മോദി രാഷ്ട്രീയം പിണറായി കേരളത്തിലും പയറ്റുന്നു: രമേശ് ചെന്നിത്തല
Saturday, February 22, 2020 12:07 PM IST
റിയാദ് : അഴിമതിക്കെതിരെ ശബ്ദിക്കുന്നവരെയും എതിര്‍ ചേരിയിലുള്ളവരെയും നിശബ്ദരാക്കാന്‍ കേരളം മുഖ്യമന്ത്രി പിണറായി വിജയന്‍ പയറ്റുന്നത്, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും അമിത് ഷായുടെയും അതെ അടവുകളാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല റിയാദില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രക്ഷോഭം പൂര്‍വ്വാധികം ശക്തമാക്കാനുള്ള തീരുമാനം യു ഡി എഫിന്റെ 25 നു ചേരുന്ന യോഗത്തിന് ശേഷം ഉണ്ടാകുമെന്നും ഹൃസ്വ സന്ദര്ശനാര്ത്ഥം റിയാദിലെത്തിയ പ്രതിപക്ഷ നേതാവ് പറഞ്ഞു. ഇടതുപക്ഷവുമായി യോജിച്ചു സമരം ചെയ്യുന്നതിനോട് യു ഡി എഫിന് വിരോധമൊന്നുമില്ല. എന്നാല്‍ എല്ലാറ്റിലും അവര്‍ക്ക് മേല്‍ക്കൈ വേണമെന്ന നിലപാട് ശരിയല്ല. കേരളത്തിലെ കോണ്‍ഗ്രസില്‍ വിരുദ്ധ അഭിപ്രായങ്ങളില്ലെന്നും അദ്ദേഹം പറഞ്ഞു. പൗരാവകാശങ്ങള്‍ മതാടിസ്ഥാനത്തില്‍ വേര്‍തിരിക്കുന്നത് ഭരണഘടനാ ലംഘനമാണ്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ഇത്തരം വിഷയങ്ങളിലുള്ള കാഴ്ചപ്പാട് വ്യക്തമാണ്. അതില്‍ നിന്ന് കടുകിട മാറാന്‍ പാര്‍ട്ടി തയ്യാറല്ല എന്നും അദ്ദേഹം പറഞ്ഞു.

കുട്ടനാട് സീറ്റിന്റെ കാര്യത്തില്‍ ഒരു ചര്‍ച്ചയും നടന്നിട്ടില്ല. ആ സീറ്റ് കോണ്‍ഗ്രസിന് വേണമെന്ന് അവകാശവാദം ഉന്നയിച്ചിട്ടുമില്ല. പിന്നെ അത്തരത്തിലൊരു ചര്‍ച്ച ഉയര്‍ന്നു വരേണ്ട ആവശ്യമില്ല എന്നും ചെന്നിത്തല അറിയിച്ചു. ഇടതുപക്ഷം തുടര്‍ച്ചയായി ജയിച്ചു വരുന്ന ഈ മണ്ഡലത്തില്‍ ശക്തനായ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തി യു ഡി എഫ് വിജയിക്കാനുള്ള ശ്രമം നടത്തും. ഇപ്പോഴത്തെ ഭരണത്തില്‍ പൊറുതിമുട്ടിയ ജനങ്ങള്‍ കുട്ടനാട്ടിലും ഇടതുപക്ഷത്തെ പരാജയപ്പെടുത്തുമെന്നാണ് പ്രതീക്ഷ. പോലീസിലെ അഴിമതികള്‍ അന്വേഷിക്കാന്‍ പോലീസിനെ തന്നെ ഏല്‍പ്പിക്കുന്നതില്‍ അര്‍ത്ഥമില്ല. ഇത് കോടതി കൂടെ നിര്‍ദ്ദേശിച്ചിട്ടുള്ളതാണ്. അതുകൊണ്ടു തന്നെ സംസ്ഥാന പോലീസില്‍ ഇപ്പോള്‍ ഉയര്‍ന്നു വരുന്ന ഗുരുതര അഴിമതി ആരോപണങ്ങള്‍ സി ബി ഐ അന്വേഷിക്കുന്നതാണ് യാഥാര്‍ഥ്യം പുറത്തു കൊണ്ടുവരാനുള്ള ഉത്തമ മാര്‍ഗമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

നീണ്ട ഒരു ഇടവേളക്ക് ശേഷമാണ് സൗദി അറേബ്യ സന്ദര്‍ശിക്കുന്നത്. കെ പി സി സി പുനഃസംഘടനയോടെ കോണ്‍ഗ്രസ് പ്രവാസി സംഘടനകളുടെ പുതിയ ഭരണസമിതികളും നിലവില്‍ വരുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഈ കാര്യത്തില്‍ പ്രവാസി ഘടകങ്ങളുടെ അഭിപ്രായങ്ങള്‍ സ്വരൂപിക്കാന്‍ കൂടി ഈ സന്ദര്‍ശനം ഉപയോഗപ്പെടുത്തുമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ഒഐസിസി വാര്‍ഷികഘോഷങ്ങളില്‍ പങ്കെടുക്കാനാണ് രമേശ് ചെന്നിത്തല റിയാദിലെത്തിയത്. ശനിയാഴ്ച വൈകുന്നേരം അദ്ദേഹം മടങ്ങും. വാര്‍ത്താസമ്മേളനത്തില്‍ ഒഐ സി സി ഭാരവാഹികളായ കുഞ്ഞി കുമ്പള, അബ്ദുല്ല വല്ലാഞ്ചിറ, രഘുനാഥ് പറശ്ശിനിക്കടവ്, മുഹമ്മദലി മണ്ണാര്‍ക്കാട്, ഷഫീഖ് കിനാലൂര്‍ തുടങ്ങിയവരും പങ്കെടുത്തു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍