കുറവുകൾ തിരിച്ചറിഞ്ഞു മുന്നേറുക : ജോസഫ് അന്നംകുട്ടി ജോസ്
Monday, February 24, 2020 7:17 PM IST
കുവൈത്ത്: "എല്ലാ വ്യക്തികളും ഒരുപോലെയല്ല. ചിലർക്ക് ചില കുറവുകൾ കണ്ടേക്കാം. എന്നാൽ അവയെ മറികടക്കുന്ന ചില മേന്മകളും അവർക്കുണ്ട്. നമ്മുടെ കൂടെയുള്ളവരുടെ കുറവുകൾ പെരുപ്പിച്ചു കാട്ടാതെ അവരുടെ മേന്മകൾക്ക് പിന്തുണ നൽകുക". ജോസഫ് അന്നംകുട്ടി ജോസ് പറഞ്ഞു നിർത്തിയപ്പോൾ സദസിൽ നിന്ന് നിലയ്ക്കാത്ത കൈയടി. സെന്‍റ് സ്റ്റീഫൻസ് യുവജന പ്രസ്ഥാനത്തിന്‍റെ വാർഷിക കോൺഫറൻസിനോട് അനുബന്ധിച്ച് നടത്തപ്പെട്ട ' മറുവശം - the other side ' എന്ന വിഷയത്തെ ആസ്പദമാക്കി ജോസഫ് അന്നംക്കുട്ടി ജോസഫ് നയിച്ച ക്ലാസ് ആയിരുന്നു ചടങ്ങ്.

പരിപാടിയുടെ ഉദ്ഘാടനം അഹമ്മദി സെന്‍റ് തോമസ് പഴയ പള്ളി വികാരി ഫാ. അനിൽ വർഗീസ് നിർവഹിച്ചു.സെന്‍റ് സ്റ്റീഫൻസ് ഇന്ത്യൻ ഓർത്തഡോക്സ് ഇടവക വികാരി ഫാ. ജോൺ ജേക്കബ് അധ്യക്ഷത വഹിച്ചു. യുവജന പ്രസ്ഥാനം സെക്രട്ടറി അലക്സ് പോളച്ചിറക്കൽ സ്വാഗതം ആശംസിച്ചു. ഇടവക ട്രസ്റ്റി സന്തോഷ് മാത്യു, സെക്രട്ടറി ജോർജ് പാപ്പച്ചൻ , യുവജന പ്രസ്ഥാനം കുവൈറ്റ് മേഖല കോഓർഡിനേറ്റർ സോജി, പ്രസ്ഥാനം വൈസ് പ്രസിഡന്‍റ് വർഗീസ് ജോസഫ് , ജോയിന്‍റ് സെക്രട്ടറി പ്രിൻസ് പൊന്നച്ചൻ എന്നിവർ ആശംസകൾ നേർന്നു. ട്രഷറർ ബിജോ ഡാനിയൽ നന്ദി പറഞ്ഞു.

തുടർന്നു ആശയവിനിമയവും സംഭാഷണങ്ങളുമായി ജോസഫ് അന്നംകുട്ടി ജോസ് വേദിയിലെത്തി.സ്വന്തം ജീവിത അനുഭവങ്ങളും കുടുംബാന്തരീക്ഷവും സ്വതസിദ്ധമായ നർമമത്തിൽ ചാലിച്ച് അദ്ദേഹം ക്ലാസുകൾ നയിച്ചു. ചില അനുഭവങ്ങൾ കേട്ടപ്പോൾ പലരുടെയും കണ്ണുകൾ ഈറനണിഞ്ഞു. "ജീവിതപങ്കാളികൾ പരസ്പരം എങ്ങനെ പെരുമാറണമെന്നും കുഞ്ഞുങ്ങളെ എങ്ങനെ അച്ചടക്കത്തിൽ വളർത്തണം' എന്നുമായിരുന്നു പ്രതിപാദ്യവിഷയം.

സുബി ജോർജിന്‍റെ നേതൃത്വത്തിൽ എബി പാപ്പച്ചൻ, ജോയ്‌സ് ചാക്കോ, ബിനു കെ. മാത്യു എന്നിവർ അംഗങ്ങളുമായ പ്രോഗ്രാം കമ്മിറ്റി പരിപാടിയുടെ വിജയത്തിനായി പ്രവർത്തിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ