ഫിനാബ്ലറിന്‍റെ "ബയാൻ പേ' ക്ക് സൗദിയിൽ പ്രവർത്തനാനുമതിയായി
Thursday, February 27, 2020 8:07 PM IST
റിയാദ്: ലോകപ്രശസ്ത ധനവിനിമയ ശൃംഖലയായ ഫിനാബ്ലറിന്‍റെ ഭാഗമായ, സൗദി അറേബ്യ ആസ്ഥാനമായുള്ള ഡിജിറ്റൽ പേയ്‌മെന്‍റ് സൊല്യൂഷൻ ദാതാവ് 'ബയാൻ പേ' ക്ക് സൗദി അറേബ്യൻ മോണിറ്ററി അതോറിറ്റി (സമ) യുടെ പ്രവർത്തനാനുമതി ലഭിച്ചു. സമ മുന്നോട്ടുവയ്ക്കുന്ന നിർദ്ദേശങ്ങൾ തൃപ്തികരവും വിജയകരവുമായി പാലിക്കുന്നതിന്‍റെ അടിസ്ഥാനത്തിലാണ് ഈ അംഗീകാരം.

രാജ്യത്തെ ജനങ്ങൾക്ക് ഡിജിറ്റൽ വാലറ്റ് വഴി പണമിടപാടുകൾ, ഇ-കോമേഴ്‌സ്, ചെറുകിട മധ്യനിര ബിസിനസ് പെയ്മെന്റ്സ് തുടങ്ങിയ സേവനങ്ങൾ ഇതുവഴി സാധ്യമാണ്. തങ്ങളുടെ നിലവിലുള്ള ഡിജിറ്റൽ സേവനങ്ങൾ വിപുലീകരിക്കുന്നതിന്‍റെ ഭാഗമായി 'ബയാൻ പേ' മുഖേന സൗദി അറേബ്യയിലുടനീളമുള്ള ഉപയോക്താക്കൾക്കും വാണിജ്യ സംരംഭകർക്കും ആഭ്യന്തര തലത്തിലും രാജ്യാന്തര തലത്തിലും പണമിടപാടുകൾ നടത്താൻ ഇതോടെ എളുപ്പത്തിൽ സാധിക്കും. ഫിനാബ്ലറിന്‍റെ ആഗോള തലത്തിലെ വിപുലശൃംഖലയും പരിചയ സമ്പത്തും വൈദഗ്ധ്യവും 'ബയാൻ പേ'യുടെ പ്രവർത്തനങ്ങൾക്കും സേവനങ്ങൾക്കും ആക്കം കൂട്ടും.

'ബയാൻ പേ'യുടെ മുഖ്യ പ്രവർത്തനങ്ങളിൽ ഉൾപ്പെടുന്നവയാണ് ബയാൻ പേ ബിസിനസ്സും ബയാൻ പേ വാലറ്റും. സൗദി അറേബ്യയിലെ ബിസിനസ് സ്ഥാപനങ്ങൾ തമ്മിലും, സ്ഥാപനങ്ങളും ഉപഭോക്താക്കളും തമ്മിലും, ബിസിനസ് സ്ഥാപനങ്ങളും സർക്കാർ സ്ഥാപനങ്ങളും തമ്മിലും ഏറ്റവും വേഗത്തിലും എളുപ്പത്തിലും സുരക്ഷിതമായി പണമിടപാട് സാധ്യമാക്കുന്ന ഓൺലൈൻ പെയ്‌മെന്റ്സ് സേവന സഞ്ചയികയാണ് "ബയാൻ പേ' ബിസിനസ്.

ലോകബാങ്കിന്‍റെ കണക്കുകളനുസരിച്ച് 43 ബില്യൺ അമേരിക്കൻ ഡോളറിന്‍റെ രാജ്യാന്തര വിനിമയം നടക്കുന്ന സൗദി അറേബ്യയിലെ ഉപഭോക്താക്കൾക്ക്, ഫിനാബ്ലറിന്‍റെ നൂതന സാങ്കേതിക സംവിധാനങ്ങളുടെ സഹായത്തോടെ, അതിർത്തികൾക്കപ്പുറത്തേക്കും തടസങ്ങളില്ലാതെ സുരക്ഷിതമായി നിയമാനുസൃത പണമിടപാടിന് സൗകര്യമൊരുക്കുന്ന ഇ-വാലറ്റ് സേവനമാണ് ബയാൻ പേ വാലറ്റ്.

ത്വരിതഗതിയിൽ വളർന്നുകൊണ്ടിരിക്കുന്ന സൗദി അറേബ്യൻ വിപണിയുടെ ധനവിനിമയ രംഗത്ത്, കാഷ്‌ലെസ് സമൂഹമായി മാറാനുള്ള യത്നത്തിൽ 'ബയാൻ പേ' ക്രിയാത്മകമായ പങ്ക് വഹിക്കുമെന്ന് ഫിനാബ്ലർ ഗ്രൂപ്പ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ പ്രമോദ് മങ്ങാട്ട് പറഞ്ഞു.

ഉപഭോക്താക്കൾക്കും സംരംഭകർക്കും സർക്കാർ സ്ഥാപനങ്ങൾക്കും സുതാര്യവും സുഖകരവുമായ പണമിടപാടിന് പ്രതലമൊരുക്കുന്നതിലൂടെ ബയാൻ പേ സൗദി അറേബ്യൻ സാമ്പത്തിക വിനിമയ മേഖലയുടെ ഡിജിറ്റൽ സ്‌പേസിൽ വലിയ ചുവടു വയ്ക്കുമ്പോൾ, ഫിനാബ്ലറിന്റെ സുദീർഘ സേവന പാരമ്പര്യവും സാങ്കേതിക നൈപുണ്യവും വിപുല ശൃംഖലയും തങ്ങൾക്ക് മുതൽക്കൂട്ടാണെന്ന് ബയാൻ പേ സ്ഥാപകനും ചെയർമാനുമായ ഫഹദ് അൽ ഫവാസ് പ്രസ്താവിച്ചു.

സൗദി അറേബ്യയിലെ മൊത്തം പണമിടപാടുകളിൽ 36 ശതമാനം വരുന്ന ചെറുകിട കച്ചവട മേഖലയിൽ കാഷ് ലെസ് പേയ്മെന്‍റ്സ് പ്രോത്സാഹിപ്പിക്കുന്ന പുതുസാഹചര്യത്തിൽ, സൗദി വിഷൻ 2030 പദ്ധതിയിലൂടെ 2030 ആവുമ്പോഴേക്കും ഇത് 70 ശതമാനമാക്കുവാൻ ലക്ഷ്യമിടുമ്പോൾ ഏറ്റവും അനുയോജ്യമായ ഇ-ബിസിനസ് ഡിജിറ്റൽ വാലറ്റ് സേവനദാതാവാണ്, റിയാദിൽ സ്ഥാപിതമായ 'ബയാൻ പേ'.