മന്ത്രാലയ ജീവനക്കാരെ മാതൃ രാജ്യത്തേക്ക് മടങ്ങാന്‍ വഴിയൊരുക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി
Monday, March 23, 2020 6:04 PM IST
കുവൈത്ത് സിറ്റി: രാജ്യത്ത് സ്കൂള്‍ അവധി ഓഗസ്റ്റ് നാലുവരെ ആക്കിയതിനാല്‍ അധ്യാപകർക്കും റസിഡന്‍റ് അഡ്മിനിസ്ട്രേറ്റർമാർക്കും മാതൃ രാജ്യത്തേക്ക് മടങ്ങുവാനുള്ള എക്സിറ്റ് തയാറാക്കുന്നതുമായി ബന്ധപ്പെട്ട വകുപ്പുകളെ അറിയിക്കണമെന്ന് വിദ്യാഭ്യാസ മന്ത്രിയും ഉന്നത വിദ്യാഭ്യാസ മന്ത്രിയുമായ ഡോ. സദ് അൽ ഹർബി നിർദ്ദേശിച്ചു.

ഒന്നുമുതൽ 11 വരെ ഗ്രേഡുകൾക്ക് ക്ലാസ് തുടങ്ങുക ഒക്ടോബർ നാലിനു മാത്രമാണ്. കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിലാണ് രാജ്യത്ത് സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചത്. മാർച്ച് തുടക്കത്തിൽ ആദ്യം രണ്ടാഴ്ച അവധി പ്രഖ്യാപിക്കുകയും പിന്നീട് രണ്ടാഴ്ച കൂടി നീട്ടുകയും ചെയ്തു. ഇതാണ് ഇപ്പോൾ വീണ്ടും നീട്ടിയിരിക്കുന്നത്. റസിഡന്‍റ് അധ്യാപകരുടെ മാനസികവും സാമൂഹികവുമായ അവസ്ഥകളെ വിലമതിക്കുന്നതാണ് ഈ നടപടിയെന്ന് മന്ത്രി പറഞ്ഞു.

എക്സിറ്റ് പേപ്പറുകള്‍ മന്ത്രായലത്തില്‍ നിന്നും നേരിട്ട് വാങ്ങേണ്ട ആവശ്യമില്ലെന്നും ജീവനക്കാര്‍ക്ക് എത്തിച്ച് നല്‍കുവാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. ലോകം കടന്നുപോകുന്ന നിലവിലെ സാഹചര്യങ്ങളുടെ വെളിച്ചത്തിൽ എല്ലാ മന്ത്രാലയ ജീവനക്കാരും പൗരന്മാരും വിദേശികളും ആരോഗ്യ മന്ത്രാലയത്തിന്‍റേയും മറ്റു സര്‍ക്കാര്‍ വകുപ്പുകളുടെയും നിർദേശങ്ങൾ പാലിക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ