ആദ്യ അറബ് ഹോപ്പ് മേയ്ക്കറെ ഷെ‍യ്ക്ക് മുഹമ്മദ് പ്രഖ്യാപിച്ചു
Friday, February 21, 2020 7:39 PM IST
ദുബായ്: അറബ് മേഖലയിൽ ഇദംപ്രഥമായി സംഘടിപ്പിച്ച ഹോപ്പ് മേയ്ക്കർ 2020 നെ കണ്ടെത്താനുള്ള കൊക്കോകോളോ അരീന ഗ്രാൻഡ് ഫിനാലേ മത്സരത്തിൽ അറുപതുകാരനായ ഇമറേത്തി ബിസിനസുകാരൻ അഹമ്മദ് അൽ ഫലാസി തിരഞ്ഞെടുക്കപ്പെട്ടു.

അവസാന റൗണ്ട് മത്സരത്തിലെത്തിയ 5 പേരിൽ നിന്നാണ് അൽ ഫലാസി തിരഞ്ഞെടുക്കപ്പെട്ടത്. അബുദാബി വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെ‍യ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിൽ നിന്നും ഒരു മില്യൺ ദിർഹം വരുന്ന അവാർഡ് ഫലാസി ഏറ്റുവാങ്ങി.

എന്നെ സംബന്ധിച്ചിടത്തോളം ഫൈനൽ റൗണ്ടിലെത്തിയ അഞ്ചു പേരും വിജയികളാണെന്നും ഈ സമ്മാന തുക വ്യക്തിപരമായ ആവശ്യങ്ങൾക്ക് ഉപയോഗിക്കാതെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കണമെന്നും അൽ ഫലാസിക്ക് സമ്മന തുക കൈമാറിക്കൊണ്ട് ഷെയ്ഖ് മുഹമ്മദ് പറഞ്ഞു.

ആഫ്രിക്കയിൽ ഉടെനീളം നിരവധി കിഡ്നി ഡയലിസിസ് സെന്‍ററുകളും നവജാത ശിശുക്കൾക്കായി ഇൻകുബേറ്ററുകളും നവീകരിക്കുന്നതിന് അക്ഷീണം പരിശ്രമം നടത്തുന്ന ഒരു മനുഷ്യസ്നേഹിയാണ് ഷെയ്ഖ് അൽ ഫലാസി. തന്‍റെ സാമൂഹ്യ പ്രവർത്തനങ്ങൾക്ക് എന്നും കൂട്ടായിട്ടുള്ളത് ഭാര്യയും മകളുമാണെന്ന് അൽ ഫലാസി പറഞ്ഞു.

സൗദി സ്വദേശി അലി അൽ ഗാമദി, ഈജിപ്റ്റ്യൻ ഡോ. മുജാഹിദ് മുസ്തഫ, ലിബിയൻ അമേരിക്കൻ വംശജൻ മുഹമ്മദ് ബസീക് എന്നിവരാണ് ഫൈനലിലെത്തിയ മറ്റു നാലു പേർ. അഞ്ചു പേർക്കും ഒരു മില്യൺ ദിർഹം വീതം സമ്മാനമായി ലഭിക്കും.