പൗരന്മാരെ തിരിച്ചെത്തിക്കുന്നതിന്റെ രണ്ടാം ഘട്ടം ഉടന്‍ ആരംഭിക്കുമെന്ന് വിദേശകാര്യ ഉപമന്ത്രി
Sunday, April 5, 2020 12:33 PM IST
കുവൈറ്റ് സിറ്റി : പൗരന്മാരെ തിരിച്ചെത്തിക്കുന്നതിന്റെ രണ്ടാം ഘട്ടം ഈ ആഴ്ച ആരംഭിക്കുമെന്നും ലോകത്ത് എവിടെയാണെങ്കിലും കുവൈറ്റി പൗരന്മാരെ നാട്ടിലെത്തിക്കുമെന്നും വിദേശകാര്യ ഉപ മന്ത്രി ഖാലിദ് അല്‍ ജറല്ല പ്രഖ്യാപിച്ചു. സ്വദേശികളെ കൊണ്ടുവരുന്നതിനുള്ള സജ്ജീകരണങ്ങള്‍ പൂര്‍ത്തിയാക്കി കൊണ്ടിരിക്കുകയാണ്. അതോടപ്പം തന്നെ ആരോഗ്യ അധികാരികള്‍ നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങള്‍ പാലിക്കുവാന്‍ നമ്മള്‍ ബാധ്യസ്ഥരാണെന്നും വിദേശത്ത് നിന്നും മടങ്ങിയെത്തുന്ന പൗരന്മാരെ നിരീക്ഷണത്തില്‍ വയ്ക്കുവാനുള്ള സൗകര്യങ്ങള്‍ അനുസരിച്ചായിരിക്കും അവരെ കൊണ്ടുവരികയെന്നും കുവൈറ്റ് ടിവിക്ക് നല്‍കിയ പ്രസ്താവനയില്‍ അദ്ദേഹം പറഞ്ഞു.

പ്രതിസന്ധിയുടെ ആദ്യ ദിവസം മുതല്‍ തന്നെ പൗരന്മാരുടെ തിരിച്ചുവരവിനായി മന്ത്രാലയം പ്രവര്‍ത്തിക്കാന്‍ തുടങ്ങിയിരുന്നു. വിദേശത്തെ പൗകുടുങ്ങിക്കിടക്കുന്നവരും രോഗികളുമായ പൗരന്മാരുടെ എണ്ണം പരിമിതമാണെന്നും മന്ത്രാലയത്തിന്റെ അടിയന്തര ഫോണ്‍ നമ്പറുകള്‍ ഏത് സമയത്തും ലഭ്യമാണെന്നും മന്ത്രി പറഞ്ഞു. പൗരന്മാരുടെ എണ്ണം കണക്കാക്കാന്‍ മന്ത്രാലയത്തില്‍ അടിയന്തര സമിതി രൂപീകരിക്കുകയും അവര്‍ നയതന്ത്ര ദൗത്യങ്ങള്‍ക്ക് നേതൃത്വം നല്കുകയും ചെയ്യുന്നുണ്ട്. കുടുങ്ങിക്കിടക്കുന്നവരും രോഗികളുമായ പൗരന്മാരുടെ എണ്ണം പരിമിതമാണെന്നും മന്ത്രാലയത്തിന്റെ അടിയന്തര ഫോണ്‍ നമ്പറുകള്‍ ലഭ്യമാക്കാനും എംബസികളോട് നിര്‍ദ്ദേശിച്ചതായും അദ്ദേഹം പറഞ്ഞു, വിദേശത്ത് ഏകദേശം 23,000 കുവൈറ്റ് വിനോദ സഞ്ചാരികളുണ്ടെന്നാണ് പ്രാഥമിക വിവരങ്ങളില്‍ നിന്നും മനസ്സിലാക്കിയത് . വിദേശത്തുള്ള എംബസികളോട് പൗരന്മാര്‍ക്ക് പാര്‍പ്പിടവും ഭക്ഷണവും നല്‍കണമെന്നും അവരുടെ സുരക്ഷ ഉറപ്പുവരുത്തണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടതായി അല്‍ ജറല്ല പറഞ്ഞു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍