സൗദിയിൽ രോഗബാധിതർ 500 കടന്നു: രാജ്യം അതീവ ജാഗ്രതയിൽ
Monday, March 23, 2020 6:32 PM IST
റിയാദ്: സൗദി അറേബ്യയിലെ കൊറോണ ബാധിതരുടെ എണ്ണത്തിൽ ഭീതിതമായ വർധനവാണുണ്ടായതെന്നും കൂടുതൽ ശക്തമായ പ്രതിരോധ നടപടികളിലേക്ക് രാജ്യത്തിനു പോകേണ്ടി വരുമെന്നും ആരോഗ്യ വകുപ്പ് വക്താവ് ഡോ. മുഹമ്മദ് അൽ അബ്ദുൽ ആലി അറിയിച്ചു.

സൗദിയിൽ പുതുതായി കോവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണം 119 ആണ്. ഇതോടെ രാജ്യത്ത് ആകെ കൊറോണ വൈറസ് ബാധിതരുടെ എണ്ണം 511 ആ‍യി. ഇതിൽ 18 പേർ പൂർണമായും രോഗം സുഖം പ്രാപിച്ച് ആശുപത്രി വിട്ടതായും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇപ്പോഴുള്ള ആരും ഗുരുതരാവസ്ഥയിലല്ല.

ഇന്നു രോഗം സ്ഥിരീകരിച്ചവരിൽ 72 പേർ മക്കയിലുള്ള തുർക്കി സ്വദേശികളാണ്. ഇവരെല്ലാം മുന്പു രോഗം വന്ന ആളുമായി സമ്പർക്കത്തിലുണ്ടായിരുന്നവരാണ്. പുതുതായി 34 പേരാണ് റിയാദിൽ നിന്നുള്ളവർ. നാല് പേർ ഖതീഫിലും 3 പേർ അൽഹസയിലുമാണ് രോഗബാധിതരായി ഐസൊലേഷൻ വാർഡുകളിൽ കഴിയുന്നത്. അൽ ഖോബാറിൽ മൂന്ന് പേരും ദഹ്റാൻ, അൽഖസീം, ദമ്മാം എന്നിവിടങ്ങളിൽ ഓരോരുത്തരും രോഗബാധ സ്ഥിരീകരിച്ചവരിൽ പെടുന്നു.
ഇതുവരെയായി 23000 കൊറോണ ടെസ്റ്റുകൾ രാജ്യത്ത് നടത്തിയതായി ആരോഗ്യ വകുപ്പ് വക്താവ് അറിയിച്ചു. ഇതിൽ ഭൂരിഭാഗവും രോഗികളുമായി സമ്പർക്കം പുലർത്തിയവരാണ്.

നമ്മളറിയാതെ നമ്മിലേക്ക് രോഗം പകരം സാധ്യതയുള്ള സാമൂഹിക കൂടിച്ചേരലുകൾ, മസ്ജിദുകളിലെ ഒന്നിച്ചുള്ള പ്രാർഥനകൾ എന്നിവയെല്ലാം പൂർണമായും രാജ്യത്ത് നിരോധിച്ചിരിക്കുകയാണ്. മാർക്കറ്റുകളിലും മറ്റും ആളുകൾ കൂടി നിൽക്കുന്നതും ഒഴിവാക്കണം. ഇത് ലംഘിക്കുന്നവർ കർശനമായ നിയമനടപടികൾ നേരിടേണ്ടി വരുമെന്നും വക്താവ് ആവർത്തിച്ചു.

രോഗബാധ സംശയിക്കുന്ന ആർക്കും ഉടനടി ആരോഗ്യ മന്ത്രാലയത്തിന്‍റെ 937 എന്ന ടോൾ ഫ്രീ നമ്പറിൽ വിളിക്കാവുന്നതാണ്. കൊറോണ വൈറസ് സംബന്ധിച്ച ആധികാരികമല്ലാത്ത വിവരങ്ങൾ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കരുതെന്നും ഇത്തരം വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും ആരോഗ്യ മന്ത്രാലയ വക്താവ് മുന്നറിയിപ്പു നൽകി.

റിപ്പോർട്ട്: ഷക്കീബ് കൊളക്കാടൻ