1100 കോടി രൂപയുടെ വീസ തട്ടിപ്പ് : പ്രതികള്‍ പിടിയില്‍
Friday, February 14, 2020 8:34 PM IST
കുവൈത്ത് സിറ്റി : രാജ്യത്തെ തന്നെ ഏറ്റവും വലിയ വീസ തട്ടിപ്പുമായി ബന്ധപ്പെട്ട് ബംഗ്ലാദേശികള്‍ അടക്കമുള്ള മൂന്ന് അംഗ സംഘത്തെ ആഭ്യന്തര മന്ത്രാലയം അറസ്റ്റു ചെയ്തു. 50 ദശലക്ഷത്തിലധികം ദിനാറിന്‍റെ തട്ടിപ്പാണ് പ്രതികള്‍ നടത്തിയത്.

വിവിധ സര്‍ക്കാര്‍ കരാറുകളില്‍ 20,000 ത്തിലധികം ബംഗ്ലാദേശ് തൊഴിലാളികളെയാണ് അനധികൃതമായി ഇവര്‍ കുവൈത്തിലേക്ക് കടത്തിയത്. ഓരോ ബംഗ്ലാദേശ് തൊഴിലാളിയില്‍ നിന്നും ക്ലീനിംഗ് വീസയുടെ ഫീസായി 1,800 മുതൽ 2,200 ദിനാർ വരെയും ഡ്രൈവർ വീസക്കായി 2,500 മുതൽ 3,000 ദിനാർ വരെയായിരുന്നു ഇവര്‍ ഈടാക്കിയിരുന്നത്.

തട്ടിപ്പു സംഘാംഗങ്ങളില്‍ ഒരാള്‍ അടുത്തിടെ ബംഗ്ലാദേശ് പാർലമെന്‍റ് അംഗവും രാജ്യത്തെ പ്രമുഖ ബാങ്കിന്‍റെ ഡയറക്ടർ ബോർഡ് അംഗവുമായിരുന്നുവെന്ന് പ്രാദേശിക പത്രമായ അല്‍ ഖബസ് റിപ്പോര്‍ട്ട് ചെയ്തു.

കുവൈത്തിലെത്തിയ ബംഗ്ലാദേശ് പാർലമെന്‍റ് അംഗം ഒരാഴ്ച മുമ്പാണ് രാജ്യം വിട്ടത്. തുടര്‍ നടപടികള്‍ക്കായി ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ടുമെന്‍റിലെ ഉദ്യോഗസ്ഥരെ നിയമിച്ചിട്ടുണ്ടെന്നും ബാക്കി പ്രതികളെ ഉടന്‍ പിടികൂടുമെന്നും അധികൃതര്‍ അറിയിച്ചു. തട്ടിപ്പിനെ തുടര്‍ന്നു ക്ലീനിംഗ് കമ്പനികളുടെ ഫയൽ താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണെന്ന് ആഭ്യന്തര വൃത്തങ്ങൾ വെളിപ്പെടുത്തി.

റിപ്പോർട്ട്: സലിം കോട്ടയിൽ