച്ചു.

മാസ്റ്റേര്‍സ് ലീഗില്‍ കോഴിക്കോടും എറണാകുളവും തമ്മില്‍ ഏറ്റുമുട്ടിയ ഉദ്ഘാടന മല്‍സരത്തില്‍ മറുപടിയില്ലാത്ത ഒരു ഗോളിന് എറണാകുളത്തെ പരാജയപ്പെടുത്തി കോഴിക്കോട് ജേതാക്കളായി. കോഴിക്കോടിനുവേണ്ടി സഹീര്‍ ഗോള്‍ നേടി.

തുടര്‍ന്നു നടന്ന തൃശൂര്‍ കാസര്‍ഗോഡ് മല്‍സരവും മലപ്പുറം കണ്ണൂര്‍ മല്‍സരവും പാലക്കാട് തിരുവനന്തപുരം മല്‍സരവും സമനിലയില്‍ പിരിഞ്ഞു. യുവ താരങ്ങള്‍ ഏറ്റുമുട്ടിയ സോക്കര്‍ ലീഗില്‍ മറുപടിയില്ലാത്ത രണ്ടു ഗോളിന് കണ്ണൂരിനെ മലപ്പുറം കീഴടക്കി. മലപ്പുറത്തിനു വേണ്ടി വസീമും ജസീലുദ്ദീനും ഗോളുകള്‍ നേടി. തൃശൂരും തിരുവനന്തപുരവും ഏറ്റുമുട്ടിയ രണ്ടാം മല്‍സരം ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞു. തുടര്‍ന്നു നടന്ന എറണാകുളവും കാസര്‍ഗോഡും തമിലുള്ള മല്‍സരം ഇരു ഗോളുകള്‍ അടിച്ച് സമനിലയിലായി. അവസാന മല്‍സരത്തില്‍ കോഴിക്കോടും പാലക്കാടും ഓരോ ഗോളുകള്‍ അടിച്ച് സമനിലയില്‍ പിരിഞ്ഞു.

എല്ലാ വെള്ളിയാഴ്ചകളിലും മിഷറഫ് പബ്ലിക്‌ അതോറിറ്റി ഫോര്‍ യൂത്ത് ആന്‍ഡ്‌ സ്പോര്‍ട്സ് സ്റ്റേഡിയത്തില്‍ വൈകുന്നേരം 4 മുതല്‍ രാത്രി 9 മണിവരെയാണ് മത്സരങ്ങള്‍. കുവൈത്തിലെ മുഴുവന്‍ ഫുട്ബോള്‍ പ്രേമികള്‍ക്കും കുടുംബസമേതം മത്സരങ്ങള്‍ ആസ്വദിക്കുവാനുള്ള സൗകര്യം ഒരുക്കിയതായി കേഫാക് ഭാരവാഹികള്‍ അറിയിച്ചു.

വിവരങ്ങള്‍ക്ക് 99708812,55916413.

റിപ്പോർട്ട്: സലിം കോട്ടയിൽ